കണ്ണൂർ: കേരളത്തെ ഞെട്ടിച്ച ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടം നടന്ന് അഞ്ചുമാസം പിന്നിടുമ്പോഴും അന്വേഷണം എങ്ങുമെത്തിയില്ല. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘം മാസങ്ങൾ പിന്നിട്ടിട്ടും റിപ്പോർട്ട് നൽകിയിട്ടില്ല.

To advertise here,

ജൂലായ്‌-24ന് പുലർച്ചെയാണ് കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് ഒറ്റക്കൈയുള്ള ഗോവിന്ദച്ചാമി ജയിൽചാടിയത്. മൂന്നുകിലോമീറ്റർ അകലെ തളാപ്പിലെ കിണറ്റിൽനിന്നാണ് പിടികൂടിയത്. പിന്നീട് വിയ്യൂർ അതിസുരക്ഷാ ജയിലിലേക്ക് മാറ്റി.

മുൻ ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ, മുൻ ഡിജിപി ജേക്കബ് പുന്നൂസ് എന്നിവരടങ്ങുന്ന പ്രത്യേകസംഘമാണ് ജയിൽച്ചാട്ടം അന്വേഷിക്കുന്നത്. റിപ്പോർട്ട് നൽകാൻ മൂന്നുമാസമാണ് അനുവദിച്ചതെങ്കിലും എല്ലാ ജയിലിലും പരിശോധന നടത്താൻ സമയം വേണ്ടിവരുമെന്നാണ് അന്വേഷണസംഘത്തിന്റെ നിലപാട്.

ഗോവിന്ദച്ചാമി ജയിൽചാടിയ സാഹചര്യവും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചകൾ സംഭവിച്ചിട്ടുണ്ടോയെന്നതും അന്വേഷിക്കാൻ ഓഗസ്റ്റ്‌ 19-ന് അന്വേഷണസംഘം കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിയിരുന്നു. ജയിലിന്റെ സുരക്ഷ ഉൾപ്പെടെ പഠിക്കാൻ എത്തിയ സംഘം നാലുമണിക്കൂർ മാത്രമാണ് ജയിലിനകത്ത് ചെലവഴിച്ചത്. ജയിൽ ഉദ്യോഗസ്ഥരിൽനിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞു. തുടർന്ന് ഗോവിന്ദച്ചാമിയെ പാർപ്പിച്ചിരുന്ന ബ്ലോക്ക്‌ മാത്രം സന്ദർശിച്ച്‌ മടങ്ങി.

വിശദമായി അന്വേഷിച്ചില്ലെന്ന് പരാതി

വിശദമായ അന്വേഷണം നടത്തിയില്ലെന്ന് ജയിൽജീവനക്കാർ അന്നുതന്നെ പരാതി പറഞ്ഞിരുന്നു.

തടവുകാരെ പാർപ്പിക്കുന്ന മറ്റ് ബ്ലോക്കുകൾ സന്ദർശിക്കാനോ തടവുകാരുമായി ആശയവിനിമയം നടത്താനോ അന്വേഷണസംഘം തയ്യാറായില്ലെന്ന ആക്ഷേപമുണ്ട്.

എല്ലാ ബ്ലോക്കുകളും പരിശോധന നടത്തി തടവുകാരുമായി ആശയവിനിമയം നടത്താൻ ജീവനക്കാർ ആവശ്യപ്പെട്ടെങ്കിലും റിപ്പോർട്ട് തന്നാൽ മതിയെന്നായിരുന്നു അന്വേഷണസംഘത്തിന്റെ നിലപാട്.

പിറ്റേന്ന് ജയിലിൽ എത്താതെ കണ്ണൂർ ഗസ്റ്റ് ഹൗസിൽ ചില ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയശേഷം സംഘം മടങ്ങി.

രണ്ടാദിവസം സ്ഥലത്തുണ്ടായിട്ടും ജയിൽ മുഴുവൻ നടന്നുകാണാതെയും തടവുകാരാടും ഉദ്യോഗസ്ഥരോടും ആശയവിനിമയം നടത്താതെയാണ് സംഘം റിപ്പോർട്ട് തയ്യാറാക്കി മടങ്ങിയതെന്നാണ് വിമർശനം.

എല്ലാം പഴയതുപോലെ

സെൻട്രൽ ജയിലിലെ നാല് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തതോടെ വകുപ്പുതല അന്വേഷണം ഏതാണ്ട് നിലച്ച നിലയിലാണ്. തുടർനടപടികളോ ജയിലിൽ പ്രത്യേക പരിശോധനയോ നടന്നിട്ടില്ല. ജയിലിനകത്തും പുറത്തും സുരക്ഷ വർധിപ്പിക്കാനുള്ള സംവിധാനവും നടപ്പായില്ല.

തടവറമാറ്റം അറിഞ്ഞില്ല

സെൻട്രൽ ജയിലിലെ ഏറ്റവും സുരക്ഷാസംവിധാനങ്ങളുള്ള 10-ാം ബ്ലോക്കിലെ അതിശ്രദ്ധ നൽകുന്ന ഡി സെല്ലിലാണ് ഗോവിന്ദച്ചാമിയെ പാർപ്പിച്ചിരുന്നത്. ജയിൽച്ചാട്ടത്തിന് മൂന്ന് മാസം മുൻപ് ഡി-യിൽനിന്ന്‌ ബി സെല്ലിലേക്ക് മാറ്റി. ജയിൽ അധികൃതരുടെ ഭാഷയിൽ പറഞ്ഞാൻ 'നോട്ടമില്ലാത്ത' സെൽ. മാറ്റിപ്പാർപ്പിച്ചത് ആരാണെന്നും എന്തിന് വേണ്ടിയെന്നും കണ്ടത്തിയില്ലെന്നാണ് വിവരം. സെൽമാറ്റം ഗുരുതരവീഴ്ചയായി വകുപ്പ് അന്വേഷണത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.