ആലപ്പുഴ: കരുവാറ്റയിൽ 74-കാരനായ ശിവൻകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണ സംഘം അടുത്തമാസം ആദ്യവാരത്തോടെ കുറ്റപത്രം ജുവനൈൽ ജസ്റ്റിസ് ബോർഡിന് സമർപ്പിക്കും. കേസിൽ ശാസ്ത്രീയ തെളിവുകളും ഡിജിറ്റൽ രേഖകളും ശേഖരിച്ച് അന്വേഷണം അന്തിമഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് കുറ്റപത്രം ഉടൻ നൽകാൻ ഹരിപ്പാട് പോലീസ് തയ്യാറെടുക്കുന്നത്.

To advertise here,

അന്വേഷണ സംഘം ജുവനൈൽ ജസ്റ്റിസ് നിയമങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി മൂന്നാം പ്രതി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഒരാളാണ് ഹർജി നൽകിയതെങ്കിലും ഇതിൽ കോടതിയെടുക്കുന്ന തീരുമാനം മറ്റു മൂന്ന് പ്രതികൾക്കും ബാധകമാകും.

കേസിലെ ഒന്നാം പ്രതിക്കുവേണ്ടി മാത്രമാണ് വീട്ടുകാർ അഭിഭാഷകനെ നിയോഗിച്ചിട്ടുള്ളത്. മറ്റു മൂന്നുപേർക്കും ജുവനൈൽ ജസ്റ്റിസ് ബോർഡ് ആണ് അഭിഭാഷകനെ നിയമിച്ചത്. പ്രതികളായ ആൺകുട്ടികളെ നേരത്തെതന്നെ രക്ഷിതാക്കൾക്കൊപ്പം വിട്ടിരുന്നു. രണ്ടാഴ്ച മുമ്പ് പെൺകുട്ടിക്കും ജാമ്യം ലഭിച്ചെങ്കിലും, ഏറ്റെടുക്കാൻ ബന്ധുക്കൾ  എത്താത്തതിനെ തുടർന്ന് 13-കാരി സർക്കാർ സംരക്ഷണ കേന്ദ്രത്തിൽ കഴിയുകയാണ്.

പ്രായപൂർത്തിയാകാത്തവർ ഉൾപ്പെട്ട കൊലപാതക കേസ് ആയതിനാൽ മുതിർന്ന അഭിഭാഷകരുടെ നിയമോപദേശം തേടിയാണ് പോലീസ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. കുറ്റകൃത്യത്തിന്റെ തീവ്രത കണക്കിലെടുത്ത് വിചാരണവേളയിൽ നാലുപേരെയും മുതിർന്നവരായി പരിഗണിച്ച് ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെടും.

കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു കരുവാറ്റ സ്വദേശിയായ ശിവൻകുട്ടി ചെട്ട്യാർ സ്വന്തം വീട്ടിൽ കെട്ടിയിട്ട് കൊലചെയ്യപ്പെട്ട നിലയിൽ കാണപ്പെട്ടത്. സ്വർണ്ണവും പണവും കവരാൻ കൊല്ലപ്പെട്ടയാളുടെ ബന്ധുവായ 13-കാരി മറ്റ് കൗമാരക്കാരായ മൂന്ന് സുഹൃത്തുക്കൾക്ക് ക്വട്ടേഷൻ നൽകുകയായിരുന്നുവെന്നാണ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്.

അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണത്തിനും പണത്തിനും പുറമേ പെർഫ്യൂം ഉൾപ്പെടെ നഷ്ടപ്പെട്ടതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അന്വേഷണത്തിൽ 13-കാരിയുടെ നിർദേശ പ്രകാരം ആൺസുഹൃത്തുക്കളാണ് കൊലപ്പെടുത്തിയതെന്നും പോലീസ് കണ്ടെത്തിയരുന്നു. കേസിൽ പ്രായപൂർത്തിയാകാത്ത നാലുപേരെയാണ് അറസ്റ്റ് ചെയ്തത്.

അമ്മയുടെ നാലര പവന്റെ സ്വർണം എടുത്തു വിൽക്കാൻ എട്ടാം ക്ലാസുകാരി തീരുമാനിച്ചിരുന്നു. സ്വന്തമായി ഐഫോണും കാമുകന് ബൈക്കും വാങ്ങാനായിരുന്നു ഇത്. വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് പെൺകുട്ടി അലമാര കുത്തിത്തുറക്കാൻ ശ്രമിച്ചു. അപ്രതീക്ഷിതമായി വീട്ടിലെത്തിയ ശിവൻകുട്ടി ഇതു കാണുകയും ദേഷ്യപ്പെടുകയും ചെയ്തു. ആശുപത്രിയിലേക്ക് പോയ അമ്മയോട് ഇക്കാര്യം പറയുമെന്നും ശിവൻകുട്ടി ഭീഷണിപ്പെടുത്തി. ഇതാണ് കൊലപാതകത്തിന് പ്രേരണയായതെന്നാണ്‌ പെൺകുട്ടിയുടെ മൊഴി. സഹായത്തിന് പെൺകുട്ടി വിളിച്ചത്, കൊല്ലത്തെ അമ്മവീടിന് അടുത്തുള്ള ആൺ സുഹൃത്തുക്കളെ ആയിരുന്നു.