
കണ്ണൂര്‍: പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ അറസ്റ്റിലായി. ചെറുപറമ്പ് സ്വദേശി ഷബിന്‍ലാല്‍, കുന്നോത്തുപറമ്പ് സ്വദേശി അതുല്‍, ചെണ്ടയാട് സ്വദേശി അരുണ്‍ എന്നിവരെയാണ് പാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ മറ്റൊരാള്‍ കൂടി പോലീസിന്റെ കസ്റ്റഡിയിലുണ്ട്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
അറസ്റ്റിലായ മൂവരും സ്‌ഫോടനം നടക്കുമ്പോള്‍ സംഭവസ്ഥലത്തുണ്ടായിരുന്നവരാണ്. ഇവരില്‍ ഒരാളുമായി ശനിയാഴ്ച രാവിലെ 11.30-ഓടെ പോലീസ് സംഭവസ്ഥലത്ത് തെളിവെടുപ്പ് ആരംഭിച്ചു. ബോംബ് നിര്‍മാണം നടന്ന വീട്ടിലും പരിസരത്തുമാണ് തെളിവെടുപ്പ് നടക്കുന്നത്. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ബോംബ് നിര്‍മാണം നടക്കുമ്പോള്‍ എത്രപേര്‍ സ്ഥലത്തുണ്ടായിരുന്നു, ഇവര്‍ ആരെല്ലാമാണ് എന്നതിലെല്ലാം പോലീസ് വ്യക്തമായവിവരങ്ങള്‍ നല്‍കിയിട്ടില്ല. കേസില്‍ അറസ്റ്റിലായ മൂവരും സി.പി.എം. അനുഭാവികളാണെന്നാണ് വിവരം.
കഴിഞ്ഞദിവസമാണ് പാനൂര്‍ കുന്നോത്തുപറമ്പ് മുളിയാത്തോടില്‍ ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ സി.പി.എം. പ്രവര്‍ത്തകനായ എലിക്കൊത്തിന്റെവിട ഷരില്‍(31) മരിച്ചിരുന്നു. മൂന്ന് സി.പി.എം. പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആളൊഴിഞ്ഞസ്ഥലത്തെ നിര്‍മാണം പൂര്‍ത്തിയാകാത്ത വീടിന്റെ ടെറസില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെയായിരുന്നു സ്‌ഫോടനം.
അതേസമയം, വടകര ലോക്‌സഭ മണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ പാനൂരില്‍ ശനിയാഴ്ച സമാധാന സന്ദേശ റാലി സംഘടിപ്പിച്ചു. ബോംബ് നിര്‍മാണത്തിനിടെ സി.പി.എം. പ്രവര്‍ത്തകന്‍ മരിച്ച സംഭവമുണ്ടായ സാഹചര്യത്തിലാണ് യു.ഡി.എഫ്. സമാധാന റാലി നടത്തുന്നത്. സി.പി.എം. നേതാക്കളുടെ അറിവോടെയാണ് പ്രദേശത്ത് ബോംബ് നിര്‍മാണം നടക്കുന്നതെന്ന് ഷാഫി പറമ്പില്‍ ആരോപിച്ചു.
പാവപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകരെ ചുമരെഴുതാന്‍ വിട്ടിട്ട് ക്രിമിനല്‍സംഘങ്ങളുമായി നേതാക്കള്‍ ബന്ധം പുലര്‍ത്തുകയാണ്. സി.പി.എം. നേതാക്കളുടെ അറിവോടെയാണ് ഇതെല്ലാം നടക്കുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, സംഭവവുമായി സി.പി.എമ്മിന് യാതൊരു ബന്ധവുമില്ലെന്നായിരുന്നു പാര്‍ട്ടി സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ കഴിഞ്ഞദിവസം പ്രതികരിച്ചത്. സംഭവത്തില്‍ ഉള്‍പ്പെട്ടവരെ പാര്‍ട്ടി നേരത്തേ തള്ളിപ്പറഞ്ഞിരുന്നതാണെന്നും അദ്ദേഹം കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
Content Highlights: kannur panoor bomb blast case police arrested three accused
Published: 06 Apr 2024, 12:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented