
കൊച്ചി: തൊഴില്‍തട്ടിപ്പ് കേസിലെ മുഖ്യപ്രതി കാര്‍ത്തിക പ്രദീപിന് ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധമെന്ന് പോലീസ്. കാപ്പാ കേസിലടക്കം ഉള്‍പ്പെട്ട പ്രതികളുമായാണ് യുവതിക്ക് ബന്ധമുണ്ടായിരുന്നത്. കാപ്പാ കേസ് പ്രതികളെ ഉപയോഗിച്ചാണ് കാര്‍ത്തിക പല ഇടപാടുകാരെയും ഭീഷണിപ്പെടുത്തിയിരുന്നതെന്നും പോലീസ് പറഞ്ഞു.
ജോലിക്കായി പണം നല്‍കി ജോലി കിട്ടാതായതോടെ പണം തിരികെചോദിച്ചവരെയാണ് കാര്‍ത്തിക ഭീഷണിപ്പെടുത്തിയിരുന്നത്. ഇതിനായി ക്വട്ടേഷന്‍സംഘങ്ങളെയും കാപ്പാ കേസ് പ്രതികളെയും ഉപയോഗിച്ചിരുന്നതായാണ് പോലീസ് നല്‍കുന്നവിവരം. അതിനാല്‍, കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടേക്കാനുള്ള സാധ്യതയുമുണ്ട്. നേരത്തെ തട്ടിപ്പിനിരയായി പണം നഷ്ടമായവരെ കാര്‍ത്തിക ഭീഷണിപ്പെടുത്തുന്നുവെന്ന പേരില്‍ ചില ഓഡിയോക്ലിപ്പുകളും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
ഇന്‍സ്റ്റഗ്രാം താരം, എംബിബിഎസിലും സംശയം...
ജോലി തട്ടിപ്പുകേസിലെ പ്രതി കാര്‍ത്തിക പ്രദീപിന് ഇന്‍സ്റ്റഗ്രാമില്‍ 13,000-ഓളം ഫോളോവേഴ്‌സുണ്ട്. മിക്കദിവസവും ഇന്‍സ്റ്റഗ്രാമില്‍ പുതിയ ചിത്രങ്ങളും ഇവര്‍ പോസ്റ്റ് ചെയ്തിരുന്നു. അതിനിടെ, കാര്‍ത്തികയുടെ എംബിബിഎസ് ബിരുദം സംബന്ധിച്ചും സംശയങ്ങളുണ്ട്. യുക്രൈനില്‍നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയെന്നാണ് കാര്‍ത്തിക അവകാശപ്പെട്ടിരുന്നത്. എന്നാല്‍, ഇതേക്കുറിച്ച് സംശയമുണ്ട്. അതേസമയം, യുക്രൈനില്‍നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയെങ്കിലും കാര്‍ത്തിക ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യാനുള്ള യോഗ്യത നേടിയിരുന്നില്ലെന്ന വിവരങ്ങളുമുണ്ട്. വിദേശത്തെ ചില ആശുപത്രികളില്‍ ഇവര്‍ ജോലിചെയ്തിരുന്നതായും സൂചനകളുണ്ട്.
പത്തനംതിട്ട സ്വദേശിനിയും കൊച്ചി പുല്ലേപ്പടിക്ക് സമീപത്തെ 'ടേക്ക് ഓഫ് ഓവര്‍സീസ് എജ്യൂക്കേഷണല്‍ കണ്‍സള്‍ട്ടന്‍സി' ഉടമയുമായ കാര്‍ത്തിക പ്രദീപിനെ കഴിഞ്ഞദിവസമാണ് പോലീസ് അറസ്റ്റ് ചെയ്തത്. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് സ്ത്രീകളടക്കം ഒട്ടേറെപേരില്‍നിന്ന് യുവതി പണം തട്ടിയെന്നായിരുന്നു പരാതി.
യുകെയില്‍ ജോലി വാഗ്ദാനംചെയ്ത് തൃശ്ശൂര്‍ സ്വദേശിനിയില്‍നിന്ന് 5.23 ലക്ഷം രൂപ തട്ടിയെന്ന കേസിലാണ് കാര്‍ത്തിക പ്രദീപിനെ എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്. യുകെയില്‍ സോഷ്യല്‍വര്‍ക്കര്‍ ജോലി ശരിയാക്കിനല്‍കാമെന്നായിരുന്നു കാര്‍ത്തികയുടെ വാഗ്ദാനം. ഇതിനായി പലതവണകളായി 5.23 ലക്ഷം രൂപ യുവതിയില്‍നിന്ന് കൈപ്പറ്റി. ബാങ്ക് അക്കൗണ്ട് വഴിയും ഓണ്‍ലൈന്‍ യുപിഐ ഇടപാടുകളിലൂടെയുമാണ് പണം കൈമാറിയത്. എന്നാല്‍, ജോലി ലഭിക്കാതിരിക്കുകയും സംഭവം തട്ടിപ്പാണെന്ന് ബോധ്യപ്പെട്ടതോടെയുമാണ് ഇവര്‍ പോലീസില്‍ പരാതി നല്‍കിയത്.
പുല്ലേപ്പടിക്ക് സമീപത്തായിരുന്നു കാര്‍ത്തികയുടെ 'ടേക്ക് ഓഫ് ഓവര്‍സീസ്' എന്ന റിക്രൂട്ടിങ് ഏജന്‍സി പ്രവര്‍ത്തിച്ചിരുന്നത്. ഓസ്‌ട്രേലിയ, ജര്‍മനി, യുകെ, യുക്രൈന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് വിവിധ ജോലികള്‍ തരപ്പെടുത്തിനല്‍കാമെന്നായിരുന്നു ഇവരുടെ വാഗ്ദാനം. ഇത്തരം ജോലിവാഗ്ദാനങ്ങളുമായി സാമൂഹികമാധ്യമങ്ങളിലൂടെയും പാതയോരങ്ങളില്‍ വലിയ ബോര്‍ഡുകള്‍ സ്ഥാപിച്ചും പരസ്യംചെയ്തിരുന്നു.
വിദേശരാജ്യങ്ങളിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ തൊഴിലവസരമുണ്ടെന്നായിരുന്നു കാര്‍ത്തികയുടെ സ്ഥാപനത്തിന്റെ പ്രധാന വാഗ്ദാനം. സോഷ്യല്‍വര്‍ക്കര്‍ ഉള്‍പ്പെടെയുള്ള ജോലികളും വാഗ്ദാനം ചെയ്തിരുന്നു. ഉദ്യോഗാര്‍ഥികളില്‍നിന്ന് മൂന്നുമുതല്‍ എട്ടുലക്ഷം രൂപ വരെയാണ് പ്രതി കൈക്കലാക്കിയിരുന്നത്. ഇവരുടെ കെണിയില്‍വീണവരില്‍ ഏറെയും സ്ത്രീകളായിരുന്നു. തട്ടിയെടുത്ത പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിക്കുകയാണ് പ്രതി ചെയ്തതെന്നും ഇവരുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.
സാമ്പത്തികതട്ടിപ്പില്‍ കേസെടുത്തതിന് പിന്നാലെ ഒളിവില്‍പോയ കാര്‍ത്തികയെ കഴിഞ്ഞദിവസം രാത്രി കോഴിക്കോട്ടുനിന്നാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് പിടികൂടിയത്. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷന് പുറമേ കോഴിക്കോട്, വടകര, തൃശ്ശൂര്‍ എന്നിവിടങ്ങളിലെ പോലീസ് സ്റ്റേഷനുകളിലും യുവതിക്കെതിരേ കേസുകളുണ്ട്. കാര്‍ത്തിക പിടിയിലായ വാര്‍ത്ത പുറത്തുവന്നതോടെ ഇവര്‍ക്കെതിരേ കൂടുതല്‍പേര്‍ പരാതികളുമായി രംഗത്തെത്തിയിട്ടുണ്ട്.
Content Highlights: karthika pradeep kochi takeoff agency job scam case
Published: 04 May 2025, 01:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented