കറുകച്ചാൽ: വയോധികന് മദ്യംനൽകി വശത്താക്കി, തട്ടിക്കൊണ്ടുപോയശേഷം നാലുപവന്റെ സ്വർണമാല തട്ടിയെടുത്തു. 24 മണിക്കൂറിനുള്ളിൽ മൂന്ന് പ്രതികളെ പിടികൂടി കറുകച്ചാൽ പോലീസ്. പുന്നവേലിയിൽ വാടകയ്ക്ക് താമസിക്കുന്ന ശാന്തിപുരം വടക്കേറ്റം ജോസഫ് വർഗീസ്‌ (61)-നെ മർദിച്ചശേഷമാണ് മാല തട്ടിയെടുത്തത്.

To advertise here,

സംഭവത്തിൽ കാവാലത്ത് വാടകയ്ക്ക് താമസിക്കുന്ന ചേർത്തല ചിങ്ങംകവല അരുൺനിവാസിൽ സുധീഷ്‌കുമാർ (45), ആലപ്പുഴ കൊമ്മാടി കട്ടിങ്കൽ അനീഷ് ആന്റണി (47), നാലുകോടിയിൽ താമസിക്കുന്ന കരുനാഗപ്പള്ളി തേവലക്കര അനിൽഭവനിൽ അനിൽ കെ. രാജൻ (47) എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കൽനിന്നും നാലുഗ്രാം സ്വർണമാലയും 296,000 രൂപയും കണ്ടെടുത്തു.

സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ- ശനിയാഴ്ച രാവിലെ പത്തരയോടെ കറുകച്ചാലിലെത്തിയ ജോസഫ് വർഗീസ് സെൻട്രൽ ജങ്ഷനിലെ ബാറിലെത്തി മദ്യപിച്ചു. ഇതിനിടയിൽ പരിചയഭാവത്തിലെത്തിയ പ്രതി സുധീഷ്‌കുമാർ, ജോസഫ് വർഗീസുമായി സൗഹൃദം സ്ഥാപിച്ചു. ശേഷം സുധീഷിനൊപ്പമുണ്ടായിരുന്ന അനീഷും അനിലും ഒന്നിച്ചിരുന്ന് മദ്യപിച്ചു.

പിന്നീട് അരലിറ്റർ മദ്യം വാങ്ങി ജോസഫ് വർഗീസിന്റെ കണിച്ചികുളത്തെ ബന്ധുവീട്ടിലെത്തി മദ്യപിച്ചു. രണ്ട് ബൈക്കുകളിലായി ഇവർ കറുകച്ചാലിലെ ബാറിലെത്തി വീണ്ടും മദ്യപിച്ചു. അവശനിലയിലായ ജോസഫ് വർഗീസിനെ അനിൽ കെ. രാജുവിന്റെ ബൈക്കിൽ കയറ്റി ചിങ്ങവനം മാളികക്കടവിലുള്ള ആളൊഴിഞ്ഞ പുരയിടത്തിലെത്തിച്ചു. ജോസഫിന്റെ കൈലി ഉരിഞ്ഞെടുത്ത് കൈകൾ പിന്നിലേക്ക് കെട്ടിയശേഷം മർദിച്ചു. കഴുത്തിലുണ്ടായിരുന്ന മാല പൊട്ടിച്ചെടുത്ത് ഇവർ സ്ഥലംവിട്ടു.

പരിസരവാസികളുടെ സഹായത്തോടെ വീട്ടിലെത്തിയ വർഗീസ് കറുകച്ചാൽ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് ചങ്ങനാശ്ശേരി ഡിവൈ.എസ്.പി. എസ്. ആഷാദിന്റെ നിർദേശപ്രകാരം എസ്.ഐ. ടി.എസ്. ജയകൃഷ്ണൻ, എസ്.സി.പി.ഒ. ജോഷി സേവ്യർ, സി.പി.ഒമാരായ ബ്രിജിത്ത് കൃഷ്ണ, ആന്റണി വിക്ടർ എന്നിവരടങ്ങുന്ന സംഘം തിങ്കളാഴ്ച പുലർച്ചെ മൂന്ന് പേരെയും വിവിധ സ്ഥലങ്ങളിൽനിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ റിമാൻഡ് ചെയ്തു.