കൊച്ചി: സ്വകാര്യമായി മൊബൈല് ഫോണില്‍ അശ്ലീല വീഡിയോയോ ചിത്രമോ കാണുന്നത് കുറ്റമല്ലെന്ന് ഹൈക്കോടതി. അശ്ലീല വിഡിയോയോ ചിത്രമോ വിതരണം ചെയ്യുകയോ പൊതു സ്ഥലത്ത് പ്രദര്‍ശിപ്പിക്കുകയോ ചെയ്യുമ്പോള്‍ മാത്രമാണ് ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരമുള്ള കുറ്റമായി മാറുകയുള്ളുവെന്നും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍ ഉത്തരവില്‍ വ്യക്തമാക്കി. രാത്രിയില്‍ റോഡരികില്‍നിന്ന് മൊബൈല്‍ ഫോണിൽ അശ്ലീല വീഡിയോ കണ്ടതിന് എറണാകുളം കറുകുറ്റി സ്വദേശിക്കെതിരേ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് സിംഗിള്‍ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
മറ്റാരും കാണാതെ സ്വകാര്യമായി അശ്ലീല വീഡിയോ കാണുന്നത് കുറ്റമാണോ എന്നതാണ് കോടതി പരിശോധിച്ചത്. അശ്ലീലസാഹിത്യം നൂറ്റാണ്ടുകളായി നിലവിലുണ്ട്. ഡിജിറ്റല്‍ യുഗത്തില്‍ അവ ഫിംഗർടിപ്പ്സിൽ ലഭിക്കുന്ന അവസ്ഥയിലെത്തി. അശ്ലീല വീഡിയോ കാണുക എന്നത് സ്വകാര്യമായ തിരഞ്ഞെടുപ്പാണ്. അതില്‍ ഇടപെടുന്നത് സ്വകാര്യതയിലേയ്ക്കുള്ള നുഴഞ്ഞുകയറ്റമാകും. അതിനാല്‍ അതിനെ കുറ്റമായി പ്രഖ്യാപിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. പ്രായപൂര്‍ത്തിയായ പുരുഷനും സ്ത്രീയും തമ്മിലുള്ള ഉഭയസമ്മത പ്രകാരമുള്ള ലൈംഗികത കുറ്റമല്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
ഹര്‍ജിക്കാരന്‍ ആലുവയില്‍ രാത്രിയില്‍ റോഡരികില്‍നിന്ന് അശ്ലീല വീഡിയോ കാണുമ്പോഴാണ് പട്രോളിങ് നടത്തുകയായിരുന്ന പോലീസ് പിടികൂടിയത്. തുടര്‍ന്ന് ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ അന്തിമ റിപ്പോര്‍ട്ടും ഫയല്‍ ചെയ്തു. ഇത് റദ്ദാക്കണം എന്ന ആവശ്യമാണ് കോടതി അംഗീകരിച്ചത്.
കുട്ടികളെ സന്തോഷിപ്പിക്കാന്‍ മൊബൈല്‍ ഫോണ്‍ നല്‍കരുതെന്ന് കോടതി
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ സന്തോഷിപ്പിക്കാനായി ഒരിക്കലും മൊബൈല്‍ ഫോണ്‍ സമ്മാനമായി നല്‍കരുതെന്നും കോടതി മുന്നറിയിപ്പ് നല്‍കി. ഉത്തരവിന് അനുബന്ധമായാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
അശ്ലീല വീഡിയോ കാണുന്നത് കുറ്റമല്ലെങ്കിലും പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ കണ്ടാല്‍ അനന്തരഫലം വലുതായിരിക്കും. നിഷ്‌കളങ്കരായ മാതാപിതാക്കള്‍ കുട്ടികളെ സന്തോഷിപ്പിക്കാനായി മൊബൈല്‍ ഫോണ്‍ നല്‍കും. അതിനുശേഷം അവര്‍ അതില്‍ എന്തു ചെയ്യുന്നു എന്നുപോലും ശ്രദ്ധിക്കാതെ ജോലിയില്‍ മുഴുകും.
രുചികരമായ ഭക്ഷണം തയ്യാറാക്കുകയും പിറന്നാളിന് കേക്ക് മുറിയ്ക്കുകയും ചെയ്യുന്നതിന് പകരമായി മാതാപിതാക്കള്‍ കുട്ടികള്‍ക്ക് സമ്മാനമായി നല്‍കുന്നത് ഇന്റര്‍നെറ്റ് കണക്ഷനുള്ള മൊബൈല്‍ഫോണുകളാണ്. അതിന്റെ അപകടം തിരിച്ചറിയണം.
കുട്ടികള്‍ മാതാപിതാക്കളുടെ മൊബൈല്‍ഫോണ്‍ വഴി വിജ്ഞാനപ്രദമായ വാര്‍ത്തകളും വീഡിയോകളും കാണട്ടെ. ഒഴിവു സമയത്ത് അവര്‍ ക്രിക്കറ്റും ഫുട്‌ബോളും മറ്റും കളിക്കട്ടെ. രാജ്യത്തിന്റെ പ്രതീക്ഷയായി വളരേണ്ട ആരോഗ്യമുള്ള യുവതലമുറയ്ക്ക് അനിവാര്യമാണത്. ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്ത് വരുത്തുന്ന ഭക്ഷണത്തിന് പകരമായി കുട്ടികള്‍ അമ്മയുണ്ടാക്കിയ രുചികരമായ ഭക്ഷണം ആസ്വദിക്കട്ടെ. ഭക്ഷണം തയ്യാറാക്കുന്ന സമയം അവര്‍ ഗ്രൗണ്ടില്‍ കളിക്കട്ടെ. അതിന് ശേഷം അമ്മയുണ്ടാക്കിയ ഭക്ഷണം ആസ്വദിച്ച് കഴിക്കട്ടെ എന്നും കോടതി അഭിപ്രായപ്പെട്ടു. ബാക്കിയെല്ലാം മാതാപിതാക്കളുടെ വിവേകത്തിനായി വിടുകയാണെന്നും കോടതി പറഞ്ഞു.
Content Highlights: kerala highcourt says privately watching porn in mobile phone is not an offence
Published: 13 Sept 2023, 10:52 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented