കാസർകോട്: സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽനിന്ന്‌ അഴിമതിയും കൈക്കൂലിയും തുടച്ചുനീക്കുകയെന്ന ലക്ഷ്യത്തോടെ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ആവിഷ്കരിച്ച ‘പ്രോജക്ട് സീറോ’ പദ്ധതി ഫലം കണ്ടുതുടങ്ങി. ‘പ്രോജക്ട് സീറോ’ രണ്ടുമാസം പിന്നിട്ടപ്പോഴേക്ക് 10 സർക്കാർ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് ഒരുക്കിയ ‘കെണി’യിൽ കുടുങ്ങി. ഈ വർഷം ഇതിനുമുമ്പുള്ള അഞ്ചുമാസത്തിനിടെ ഏഴുപേർ മാത്രമാണ് ഇങ്ങനെ പിടിയിലായത്.

To advertise here,

പ്രോജക്ട് സീറോ തുടങ്ങിയശേഷം ആദ്യം ‘കെണി’യിലായത് പോലീസിലെ തന്നെ ഉദ്യോഗസ്ഥനാണെന്ന കൗതുകവുമുണ്ട്. അരലക്ഷം രൂപ കൈക്കൂലി വാങ്ങിയ ചേർത്തല ഡിവൈ.എസ്.പി.യെയാണ് മേയ് 27-ന് വിജിലൻസ് സംഘം കൈയോടെ പിടിച്ചത്. കോഴിക്കോട് ജില്ലാപഞ്ചായത്തിലെ ഫസ്റ്റ് ഗ്രേഡ് ഒാവർസിയർ, തിരൂർ നഗരസഭയിലെ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ, ഉപ്പള ഗ്രൂപ്പ് വില്ലേജ് ഒാഫീസിലെ കാഷ്വൽ സ്വീപ്പർ, കെ.എസ്.ഇ.ബി. ചാത്തന്നൂർ സെക്ഷൻ ഒാഫീസിലെ സബ് എൻജിനീയർ, കണ്ണൂർ ജില്ലാ ജില്ലാ മൈനിങ് ആൻഡ് ജിയോളജി ഒാഫീസിലെ മിനറൽ റവന്യൂ ഇൻസ്പെക്ടർ, കണ്ണൂർ കോർപ്പറേഷൻ എടക്കാട് സോണൽ ഒാഫീസിലെ അസി. എൻജിനീയർ, തൊടുപുഴ നഗരസഭയിലെ അസി. എക്സിക്യൂട്ടീവ് എൻജിനീയർ, ആലപ്പുഴ നൂറനാട് ലെപ്രസി സാനിറ്റോറിയത്തിലെ ഫിസിയോതെറാപ്പിസ്റ്റ്, തിരുവനന്തപുരം മുട്ടത്തറ വില്ലേജ് ഒാഫീസിലെ വില്ലേജ് അസിസ്റ്റന്റ് എന്നിവർ പിന്നാലെ കുടുങ്ങി.

വിജിലൻസ് കേസിൽ ഒരാൾ ഈ കാലയളവിൽ അറസ്റ്റിലായി. തിരുവനന്തപുരം കോർപ്പറേഷനിലെ മുൻ വ്യവസായ എക്സ്റ്റൻഷൻ ഒാഫീസറും നിലവിൽ കൊല്ലം താലൂക്ക് ഉപജില്ലാ വ്യവസായ ഒാഫീസറുമായ ടി.ആർ.പ്രവീൺരാജ്. തിരുവനന്തപുരം കോർപ്പറേഷനിൽ പൊതുവിഭാഗം വനിതകൾക്കായുള്ള സ്വയംതൊഴിൽ സംരംഭ പദ്ധതിയുടെ വായ്പാ തുകയുടെ സബ്സിഡി അനുവദിച്ചതിൽ ക്രമക്കേട് കാണിച്ച് 3.57 കോടി രൂപയുടെ ഫണ്ട് തട്ടിയതിനാണ് അറസ്റ്റ്. കൈക്കൂലിക്കേസിൽ ശിക്ഷയനുഭവിക്കാതെ ഒളിവിൽ കഴിഞ്ഞിരുന്ന ദേവികുളം മുൻ ബ്ലോക്ക് ഡിവലപ്മെന്റ് ഒാഫീസർ എം.ജി.അജയകുമാറിനെയും കോന്നി മുൻ വില്ലേജ് ഒാഫീസർ രാജു കെ.എബ്രഹാമിനെയും അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുകയും ചെയ്തു.

രണ്ട് സ്പെഷ്യൽ ഓപ്പറേഷനുകൾ

സ്പെഷ്യൽ ഓപ്പറേഷനുകളായ ‘ഓപ്പറേഷൻ ഭക്ഷ്യസുരക്ഷ’, ‘ഓപ്പറേഷൻ പാർപ്പിടം’ എന്നിവയുടെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ മിന്നൽ പരിശോധനയിൽ ഒട്ടേറെ ക്രമക്കേടുകളും അഴിമതിയും കണ്ടെത്തി. റേഷൻ വിതരണസംവിധാനത്തിലെ ക്രമക്കേടുകൾ കണ്ടെത്താനായിരുന്നു ‘ഒാപ്പറേഷൻ ഭക്ഷ്യസുരക്ഷ’.

വിജിലൻസിനെ വിളിക്കാം

അഴിമതി അറിയുകയാണെങ്കിൽ പൊതുജനങ്ങൾക്ക് വിജിലൻസിന് വിവരം നല്കാം. ടോൾഫ്രീ നമ്പരായ 1064-ലോ 8592900900 എന്ന നമ്പരിലോ വാട്സാപ്പ് നമ്പരായ 9447789100-ലോ വിവരം നൽകാമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അറിയിച്ചു.