ബെംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്കെതിരേ കർണാടക സി.ഐ.ഡി. കുറ്റപത്രം സമർപ്പിച്ചു. പോക്സോ പ്രത്യേക കോടതിയിലാണ് അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചത്. 

To advertise here,

മാസങ്ങൾ മുമ്പ് പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിട്ടും കേസിൽ ഒരു പുരോ​ഗതിയും ഉണ്ടായിട്ടില്ലെന്ന് ആരോപിച്ച് പെൺകുട്ടിയുടെ സഹോദരൻ ഈ മാസം കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. യെദ്യൂരപ്പയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം. എന്നാൽ, കേസിൽ യെദ്യൂരപ്പയെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി തടയുകയായിരുന്നു. 

യെദ്യൂരപ്പയ്‌ക്കെതിരായ ആരോപണം വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും വഴിവെച്ചു. മുൻ മുഖ്യമന്ത്രിക്കെതിരേ കർശന നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് നിരവധി രാഷ്ട്രീയ പാർട്ടികൾ ബി.ജെ.പിയെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. തനിക്കെതിരായ പരാതി ബി.എസ്. യെദ്യൂരപ്പ നേരത്തേ നിഷേധിച്ചിരുന്നു. പരാതി താന്‍ നിയമപരമായി നേരിടുമെന്നും 81-കാരനായ യെദ്യൂരപ്പ പറഞ്ഞിരുന്നു.

17 വയസ്സുള്ള പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിലാണ് യെദ്യൂരപ്പയുടെ പേരിൽ പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. മകളോടൊപ്പം ഒരു കേസിന്റെ കാര്യത്തിൽ സഹായം അഭ്യർഥിച്ച് യെദ്യൂരപ്പയുടെ വീട്ടിലെത്തിയപ്പോൾ മകളുടെ നേർക്ക് ലൈംഗികാതിക്രമം കാണിച്ചതായാണ് പരാതി. 54-കാരിയായ അമ്മ ശ്വാസകോശത്തിലെ അര്‍ബുദബാധയെ തുടര്‍ന്ന് കഴിഞ്ഞ മാസം മരിച്ചിരുന്നു.