കണ്ണൂര്‍: ആത്മീയതയുടെ മറവില്‍ കോടികള്‍ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ ആറുപേര്‍ക്കെതിരേ പോലീസ് കേസെടുത്തു. ഹിമാലയന്‍ മിസ്റ്റിക് തേര്‍ഡ് ഐ ട്രസ്റ്റിന്റെ പേരില്‍ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ ഡോ. അഷ്റഫ്, കെ.എസ്. പണിക്കര്‍, അനിരുദ്ധന്, വിനോദ് കുമാര്‍, സനല്‍, ഡോ. അഭിനന്ദ് കാഞ്ഞങ്ങാട് എന്നിവരുടെ പേരിലാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തത്. നാലുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു.
ഒട്ടേറെപേരില്‍നിന്നായി 12 കോടിയോളം രൂപ തട്ടിയെടുത്തതായി മമ്പറം സ്വദേശിയായ റിട്ട. അധ്യാപകന് പ്രശാന്ത് മാറോളിയുടെ പരാതിയിലാണ് കേസെടുത്തത്. ചട്ടുകപ്പാറ സ്വദേശി എം.പി. ഹിമോജും പരാതി നല്‍കിയിട്ടുണ്ട്.
ഹിമാലയന്‍ മാസ്റ്റര്‍ ഡോ. അഷറഫ് എന്ന പേരിലുള്ള യൂട്യൂബ് ചാനലിലൂടെയാണ് പ്രതികള്‍ ആളുകളെ ആകര്‍ഷിച്ചിരുന്നത്. ഇവരുടെ ക്ലാസില്‍ പങ്കെടുത്താല്‍ ബിസിനസില്‍ അഭിവൃദ്ധി ഉണ്ടാകുമെന്നും ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നടക്കുമെന്നും കുട്ടികള്‍ക്ക് അധികം അധ്വാനമില്ലാതെ കൂടുതല്‍ മാര്‍ക്ക് നേടാമെന്നും വിശ്വസിപ്പിച്ചാണ് തട്ടിപ്പുനടത്തിയതെന്നാണ് പോലീസ് പറയുന്നത്. അജന്ത എല്ലോറ, ഇടുക്കി, ലക്ഷദ്വീപ്, ബെംഗളൂരു എന്നിവിടങ്ങളില്‍ വിനോദയാത്രയ്ക്ക് കൊണ്ടുപോയും പണം തട്ടി. ഗുരുവിന്റെ ഊര്‍ജവലയത്തില്‍ നില്ക്കാന് കഴിഞ്ഞാല്‍ പല കഴിവുകളും ഉണരുമെന്ന് വിശ്വസിപ്പിച്ചാണ് വിനോദയാത്രയില്‍ നിര്‍ബന്ധിച്ച് പങ്കെടുപ്പിച്ചതെന്നും പരാതിയില്‍ പറയുന്നു.
ക്ലാസില്‍ പങ്കെടുക്കുന്നതിന് ഗഡുക്കളായാണ് തട്ടിപ്പിനിരയായവര്‍ പണം നല്‍കിയത്. ടിബറ്റിലും നേപ്പാളിലും മറ്റുമുള്ള ബുദ്ധസന്ന്യാസികളില്നിന്ന് അനുഗ്രഹം ലഭിച്ചവരാണെന്നാണ് ഇവര്‍ ക്ലാസുകളില്‍ പറഞ്ഞിരുന്നത്. അടിസ്ഥാന ക്ലാസിന് 15,000 രൂപവരെ വാങ്ങും. പിന്നീടുള്ള ഓരോ ക്ലാസിനും ഫീസ് കൂടുമെന്നും തട്ടിപ്പിനിരയായവര്‍ പറഞ്ഞു.
ക്ലാസിലെത്തിയാല്‍ ആള്‍ദൈവമായി മാറും
തട്ടിപ്പ് സംഘത്തിന്റെ പ്രധാനിയായ അഷറഫ് ബാബ ഹിമാലയന്‍ മാസ്റ്റര്‍ എന്ന പേരിലാണ് ക്ലാസുകളില്‍ പ്രത്യക്ഷപ്പെടുന്നത്. ഹിമാലയത്തില്‍നിന്നാണ് അദ്ഭുതസിദ്ധി ലഭിച്ചതെന്നും 100 ഗുരുക്കന്മാരുടെ അനുഗ്രഹം കിട്ടിയിട്ടുണ്ടെന്നും പറഞ്ഞതായി ക്ലാസില്‍ പങ്കെടുത്ത പരാതിക്കാരമായ എം.പി. ഹിമോജ് പറയുന്നു.
Content Highlights: kannur himalayan master scam complaint
Published: 09 Feb 2025, 07:37 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented