മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ ഒരുമാസം പ്രായമുള്ള കുഞ്ഞിനെ സ്വന്തം മാതാപിതാക്കൾ 1.20 ലക്ഷം രൂപയ്ക്ക് വിറ്റതായി ആരോപണം. ലഭിച്ച പണം ഉപയോഗിച്ച് ദമ്പതികൾ രണ്ട് വിലകൂടിയ മൊബൈൽ ഫോണുകളും ഒരു സ്വർണമാലയും വാങ്ങിയതായി പോലീസ് വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മുകുന്ദ്വാഡി പ്രദേശത്താണ് സംഭവം.

To advertise here,

പോലീസ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നതനുസരിച്ച്, കുഞ്ഞ് പലരിലൂടെയും കൈമാറ്റം ചെയ്യപ്പെട്ടാണ് ഒടുവിൽ ഹൈദരാബാദിൽ എത്തിയത്. കുഞ്ഞ് നാല് തവണയെങ്കിലും വിൽക്കപ്പെട്ടതായി പോലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ സംസ്ഥാനത്തിനകത്തും പുറത്തും പ്രവർത്തിക്കുന്ന ശിശുക്കടത്ത് സംഘത്തെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ലഭിച്ചതായി പോലീസ് അറിയിച്ചു.

മാതാപിതാക്കൾ കുഞ്ഞിനെ സീമ രേഷ്‌വാൾ എന്ന സ്ത്രീക്ക് 1.20 ലക്ഷം രൂപയ്ക്കാണ് വിറ്റത്. ഈ പണം ഉപയോഗിച്ച് ദമ്പതികൾ വാങ്ങിയ രണ്ട് ഫോണുകളും സ്വർണമാലയും അന്വേഷണത്തിന്റെ ഭാഗമായി പോലീസ് പിടിച്ചെടുത്തു. തുടർന്ന്, സീമ കുഞ്ഞിനെ പഡേഗാവ് സ്വദേശിയായ സംഗീത അവ്ഹാഡിന് 2.70 ലക്ഷം രൂപയ്ക്ക് വിറ്റു. സംഗീത കുഞ്ഞിനെ നന്ദേഡിലെത്തിച്ച് വ്യാജ ഡോക്ടറായ സുരേഷ് ഗുന്തുക്കയ്ക്ക് കൈമാറി. ഗുന്തുക്ക കുഞ്ഞിനെ 3.50 ലക്ഷം രൂപയ്ക്കാണ് വാങ്ങിയത്. നാലാം ഘട്ടത്തിലാണ്, കുഞ്ഞിനെ ഹൈദരാബാദിൽ താമസിക്കുന്ന തന്റെ ബന്ധുവായ ഉമ ഖട്ഗമിന് 3.50 ലക്ഷം രൂപയ്ക്ക് കൈമാറിയത്.

കേസുമായി ബന്ധപ്പെട്ട്, കുഞ്ഞിന്റെ മാതാപിതാക്കൾ ഉൾപ്പെടെ ഈ നിയമവിരുദ്ധ ഇടപാടുകളിൽ പങ്കാളികളായ ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സീമ രേഷ്‌വാൾ, സംഗീത അവ്ഹാഡ്, സുരേഷ് ഗുന്തുക്ക എന്നിവരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. ഈ സംഭവത്തിന് പിന്നിലെ പൂർണമായ ശൃംഖല കണ്ടെത്താനും ഓരോരുത്തരുടെയും പങ്ക് വ്യക്തമാക്കാനും പോലീസ് പ്രതികളെ ചോദ്യംചെയ്തുവരികയാണ്.

പ്രതികൾ മുൻപും സമാനമായ രീതിയിൽ കുഞ്ഞുങ്ങളെ നിയമവിരുദ്ധമായി വിൽക്കുന്നതിൽ പങ്കാളികളായിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ഹൈദരാബാദിൽനിന്ന് കുഞ്ഞിനെ സുരക്ഷിതമായി കണ്ടെത്താനുള്ള ശ്രമങ്ങൾ പോലീസ് ഊർജിതമാക്കിയിട്ടുണ്ട്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.