തിരുവനന്തപുരം: ഏറെ ചര്‍ച്ചചെയ്യപ്പെട്ട പോത്തന്‍കോട് കൊലപാതക കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്യുന്നതിലേക്ക് നയിച്ച പ്രധാന തെളിവ് കണ്ടെത്തിയ പോലീസ് നായ സാറ ഇനിയില്ല. വെഞ്ഞാറമൂട് കെ9 സ്‌ക്വാഡിലെ നായയാണ് സാറ. പോലീസ് സേനയില്‍ കയറിയതിന് ശേഷം സാറ ആദ്യം തെളിയിച്ച കേസായിരുന്നു ഇത്.
പോത്തന്‍കോട് അയിരൂപ്പാറ രാധാകൃഷ്ണന്‍ കൊലക്കേസിലെ പ്രതികളെ പിടികൂടാന്‍ സാറയുടെ സഹായം പോലീസിന് ഏറെ ഗുണം ചെയ്തിരുന്നു. അന്ന് കൊലക്കേസിലെ പ്രധാന തെളിവായ രക്തം പുരണ്ട വസ്ത്രവും പ്രതി ഉപയോഗിച്ച വെട്ടുകത്തിയും കണ്ടെടുക്കാന്‍ രണ്ടരക്കിലോമീറ്ററാണ് സാറ മണം പിടിച്ച് സഞ്ചരിച്ചത്.
സാറയുടെ ഈ സമാര്‍ഥ്യത്തിന് അന്ന് പോലീസ് റിവാര്‍ഡിന് ശുപാര്‍ശയും ചെയ്തിരുന്നു. 2021 ജനുവരിയിലാണ് കൊലപാതകം നടന്നത്. മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് അയിരുപ്പാറ ഹരിശ്രീ ടൂട്ടോറിയലിന് സമീപം താമസിക്കുന്ന അറപ്പുര വീട്ടില്‍ രാധാകൃഷ്ണനെ വെട്ടുകത്തിയും കൈമഴുവും ഉപയോഗിച്ച് വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു.
സംഭവത്തിലെ പ്രതികളെ സാറയുടെ മികവിലാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ നിരീക്ഷണത്തിലായിരുന്നുവെങ്കിലും തെളിവ് കണ്ടെടുക്കുന്നതില്‍ സാറ മികവ് കാട്ടിയതോടെ ഇവരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയായ അനിലിന്റെ വീട്ടില്‍ നിന്നാണ് തെളിവുകള്‍ കണ്ടെടുത്തത്.
പോത്തന്‍കോട് അയിരൂപ്പാറ രാധാകൃഷ്ണന്റെ സുഹൃത്തുക്കളായിരുന്നു കേസിലെ പ്രതികള്‍. ഇവര്‍ക്കെതിരെ മരിക്കുന്നതിന് മുമ്പ് രാധാകൃഷ്ണന്‍ മൊഴി കൊടുത്തിരുന്നു. എന്നാല്‍, കേസിലെ തെളിവ് കണ്ടെടുക്കാന്‍ സഹായിച്ചത് സാറയുടെ മികവാണ്.
ടെന്നീസ് പന്തു കൊണ്ട് കളിക്കുന്നതായിരുന്നു സാറയുടെ ഏറ്റവും പ്രധാനപ്പെട്ട വിനോദം. അതുകൊണ്ടുതന്നെ കേസിലെ പ്രതിയെ കണ്ടെത്തിയ നിമിഷംതന്നെ അവള്‍ക്ക് പന്ത് കൊടുത്തിരുന്നു. പന്ത് കയ്യില്‍ കിട്ടിയാല്‍ പിന്നെ വേറൊരു ലോകത്താണ് സാറ.
സാറയുടെ അച്ഛന്‍ പാര്‍ലമെന്റിന്റെ സുരക്ഷാ വിഭാഗത്തില്‍പ്പെട്ട പോലീസ് നായയാണ്. അമ്മ കാശ്മീര്‍ സുരക്ഷയുടെ സ്‌ക്വാഡില്‍പെട്ട നായയാണ്. സാറക്കൊപ്പം ജനിച്ച മറ്റു രണ്ടുപേരും കേരള പോലീസിന്റെ ഡോഗ് സ്‌ക്വാഡില്‍ സേവനമനുഷ്ഠിക്കുകയാണ്. വെഞ്ഞാറമൂട് പോലീസ് സേനയിലെ ഡോഗ് ഹാന്‍ഡിലര്‍മാരായ ധനേഷ്, മനോജ് എന്നിവര്‍ക്കായിരുന്നു സാറയുടെ ചുമതലയുണ്ടായിരുന്നത്.
പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ഔദ്യോഗിക ബഹുമതികളോടെ സാറയുടെ സംസ്‌കാരം നടത്തും.
Content Highlights: kerala police dog sara dies
Published: 14 Aug 2024, 12:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented