കോഴിക്കോട്: ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് വീഡിയോ പ്രചരിപ്പിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതിയായ ഷിംജിത മുസ്തഫ ഒളിവിൽപോയെന്ന് സൂചന. കോഴിക്കോട് ഗോവിന്ദാപുരം സ്വദേശി യു. ദീപക്കി(41)ന്റെ മരണവുമായി ബന്ധപ്പെട്ടാണ് വടകര സ്വദേശിനിയായ ഷിംജിതയ്‌ക്കെതിരേ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി പോലീസ് കഴിഞ്ഞദിവസം കേസെടുത്തത്. അതേസമയം, ഇതിനുപിന്നാലെ യുവതി ഒളിവിൽപോയെന്നാണ് സൂചന. യുവതി വിദേശത്തേക്ക് കടന്നതായും സംശയമുണ്ട്.

To advertise here,

ഷിംജിതയുടെ ഫോൺ കേന്ദ്രീകരിച്ചാണ് പോലീസ് നിലവിൽ അന്വേഷണം നടത്തുന്നത്. ബസിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചതായാണ് വിവരം.

അതേസമയം, ദീപക്കിന്റെ ആത്മഹത്യയിൽ യുവതിക്കെതിരേ കടുത്ത നടപടി വേണമെന്നാണ് ദീപക്കിന്റെ കുടുംബത്തിന്റെ ആവശ്യം. ഏറെ വികാരനിർഭരമായാണ് ദീപക്കിന്റെ മാതാപിതാക്കൾ ചൊവ്വാഴ്ചയും മാധ്യമങ്ങളോട് പ്രതികരിച്ചത്. ''ഒരമ്മയ്ക്കും ഇങ്ങനത്തെ യോഗം ഇനിയുണ്ടാകരുത്. ഒരമ്മയ്ക്കും സഹിക്കാൻ പറ്റൂല. ഒരമ്മയ്ക്കും അച്ഛനും ഇങ്ങനത്തെ യോഗമുണ്ടാകരുത്. അത് ആർക്കും സഹിക്കാൻ പറ്റൂല. എന്റെ മോൻ വളരെ പാവമായിപ്പോയി. അതാണ് ഇതൊക്കെ ചെയ്തത്. ലോകത്തിലെ ഒരാളും ഇത് അനുഭവിക്കാൻ പാടില്ല. ആർക്കും ഈ വിധിയുണ്ടാകാൻ പാടില്ല.

എന്റെ കുട്ടി പാവമായി. എന്നോടുപോലും ഒരുവാക്ക് പറഞ്ഞില്ല. അവൻ എന്തോ പേടിച്ചുപോയി. ഇന്നുവരെ ഒരു പെണ്ണിനോടോ ഒരാളാടോ മുഖം കറുപ്പിച്ച്, ഒരു ചീത്ത പോലും എന്റെ മകൻ പറഞ്ഞിട്ടില്ല. എല്ലാവരും നല്ലൊരു മോനാണെന്നാണ് പറഞ്ഞത്. എന്റെ മോനെ അറിയുന്ന ആരും നല്ലത് മാത്രമേ പറയുള്ളൂ.'' ദീപക്കിന്റെ അമ്മ കന്യക മാധ്യമങ്ങളോട് പറഞ്ഞു.

വീഡിയോ ചിത്രീകരിച്ച യുവതി തന്റെ മകന്റെ ജീവിതമാണ് ഇല്ലാതാക്കിയതെന്ന് ദീപക്കിന്റെ അച്ഛൻ ചോയിയും പ്രതികരിച്ചു.