കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ വീട്ടില്‍ ഉറങ്ങിക്കിടന്ന ഒന്‍പതുവയസുകാരിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് മരണംവരെ കഠിനതടവ്. കുടക് നപ്പോക്ക് സ്വദേശി പി.എ. സലീ(40)മിനെയാണ് ഹൊസ്ദുര്‍ഗ് അതിവേഗ പ്രത്യേക കോടതി ജഡ്ജി പി.എം.സുരേഷ് ശിക്ഷിച്ചത്. പീഡനത്തിനിരയായ കുട്ടിയില്‍നിന്നു കവര്‍ന്ന കമ്മല്‍ വില്‍ക്കാന്‍ സഹായിച്ച പ്രതിയുടെ സഹോദരിയും കേസിലെ രണ്ടാം പ്രതിയുമായ കൂത്തുപറമ്പ് സ്വദേശിനി സുഹൈബ(21)യെ തിങ്കളാഴ്ച കോടതി പിരിയും വരെ തടവിനും ശിക്ഷിച്ചു. കേസില്‍ ഇരുവരും കുറ്റക്കാരാണെന്ന് ശനിയാഴ്ച കോടതി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ശിക്ഷാവിധി തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
2024 മേയ് 15-നാണ് കേസിനാസ്പദമായ സംഭവം. പുലര്‍ച്ചെ മൂന്നിന് കുട്ടിയുടെ മുത്തച്ഛന്‍ പശുവിനെ കറക്കാനായി പുറത്തുപോയ സമയത്താണ് സലീം വീട്ടിനകത്ത് കയറിയത്. മുന്‍വാതിലിലൂടെ കയറി കുട്ടിയെ എടുത്ത് അരക്കിലോമീറ്റര്‍ അകലെയുള്ള വയലില്‍വെച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. കുട്ടിയെ വയലില്‍ ഉപേക്ഷിച്ച് പ്രതി കടന്നുകളയുകയും ചെയ്തു. പേടിച്ചരണ്ട ബാലിക ഇരുട്ടില്‍ തപ്പിത്തടഞ്ഞ് തൊട്ടടുത്ത വീട്ടിലെത്തുകയായിരുന്നു.
Also Read
കുട്ടിയുടെ സ്വര്‍ണക്കമ്മല്‍ വിറ്റുകിട്ടിയ കാശുമായി മഹാരാഷ്ട്രയിലും ബെംഗളൂരുവിലും ഒടുവില്‍ ആന്ധ്രയിലുമെത്തിയ സലീമിനെ ഒന്‍പതാം നാള്‍ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. അന്നത്തെ ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടറും നിലവില്‍ പേരാവൂര്‍ ഡിവൈഎസ്പിയുമായ എം.പി. ആസാദിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പോക്‌സോ ഉള്‍പ്പെടെ ഏഴുവകുപ്പുകള്‍ ചേര്‍ത്ത് പ്രതി അറസ്റ്റിലായതിന്റെ 39-ാം ദിവസം കുറ്റപത്രം സമര്‍പ്പിച്ചു. ഈ വര്‍ഷം ജനുവരിയിലാണ് വിചാരണ തുടങ്ങിയത്.
കണ്ണില്‍ചോരയില്ലാത്ത ക്രൂരത...
2024 മേയ് 15-ന് പുലര്‍ച്ചെ കാഞ്ഞങ്ങാട് ഉണര്‍ന്നത് മൂന്നാംക്ലാസുകാരിക്കുനേരേയുണ്ടായ കൊടുംക്രൂരത അറിഞ്ഞാണ്. പ്രതിക്കുവേണ്ടിയുള്ള തിരച്ചിലില്‍ പോലീസിനൊപ്പം നാടൊന്നാകെ ചേര്‍ന്നു. എല്ലാവര്‍ക്കും ഒരു പ്രാര്‍ഥനയേ ഉണ്ടായിരുന്നുള്ളൂ, കുറ്റവാളിയെ എത്രയും പെട്ടെന്ന് അഴിക്കുള്ളിലാക്കുക. ആളുകളുടെ വികാരത്തിനൊത്ത് ഉയര്‍ന്ന പോലീസ് ഒന്‍പത് ദിവസംകൊണ്ട് പ്രതിയെ പിടിച്ചു. കുടക് നാപ്പോക്ക് സ്വദേശിയായ സലീമായിരുന്നു. പ്രതി.
ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ വീട്ടില്‍ കല്യാണം കഴിച്ച് നാലു മക്കളുള്ളയാളാണ് ക്രൂരത നടത്തിയതെന്ന് ആര്‍ക്കും വിശ്വസിക്കാനായില്ല. സ്ഥിരമായി ഇവിടെ താമസിക്കാറില്ല. ഇടയ്ക്കിടെ കുടകിലേക്കു പോകും. അതിനാല്‍ ഇവിടത്തെ ആളുകള്‍ക്ക് വലിയ പരിചയമൊന്നും സലീമുമായില്ല. വിചാരണക്കോടതിയില്‍ ഇയാളുടെ ഭാര്യയുടെ മൊഴിപോലും പ്രോസിക്യൂഷന് അനുകൂലമായിരുന്നു. തലേന്ന് വീട്ടില്‍ വന്നതും താന്‍ 500 രൂപ കൊടുത്ത് എവിടേക്കെങ്കിലും പൊയ്‌ക്കൊള്ളാന്‍ പറഞ്ഞതുമെല്ലാം ഭാര്യയുടെ മൊഴിയിലുണ്ടായിരുന്നു.
67 സാക്ഷികളാണ് കേസിലുള്ളത്. രക്തസാംപിള്‍, സംഭവസമയത്ത് പ്രതി ധരിച്ച വസ്ത്രം, ബാഗ്, ടോര്‍ച്ച്, പീഡനം നടന്ന സ്ഥലത്തുനിന്നു കിട്ടിയ തലമുടി, 20, 50 രൂപയുടെ നോട്ടുകള്‍, സിസിടിവി ദൃശ്യങ്ങളുടെ വീഡിയോ ഫയല്‍ തുടങ്ങി 40-ലധികം വസ്തുക്കള്‍, കുട്ടി ഹൊസ്ദുര്‍ഗ് മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴി, വില്ലേജ് ഓഫീസറുടെ സൈറ്റ് പ്ലാന്‍ തുടങ്ങി 15-ലധികം രേഖകള്‍ എന്നിവയും 300 പേജുകളുള്ള കുറ്റപത്രത്തോടൊപ്പം ഹാജരാക്കിയിരുന്നു. പ്രതിക്കെതിരേയുള്ള കോടതിവിധി കേള്‍ക്കാനെത്തിയവരുടെ കൂട്ടത്തില്‍ ഇരയായ കുട്ടിയുടെ വീട്ടുകാരും ബന്ധുക്കളും പ്രദേശത്തെ നിരവധിയാളുകളുമെത്തിയിരുന്നു.
വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍
അപൂര്‍വത്തില്‍ അപൂര്‍വമായ കേസാണെന്നും പ്രതി സലീമിന് വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷനുവേണ്ടി ഹാജരായ അഡ്വ. എ. ഗംഗാധരന്‍ വാദിച്ചത് സുപ്രീംകോടതിയുടെ നാല് വിധികളെ ഉദ്ധരിച്ച്. 1980-ല്‍ ബച്ചന്‍സിങ്ങും പഞ്ചാബ് സര്‍ക്കാരും തമ്മിലുള്ള കേസിലും 1983-ല്‍ മച്ചിസിങ്ങും പഞ്ചാബ് സര്‍ക്കാരുമായുള്ള കേസിലും സുപ്രീംകോടതി പറഞ്ഞത് ഒരാള്‍ നന്നാകുന്നില്ലെങ്കില്‍, ക്രൂരകൃത്യം ആവര്‍ത്തിക്കുന്നുണ്ടെങ്കില്‍ വധശിക്ഷ നല്‍കാമെന്നാണ്. ഇവിടെ സമാനമായ അനുഭവമുണ്ടെന്ന് പ്രതിയുടെ മുന്‍ കേസ് ചൂണ്ടിക്കാണിച്ച് പ്രോസിക്യൂഷന്‍ വാദിച്ചു. ബന്ധുവായ 12 വയസ്സുള്ള കുട്ടിയെ കാട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസുണ്ട് സലീമിന്റെ പേരില്‍. മേല്‍പ്പറമ്പ് പോലീസ് സ്റ്റേഷനിലുള്ള ഈ കേസിന്റെ വിചാരണ നടക്കാനിരിക്കുകയാണ്. 2011-ല്‍ അബ്ദുള്‍മന്നനും ബിഹാര്‍ സര്‍ക്കാരും തമ്മിലുള്ള കേസില്‍ സുപ്രീംകോടതിയുടെ വിധി പ്രസ്താവമായിരുന്നു മറ്റൊന്ന്.
അപൂര്‍വമാണെന്ന് വിചാരണക്കോടതിക്ക് ബോധ്യപ്പെട്ടാല്‍ വധശിക്ഷ നല്‍കാമെന്നായിരുന്നു ആ വിധിയില്‍ സുപ്രീംകോടതി പറഞ്ഞതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ഏഴുവയസ്സുകാരിയ പീഡിപ്പിച്ച് കൊന്ന തിവാരിയെന്നയാളും മധ്യപ്രദേശ് സര്‍ക്കാരും തമ്മിലുള്ള കേസാണ് നാലാമതായി ഉദ്ധരിച്ചത്. 1996-ലെ ഈ സുപ്രീംകോടതി വിധിയില്‍, ഒരാള്‍ സമൂഹത്തിന് ഭീഷണിയാണെന്ന് തോന്നിയാല്‍ വിചാരണക്കോടതിക്ക് വധശിക്ഷ നല്‍കാമെന്നായിരുന്നു വ്യക്തമാക്കിയിരുന്നത്. പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയ ശേഷം നടന്ന വാദം മുക്കാല്‍മണിക്കൂറോളം നീണ്ടു. അപൂര്‍വതയൊന്നും ഈ കേസിനില്ലെന്നും അന്വേഷണത്തില്‍ പാളിച്ചയുണ്ടെന്നും പ്രതിക്ക് നിയമസഹായത്തിന് സര്‍ക്കാര്‍ നിയോഗിച്ച അഭിഭാഷകന്‍ ടി.എം. ദേവദാസ് വാദിച്ചു. പ്രതിയുടെ പിതാവിന്റെ രോഗാവസ്ഥ, കുടുംബത്തിലെ അവസ്ഥ തുടങ്ങിയ കാര്യങ്ങളും ഇദ്ദേഹം വിശദീകരിച്ചു.
കൊടുംക്രൂതയ്ക്ക് ഒന്‍പതു വകുപ്പുകള്‍
വീട്ടില്‍ അതിക്രമിച്ച് കയറല്‍, തട്ടിക്കൊണ്ടുപോകല്‍, പീഡിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെ തട്ടിക്കൊണ്ടുപോകല്‍, കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തല്‍, തടഞ്ഞുനിര്‍ത്തല്‍, കവര്‍ച്ച, 12 വയസിനു താഴെയുള്ള കുട്ടിയെ പീഡിപ്പിക്കല്‍ തുടങ്ങി ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 449, 369, 370(4), 506(2), 342, 394,376(എബി) എന്നീ വകുപ്പുകളും പോക്‌സോ ആക്ടിലെ 6(ബി), 5(എം) എന്നി വകുപ്പുകളാണ് പീഡനക്കേസ് പ്രതി കുടകിലെ സലീമിനെതിരെ ചുമത്തിയത്. ഇത്രയും വകുപ്പുകളില്‍ പ്രതി കുറ്റക്കാരനാണെന്ന ഒറ്റവാചകമായിരുന്നു കോടതിയുടെത്. പ്രതിയുടെ സഹോദരി സുഹൈബയ്‌ക്കെതിരെ കളവ് മുതല്‍ വില്ക്കാന്‍ സഹായിച്ചതിന് ഇന്ത്യന്‍ ശിക്ഷാ നിയമം 449 വകുപ്പാണ് ചുമത്തിയത്.
Content Highlights: man has been sentenced to life imprisonment for the rape of a 9-year-old girl in Kasaragod.
Published: 25 Aug 2025, 11:44 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented