തിരുവനന്തപുരം: പൂജപ്പുരയിലെ സെൻട്രൽ ജയിലുൾപ്പെടെ സംസ്ഥാനത്തെ പല ജയിലുകളിലെയും ഉള്ളറകൾ നിയന്ത്രിക്കുന്നതു തടവുകാരിലെ ‘പ്രധാനികളാണ്’. കൊലപാതക കേസുകളിൽ ശിക്ഷിക്കപ്പെട്ടവരും കുപ്രസിദ്ധരായ ഗുണ്ടകളുമാണ് ഇവരെല്ലാം. ഇവരെക്കാൾ വിവിഐപികളാണ് രാഷ്ട്രീയകുറ്റകൃത്യങ്ങളിലെ തടവുകാർ. ജയിൽ ഉദ്യോഗസ്ഥർക്കും ഇവരെ ഭയമാണ്. ഉദ്യോഗസ്ഥരെ നിയന്ത്രിക്കാനും ഏതൊക്കെ സെക്ഷനിൽ ആരൊക്കെ ജോലി ചെയ്യണമെന്നു തീരുമാനിക്കാനുമുള്ള സ്വാധീനംവരെയുള്ള തടവുകാരുണ്ട്. ചില ഉന്നത ഉദ്യോഗസ്ഥരും ഇവർക്കൊപ്പം നിൽക്കുന്നതായാണ് ആരോപണം.
ഹരിഹരവർമ വധക്കേസിൽ ഇരട്ട ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെൻട്രൽ ജയിലിൽ കിടക്കുന്ന അജീഷ്, ആറ്റിങ്ങൽ ഇരട്ടക്കൊലപാതക കേസ് പ്രതി നിനോ മാത്യു, അമ്പലംമുക്ക് കൃഷ്ണകുമാർ, കൊല്ലം ജില്ലയിലെ കൊലക്കേസുകളിലെ പ്രതികളായ ശിവസുതൻ, ഷേണു, കാട്ടുണ്ണി എന്ന രഞ്ജിത് തുടങ്ങി ജയിലിലെ ‘വിഐപി’കൾ നിരവധിയാണ്. തടവുകാർക്ക് എന്തു ജോലിയാണ് നൽകേണ്ടതെന്നു നിശ്ചയിക്കുന്നത് നിനോ മാത്യുവാണെന്നത് പരസ്യമായ രഹസ്യമാണ്.
ജയിലിനകത്ത് കഞ്ചാവടക്കമുള്ള മയക്കുമരുന്നുകൾ കൈകാര്യം ചെയ്യുന്നത് കൊല്ലം ജില്ലയിലെ ഒരു കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിയാണ്. അടുക്കളവഴിയും മയക്കുമരുന്നുകൾ ജയിലിലെത്തുന്നുണ്ടെന്നും ആരോപണമുണ്ട്. അടുക്കളയുടെ ചുമതലയുള്ള മേശിരിക്കും ഇതിൽ പ്രധാന പങ്കുണ്ടെന്നാണ് ആരോപണം. ആശുപത്രിയുടെ ചുമതലയുള്ള മേശിരിയും ജയിലിലെ പ്രധാനികളിൽ ഒരാളാണ്. ഫോൺ സെക്ഷന്റെ സൗകര്യം, പരോൾ എന്നിവ ഉപയോഗിച്ച് പുറത്തും അകത്തുമുള്ള കാര്യങ്ങൾ നിയന്ത്രിക്കുന്നത് ഇവരാണ്. ‘സെറ്റിൽമെന്റ്’ എന്ന കോഡ് നാമത്തിലാണ് ഈ ഇടപാടുകൾ അറിയപ്പെടുന്നത്. പരിചിതമായ നമ്പരുകളിലേക്കു വിളിച്ച് കോൺഫറൻസ് കോൾ ചെയ്താണ് പലപ്പോഴും പുറത്തുള്ള ‘ഡീലുകൾ’ സെറ്റിൽ ചെയ്യുന്നത്.
ഇത്തരം, ഫോൺവഴിയുള്ള മയക്കുമരുന്ന് ഡീലുകൾ കണ്ടെത്തി താഴെക്കിടയിലുള്ള ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ഉന്നത ഇടപെടലിൽ ഇതെല്ലാം ഒതുക്കിത്തീർക്കുന്നുണ്ടെന്നാണ് ആരോപണം. ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനി തിരുവനന്തപുരത്തുണ്ടായിരുന്ന സമയത്ത് സ്വർണംപൊട്ടിക്കലും കഞ്ചാവുകടത്തും അടക്കമുള്ളവ ഡീൽ ചെയ്തത് കണ്ടെത്തിയിരുന്നു. ഫോൺകോളുകൾ റെക്കോഡ് ചെയ്യുന്നുണ്ട്. പണവും സ്വാധീനവുമുള്ളവരിൽനിന്നു ചില ഉദ്യോഗസ്ഥർ പണം കൈപ്പറ്റുന്നതായും ആരോപണമുണ്ട്. മുൻപ് ചില അന്വേഷണങ്ങൾ നടന്നെങ്കിലും എങ്ങുമെത്തിയില്ല. അടുത്തകാലത്ത് ജയിലിൽ നടന്ന ഒരു മോഷണത്തിലും ചില ഉദ്യോഗസ്ഥർ സംശയനിഴലിലാണ്.
നിയന്ത്രിക്കുന്നവർക്കെതിരേ പരാതി
കൃത്യമായി ജോലിചെയ്യുന്ന, തങ്ങളുടെ ആവശ്യങ്ങൾക്ക് വഴങ്ങാത്ത ഉദ്യോഗസ്ഥർക്കെതിരേ നിരന്തരം പരാതികൾ നൽകിയാണ് തടവുകാരുടെ പ്രതികാരം. തുടർച്ചയായി അന്വേഷണവും വകുപ്പുതല നടപടികളും വരുന്നതോടെ ഉദ്യോഗസ്ഥരുടെ മനോവീര്യം തകരും. സ്വയം മുറിവുകളുണ്ടാക്കി അത് ഉദ്യോഗസ്ഥർ മർദിച്ചതാണെന്നു പരാതിനൽകുന്നതു കാലങ്ങളായി നടന്നുവരുന്നതാണ്. തടവുകാരുമായി നിരന്തരം ഇടപഴകേണ്ടിവരുന്നത് അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാർക്കാണ്. അവരെ സമ്മർദത്തിലാക്കാനാണ് തടവുകാരുടെ ശ്രമം. കാപ്പ കേസ് പ്രതികൾ ഉദ്യോഗസ്ഥർക്കും ബന്ധുക്കൾക്കുംനേരേ വധഭീഷണിവരെ ഉയർത്താറുണ്ട്.
മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കു കൊണ്ടുപോയപ്പോൾ വിലങ്ങിട്ട ഉദ്യോഗസ്ഥനെ ആശുപത്രിച്ചുമതലയിൽനിന്നു മാറ്റിയത് അടുത്ത കാലത്താണ്. ജയിലിൽ സുരക്ഷാവീഴ്ചയുണ്ടായാൽ നടപടിയെടുക്കുന്നതു താഴെക്കിടയിലുള്ള ജീവനക്കാർക്കുനേരേ മാത്രമാണ്. ഏതാനും മാസംമുൻപ് തടവുചാടി പിടിക്കപ്പെട്ട മണികണ്ഠൻ എന്ന തടവുകാരനെ വീണ്ടും ജയിലിൽ ജോലികൾ നൽകി. പക്ഷേ, ആ സംഭവത്തിൽ സ്ഥലംമാറ്റപ്പെട്ട അസിസ്റ്റന്റ് പ്രിസൺ ഓഫീസർ കാസർകോടും ഡെപ്യൂട്ടി പ്രിസൺ ഓഫീസർ കണ്ണൂരുമാണ് ഇപ്പോഴും ജോലിചെയ്യുന്നത്. എന്നാൽ, നിയമം മറികടന്ന് ഇയാൾക്ക് പുറത്ത് ഡ്യൂട്ടി നൽകിയ ഉദ്യോഗസ്ഥർ സുരക്ഷിതരാണ്. 900-ത്തോളംപേരെ ഉൾക്കൊള്ളാവുന്ന സെൻട്രൽ ജയിലിൽ 2000-ത്തോളം തടവുകാരാണ് ഇപ്പോഴുള്ളത്.
കൂടാതെ ജയിൽ വ്യാപാരകേന്ദ്രീകൃതമാക്കിയതോടെ വിപണനസ്ഥാപനങ്ങളിലേക്കുള്ള തടവുകാരെ നോക്കാനും ഉദ്യോഗസ്ഥരെയാണ് നിയോഗിക്കുക. എന്തെങ്കിലും വീഴ്ച സംഭവിച്ചാൽ അപ്പോൾ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥനെ ബലിയാടാക്കുകയാണു പതിവ്.
കൃഷ്ണകുമാറിന്റെ മുടിയിൽതൊടാതെ
കൊലപാതക കേസുകളിൽ ശിക്ഷിക്കപ്പെട്ട അമ്പലംമുക്ക് കൃഷ്ണകുമാറാണ് ഇപ്പോൾ ജയിലിലെ ഫാഷൻ മോഡൽ. ഏഴുവർഷത്തിലേറെയായി കൃഷ്ണകുമാർ ജയിലിൽ മുടിയും താടിയും വളർത്തുന്നുണ്ട്. എന്നാൽ ഇതു മുറിക്കാൻപറയാൻ ഉന്നത ഉദ്യോഗസ്ഥർപോലും തയ്യാറല്ല. കോടതിയിൽ കൊണ്ടുപോകുമ്പോൾ ഇതു കെട്ടിവയ്ക്കുകയാണു പതിവ്. ജയിൽച്ചട്ടങ്ങൾക്കു വിരുദ്ധമാണ് മുടിയും താടിയും വളർത്തൽ. അമ്പലംമുക്ക് കൃഷ്ണകുമാറിനെക്കണ്ട് കാട്ടുണ്ണി രഞ്ജിത്തടക്കം പല പ്രതികളും മുടി വളർത്തിത്തുടങ്ങി. കൃഷ്ണകുമാറിനാകാമെങ്കിൽ തങ്ങൾക്കുമാകാം എന്നാണ് ഇവരുടെ മറുപടി.
Content Highlights: Kerala Prisons Under Scrutiny: Inmate Control and Alleged Official Complicity
Published: 30 Jul 2025, 10:53 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented