വടകര: വിദ്യാർഥികളെയും യുവാക്കളെയും സാമ്പത്തികകുറ്റകൃത്യങ്ങളിൽ ഇടനിലക്കാരാക്കാൻ ഗ്രാമപ്രദേശങ്ങളിൽപ്പോലും വലവിരിച്ച് തട്ടിപ്പുസംഘങ്ങൾ. വൻതുക കമ്മിഷൻ വാഗ്ദാനംചെയ്ത് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ വാങ്ങി, ആ അക്കൗണ്ടിലേക്ക് സൈബർ തട്ടിപ്പിലൂടെയുംമറ്റും കിട്ടിയ പണം അയച്ചാണ് വിദ്യാർഥികളെയും മറ്റും കുടുക്കുന്നത്. കള്ളപ്പണമാഫിയയുമായി ബന്ധമുള്ളവരാണ് സൈബർ തട്ടിപ്പുകാർക്ക് നാട്ടിൽ ഒത്താശ ചെയ്യുന്നതെന്നാണ് സൂചന.

To advertise here,

ഒരുവർഷത്തിനിടെ കോഴിക്കോട് റൂറൽ ജില്ലയിൽ നടന്ന അഞ്ച് സൈഹണ്ട് ഓപ്പറേഷനിൽമാത്രം രജിസ്റ്റർചെയ്തത് 163 കേസുകളാണ്. 38 പേർ അറസ്റ്റിലായി. 54 പേരെ നോട്ടീസ് നൽകി നിരീക്ഷണത്തിലാക്കി. ഈ കേസിൽപ്പെട്ട 90 ശതമാനം പേരും 18-നും 25-നും മധ്യേ പ്രായമുള്ളവരാണ്. ഒന്നുകിൽ പഠിക്കുന്നവർ, അല്ലെങ്കിൽ പഠനംകഴിഞ്ഞ് ജോലി അന്വേഷിക്കുന്നവരോ എന്തെങ്കിലും ചെറിയ ജോലികൾ ചെയ്യുന്നവരോ.

ഇവരിൽ പലരും വിലകൂടിയ ഐഫോണുകളാണ് ഉപയോഗിക്കുന്നതെന്നും പോലീസ് കണ്ടെത്തി. വടകര പോലീസ് സ്റ്റേഷനിൽ കഴിഞ്ഞ ദിവസം രജിസ്റ്റർചെയ്ത ആറുകേസുകളിൽ നാലുപേർക്കും ഐഫോണുണ്ട്. ആഡംബരഭ്രമം മുതലാക്കിയാണ് തട്ടിപ്പുകാർ ഇവരിലേക്ക് എത്തുന്നത്.

ഇടനിലക്കാർ കാണാമറയത്ത്...

വിദ്യാർഥികളുടെയുംമറ്റും അക്കൗണ്ടുകൾ തട്ടിപ്പുകാർക്കായി സംഘടിപ്പിച്ചുനൽകുന്നതും നാട്ടിലുള്ളവർതന്നെയാണ്. രണ്ടുകാര്യങ്ങൾക്ക് ഇവർ ഈ അക്കൗണ്ട് ഉപയോഗിക്കുന്നുണ്ട്. ഒന്ന് തട്ടിപ്പുകാരുടെ പണം പിൻവലിക്കാൻ, രണ്ട് കള്ളപ്പണം വെളുപ്പിക്കാൻ. വടകരയിൽ പിടിയിലായ ആറുപേരിൽ മൂന്നുപേരുടെയും ബാങ്ക് അക്കൗണ്ട് വാടകയ്ക്കെടുത്തത് തിരുവള്ളൂർ സ്വദേശിയാണ്. പണം അക്കൗണ്ടിൽ വരുന്നതിനുമുൻപേ ഇയാൾ ഇവർക്ക് സന്ദേശം നൽകും.

പണം അക്കൗണ്ടിലെത്തിയാൽ ഇയാൾ പറയുന്ന സമയത്ത് ബാങ്കിലെത്തി ചെക്കുവഴി പണം പിൻവലിക്കണം. ശേഷം ഈ പണം ഇയാൾക്ക് കൈമാറും. ക്യാമറയിൽപ്പെടുന്നത് ഒഴിവാക്കാൻ ബാങ്കിനുള്ളിൽ ഇയാൾ കയറിയില്ലെന്നാണ് ഇവർ നൽകിയ മൊഴി. ഒരു ലക്ഷംരൂപ പിൻവലിച്ചുനൽകിയാൽ 3000 രൂപമുതൽ 6000 രൂപവരെയാണ് കമ്മിഷൻ. എ.ടി.എം. കാർഡ് വഴിയും പണം പിൻവലിക്കാറുണ്ട്. തട്ടിപ്പിലെ പ്രധാന കണ്ണിയായ ഇയാളെയും വടകരയിലെ കേസിൽ പ്രതിയാക്കിയിട്ടുണ്ട്. പിൻവലിച്ച പണം എവിടേക്ക് അയച്ചു എന്നതുസംബന്ധിച്ച വിവരം കിട്ടണമെങ്കിൽ ഇയാളെ പിടികൂടണം.

കള്ളപ്പണം വെളുപ്പിക്കാനും ഇത്തരം വാടക അക്കൗണ്ടുകൾ ഉപയോഗിക്കാറുണ്ടെങ്കിലും സൈ-ഹണ്ട് ഓപ്പറേഷനിൽ പോലീസ് നടപടിയെടുത്തത് സൈബർ തട്ടിപ്പിൽ ഉൾപ്പെട്ട ബാങ്ക് അക്കൗണ്ടുകൾക്കെതിരേയാണ്. മറ്റുസംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സാമ്പത്തികത്തട്ടിപ്പ് സംഘങ്ങൾക്കായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പണിയെടുക്കുന്നത് ഈ കള്ളപ്പണമാഫിയതന്നെയാണെന്നാണ് പോലീസിന് കിട്ടിയ വിവരം. ക്രിപ്‌റ്റോ കറൻസിയാക്കിയും മറ്റുമാണ് ഇവർ പണം കൈമാറുന്നത്. ഈ ശൃംഖലയിലേക്ക് അന്വേഷണം നീട്ടണമെന്നും പ്രത്യേക വിങ്ങുതന്നെ ഇത് അന്വേഷിക്കണമെന്നുമുള്ള ആവശ്യം ശക്തമാകുന്നുണ്ട്.

വിദ്യാർഥികൾ ജാഗ്രതൈ

ഒരു കാരണവശാലും ബാങ്ക് അക്കൗണ്ട് പാസ് ബുക്ക്, ചെക്ക് ബുക്ക്, എ.ടി.എം. കാർഡ് എന്നിവ ആർക്കും നൽകരുത്. അക്കൗണ്ട് വിവരങ്ങളും കൈമാറരുത്.

സ്കോളർഷിപ്പിനെന്നും പറഞ്ഞ് ബാങ്ക് പാസ് ബുക്ക് വാങ്ങി വിദ്യാർഥികളെ ചതിക്കുന്ന രീതിയുണ്ട്. ഇത്തരം കാര്യങ്ങൾ വിദ്യാലയാധികൃതരുമായും രക്ഷിതാക്കളുമായും ചർച്ചചെയ്യുക.

മറ്റുള്ളവരുടെ ആവശ്യത്തിനുവേണ്ടി വലിയ തുകകൾ അക്കൗണ്ടിലേക്ക് അയക്കാൻ സമ്മതിക്കരുത്. വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഇത്തരം തട്ടിപ്പുകൾ സംബന്ധിച്ച് ബോധവത്കരണം നടത്തുക.