പാലക്കാട്: കച്ചവടതാത്പര്യത്തോടെ കുടുംബശ്രീ സംവിധാനത്തെ ഉപയോഗിക്കാന്‍ അനുവദിക്കരുതെന്ന് സംസ്ഥാന കുടുംബശ്രീമിഷന്‍ മൂന്നുമാസംമുന്നേ ജീവനക്കാര്‍ക്കും അംഗങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നിട്ടും പാതിവിലത്തട്ടിപ്പിന് പലയിടത്തും കുടുംബശ്രീയുടെ പേരില്‍ ഗുണഭോക്താക്കളെ കണ്ടെത്തിയതായാണ് വിവരം.

To advertise here,

നാഷണല്‍ എന്‍.ജി.ഒ. കോണ്‍ഫെഡറേഷന്റെ ഇരുചക്രവാഹന വിതരണത്തിന് ഗുണഭോക്താക്കളെത്തേടി സന്നദ്ധസംഘടനകളാണ് കുടുംബശ്രീയെ സമീപിച്ചത്. സി.ഡി.എസ്. ഓഫീസുകളിലൂടെ കൂടുതല്‍ സ്ത്രീകളെ പദ്ധതിയുടെ ഭാഗമാക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍, സംസ്ഥാനമിഷന്‍ ഓഫീസ് ജില്ലാ ഓഫീസ് മുതല്‍ താഴെത്തട്ടിലുള്ള ഓഫീസുകള്‍ക്കുവരെ മൂന്നുമാസംമുമ്പുതന്നെ കത്തിലൂടെ മുന്നറിയിപ്പ് നല്‍കി. ജീവനക്കാര്‍ സ്വകാര്യ സന്നദ്ധസംഘടനകളുമായി ഒരുബന്ധവും സൂക്ഷിക്കരുതെന്നായിരുന്നു ഉള്ളടക്കം. സംഭവം ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പും നല്‍കി. എങ്കിലും താഴെത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന ചില ജീവനക്കാരെ ഉപയോഗിച്ച് സന്നദ്ധസംഘടനകള്‍ ഗുണഭോക്താക്കളെ കണ്ടെത്തി. കുടുംബശ്രീപദ്ധതിയെന്ന പേരില്‍ത്തന്നെ ആളുകളെ ചേര്‍ത്തു. പണം നഷ്ടപ്പെട്ടവര്‍ പോലീസ് സ്റ്റേഷനുകളിലെത്തി പരാതിപറഞ്ഞതില്‍നിന്നാണ് കുടുംബശ്രീയുടെ വിശ്വാസത്തിലാണ് പലരും ഇരുചക്രവാഹനത്തിന് അപേക്ഷിച്ചതെന്ന വിവരവും പുറത്തുവന്നത്.

2024 ഒക്ടോബര്‍ 29-നാണ് കുടുംബശ്രീ സംസ്ഥാനമിഷന്‍ താഴെത്തട്ടിലുള്ള ഓഫീസുകളിലേക്ക് കത്തയച്ചത്. കുടുംബശ്രീയുടെ വിശ്വാസ്യത ചില സ്വകാര്യ ഏജന്‍സികള്‍ ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടെന്നും കച്ചവട താത്പര്യത്തോടെ കുടുംബശ്രീയുടെ സംഘടനാസംവിധാനത്തെ ഉപയോഗിക്കുന്ന രീതിയില്‍ ഏജന്‍സികളുടെ കടന്നുകയറ്റം അനുവദിക്കാന്‍ പാടില്ലെന്നുമായിരുന്നു കത്തില്‍. ജില്ലാമിഷനുകളുടെ അംഗീകാരമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ സി.ഡി.എസ്. ഓഫീസുകളില്‍ നടത്താന്‍പാടില്ലെന്ന കര്‍ശന നിര്‍ദേശം നല്‍കി. ആരെങ്കിലും സമീപിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനടി ജില്ലാമിഷന്‍ കോഡിനേറ്ററുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും നിര്‍ദേശമുണ്ടായിരുന്നു. നിരീക്ഷണം ശക്തമാക്കി സംഭവങ്ങള്‍ സംസ്ഥാനമിഷനില്‍ അറിയിക്കാനും ജില്ലാ കോഡിനേറ്റര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നിട്ടും 'കുടുംബശ്രീ പദ്ധതി' എന്ന പേരില്‍ തട്ടിപ്പുനടന്നു

ആനന്ദകുമാറും അനന്തുവും കബളിപ്പിച്ചു

തിരുവനന്തപുരം: പാതിവിലയ്ക്ക് സ്‌കൂട്ടര്‍ തട്ടിപ്പ് സംഭവത്തില്‍ നാഷണല്‍ എന്‍.ജി.ഒ. കോണ്‍ഫെഡറേഷന്‍ ആജീവനാന്ത അധ്യക്ഷന്‍ കെ.എന്‍.ആനന്ദകുമാറും ദേശീയ സെക്രട്ടറി അനന്തുകൃഷ്ണനും ചേര്‍ന്ന് കബളിപ്പിച്ചതായി വിവിധ സന്നദ്ധ സംഘടനാ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. സ്ത്രീകളുടെ ശാക്തീകരണത്തിനായി പകുതി വിലയ്ക്ക് തയ്യല്‍ മെഷീന്‍, ടൂവീലര്‍, ജൈവവളം, സ്‌കൂട്ടര്‍ എന്നിവ വിതരണം ചെയ്യാമെന്ന് ആനന്ദകുമാറാണ് അറിയിച്ചത്. ഇതിനായി ജില്ലയിലെ വിവിധ സന്നദ്ധ സംഘടനകളുടെ യോഗം 2021-ല്‍ ചേര്‍ന്നിരുന്നു. ഇതിന്റെ ഭാഗമായാണ് പദ്ധതിയിലേക്ക് ഗുണഭോക്താക്കളെ ചേര്‍ത്തത്.

ഗുണഭോക്താക്കളെ കണ്ടെത്തി അവരില്‍ നിന്നും 50 ശതമാനം തുക ഈടാക്കി നാഷണല്‍ എന്‍.ജി.ഒ. കോണ്‍ഫെഡറേഷന്റെ നിര്‍ദേശപ്രകാരം അനന്തുകൃഷ്ണന്റെ കമ്പനികളുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുകയായിരുന്നു. നിലവില്‍ 960 പേരില്‍ നിന്നായി വാങ്ങിനല്‍കിയ ആറുകോടിയോളം രൂപ നഷ്ടമായ സ്ഥിതിയാണ്. തട്ടിപ്പില്‍ നേരിട്ട് പങ്കില്ല. പത്രസമ്മേളനത്തില്‍ ആര്‍.എസ്.ശ്രീകുമാര്‍, സുരേഷ് കുമാര്‍, ഷൈനി, ഹജി കുമാര്‍, കെ.എസ്.സാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. -സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍

സ്‌കൂട്ടര്‍തട്ടിപ്പ് പരാതിയുമായി കൂടുതല്‍പ്പേര്‍ രംഗത്ത്

കോഴിക്കോട്: പകുതിവിലയ്ക്ക് സ്‌കൂട്ടര്‍ വാഗ്ദാനംചെയ്തുള്ള തട്ടിപ്പിനെതിരേ കൂടുതല്‍പ്പേര്‍ പരാതിയുമായി രംഗത്ത്. നടക്കാവ് സ്റ്റേഷനില്‍ മാത്രം 2.72 കോടിയുടെ തട്ടിപ്പിന്റെ പരാതികളാണ് വന്നത്. 160 പേരെയാണ് വഞ്ചിച്ചതെന്ന് പോലീസ് പറഞ്ഞു. കൂടുതല്‍പ്പേര്‍ ശനിയാഴ്ച പരാതിയുമായി വന്നിരുന്നെങ്കിലും അവരോട് കേസില്‍ കക്ഷിചേരാനാണ് പോലീസ് ആവശ്യപ്പെട്ടത്.

ജില്ലയില്‍ 3211 സ്‌കൂട്ടര്‍, 1466 ലാപ്‌ടോപ്പ്, 731 വീട്ടുപകരണങ്ങള്‍, 36 ഫോണ്‍ എന്നിവ നല്‍കാനുണ്ട്. നാഷണല്‍ എന്‍.ജി.ഒ. കോണ്‍ഫെഡറേഷനാണ് പലസംഘടനകളെയും ഉപയോഗിച്ച് ഇതിനായി പണംപിരിച്ചത്.

20 കോടിയുടെ തട്ടിപ്പെങ്കിലും നടന്നതായാണ് കരുതുന്നത് ഓഫര്‍തട്ടിപ്പില്‍ പെട്ടതായി താമരശ്ശേരി രൂപതയുടെ സാമൂഹ്യസേവനവിഭാഗമായ സി.ഒ.ഡി.(സെന്റര്‍ ഫോര്‍ ഓവറോള്‍ ഡിവലപ്‌മെന്റ്)യും പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. 81 സ്‌കൂട്ടറുകള്‍ പകുതിവിലയ്ക്ക് നല്‍കാമെന്ന് വാഗ്ദാനംചെയ്ത് 46.80 ലക്ഷം രൂപയാണ് ഗുണഭോക്തൃവിഹിതമായി സി.ഒ.ഡി. മുഖേന നാഷണല്‍ എന്‍.ജി.ഒ. കോണ്‍ഫെഡറേഷന്‍ ഭാരവാഹികള്‍ കൈപ്പറ്റിയത്. നാഷണല്‍ എന്‍.ജി.ഒ. കോണ്‍ഫെഡറേഷന്റെ ചെയര്‍മാന്‍ കെ.എന്‍. അനന്തകുമാര്‍, കോഡിനേറ്റര്‍ അനന്തുകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതിയുടെപേരില്‍ പണം കൈപ്പറ്റിയതെന്നാണ് താമരശ്ശേരി പോലീസില്‍ സി.ഒ.ഡി. നല്‍കിയ പരാതിയില്‍ പറയുന്നത്.

220 സ്‌കൂട്ടര്‍, 95 ലാപ്ടോപ്പ്, 120 ഗൃഹോപകരണങ്ങള്‍ എന്നിവ വാഗ്ദാനംചെയ്ത് 1.67 കോടി രൂപ നാഷണല്‍ എന്‍.ജി.ഒ. കോണ്‍ഫെഡറേഷന്റെ നേതൃത്വത്തില്‍ കൈപ്പറ്റിയതായിക്കാണിച്ച് താമരശ്ശേരി ഇന്റഗ്രേറ്റഡ് ഡിവലപ്‌മെന്റ് സെന്റര്‍ വെള്ളിയാഴ്ച താമരശ്ശേരി പോലീസില്‍ പരാതിനല്‍കിയിരുന്നു.

കോടഞ്ചേരി ഗ്രാമശ്രീ മിഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴില്‍ 103 സ്‌കൂട്ടറും 86 ലാപ്ടോപ്പും ഇനിയും ഉപഭോക്താക്കള്‍ക്ക് നല്‍കാനുണ്ട്. ഇതിനായി അവരില്‍നിന്ന് ഗുണഭോക്തൃവിഹിതമായി സ്വീകരിച്ച 1.9 കോടി രൂപ നാഷണല്‍ എന്‍.ജി.ഒ. കോണ്‍ഫെഡറേഷന്‍ നിര്‍ദേശമനുസരിച്ച് ട്രസ്റ്റ് അടച്ചതായി ചെയര്‍മാന്‍ ജോയി നെടുമ്പള്ളി പറഞ്ഞു.

ഗുണഭോക്താക്കള്‍ ഓഫീസിലെത്തി ബഹളംവെച്ചതിനെത്തുടര്‍ന്ന്, ഫെബ്രുവരി 13-ന് പ്രശ്‌നം ചര്‍ച്ചചെയ്യാമെന്ന് ചെയര്‍മാന്‍ പരാതിക്കാര്‍ക്ക് ഉറപ്പുനല്‍കിയതിനെത്തുടര്‍ന്ന് ആളുകള്‍ പിരിഞ്ഞുപോവുകയായിരുന്നു. കോണ്‍ഫെഡറേഷനെതിരേ ജോയ് നെടുമ്പള്ളി കോടഞ്ചേരി പോലീസില്‍ പരാതിനല്‍കിയിട്ടുണ്ട്.

പണംവാങ്ങി വഞ്ചിച്ചെന്നുപറഞ്ഞ് സമഗ്ര ബാലുശ്ശേരിക്കെതിരേ 24 വനിതകളാണ് ബാലുശ്ശേരി പോലീസ് സ്റ്റേഷനില്‍ പരാതിനല്‍കിയത്. ബാലുശ്ശേരി, പനങ്ങാട്, ഉണ്ണികുളം, നന്മണ്ട, കാക്കൂര്‍, ഉള്ളിയേരി നടുവണ്ണൂര്‍ തുടങ്ങി വിവിധസ്ഥലങ്ങളിലുള്ളവരാണ് പണംനഷ്ടപ്പെട്ടവര്‍.

സമഗ്രയുടെ ബാലുശ്ശേരി എസ്.ബി.ഐ. അക്കൗണ്ടിലേക്ക് 2024 മാര്‍ച്ച് മാസത്തിലാണ് വനിതകള്‍ അറുപതിനായിരവും, അന്‍പത്താറായിരവും വീതം അടച്ചത്. അതുകൊണ്ട് പണം തിരിച്ചുതരേണ്ട ഉത്തരവാദിത്വം സമഗ്രയ്ക്കാണെന്ന് വനിതകള്‍ ബാലുശ്ശേരി പോലീസ് സ്റ്റേഷനില്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.