കാഞ്ഞങ്ങാട്: സ്കൂട്ടറിടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ച സംഭവത്തിൽ ഡ്രൈവിങ് ലൈസൻസില്ലാത്ത പ്രതിയെ മാറ്റാനുള്ള ശ്രമം ഹൊസ്ദുർഗ് പോലീസ് പൊളിച്ചു. മരിച്ചത് തമിഴ്‌നാട്ടുകാരനാണ്. അതിനാൽ വലിയ പരാതിയൊന്നുമുണ്ടായില്ല. അത് മുതലെടുത്ത് നടത്തിയ ആൾമാറാട്ടം ദിവസങ്ങളെടുത്തുള്ള അന്വേഷണത്തിനൊടുവിൽ പോലീസ് കണ്ടെത്തി, സ്കൂട്ടർ ഓടിച്ചെന്നു പറഞ്ഞയാളല്ല, യഥാർഥ പ്രതി. യഥാർഥ പ്രതിയെയും കള്ളം പറഞ്ഞയാളെയും ഹൊസ്ദുർഗ് ഇൻസ്പെക്ടർ കെ.പി.ഷൈൻ അറസ്റ്റ് ചെയ്തു.
കഴിഞ്ഞമാസം 22-ന് രാവിലെ എട്ടേമുക്കാലിനാണ് അപകടമുണ്ടായത്. വർഷങ്ങളായി കാഞ്ഞങ്ങാട്ട് താമസിച്ച് കൂലിപ്പണിയെടുത്ത് ജീവിക്കുന്ന തമിഴ്‌നാട് സ്വദേശി കൊളഞ്ചി (65) ആണ് മരിച്ചത്. കടപ്പുറം ഭാഗത്തുനിന്ന് കാഞ്ഞങ്ങാട്ടേക്ക് സൈക്കിളിൽ വരികയായിരുന്നു ഇദ്ദേഹം. അജാനൂർ ഇട്ടമ്മൽ കവലയിലെത്തിയപ്പോൾ എതിരെവന്ന കെ.എൽ.60 എം.5464 നമ്പർ സ്കൂട്ടർ കൊളഞ്ചിയെ ഇടിച്ചുതെറിപ്പിച്ചു. ആളുകൾ ഓടിക്കൂടി ഇദ്ദേഹത്തെയെടുത്ത് സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ഏറ്റുവാങ്ങി ബന്ധുക്കൾ തമിഴ്‌നാട്ടിലേക്കു പോകുകയും ചെയ്തു. അപകടമരണത്തിന് കേസെടുത്ത പോലീസ് ആർ.സി. ഉടമയെ വിളിച്ചു. താൻ വിദേശത്താണെന്നും ഭാര്യയാണ് സ്കൂട്ടർ ഉപയോഗിക്കുന്നതെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അന്ന് സ്കൂട്ടർ ഓടിച്ചത് താനാണെന്ന് പറഞ്ഞ് ആർ.സി. ഉടമയുടെ മരുമകൻ മുഹമ്മദ് റാഷിദ് പോലീസ് സ്റ്റേഷനിലെത്തി. റാഷിദിന്റെ മൊഴി ഇങ്ങനെ: ‘അന്ന് രാവിലെ കൊളവയലിലെ വീട്ടിൽനിന്ന് ബന്ധുവായ കുട്ടിയെ കാഞ്ഞങ്ങാട്ട്് കൊണ്ടുവിട്ട് മടങ്ങിപ്പോകുകയായിരുന്നു ഞാൻ. റോഡിലൂടെ നടന്നുവരുന്ന മറ്റൊരു ബന്ധു ദസ്തഗീറിനെ കണ്ട് വരുന്നോ എന്ന് ചോദിക്കുകയും സ്കൂട്ടറിൽ കയറ്റുകയും ചെയ്തു. ഇട്ടമ്മലിലെത്തിയപ്പോൾ എതിരെവന്ന സൈക്കിളിൽ ഇടിച്ചു. സൈക്കിളിലുണ്ടായിരുന്നയാൾ തെറിച്ചുവീണു. ഇയാൾ മരിച്ചെന്ന് പിന്നീടറിഞ്ഞു’. ഡ്രൈവിങ് ലൈസൻസും പോലീസിന് കൈമാറി.
അശ്രദ്ധമായി വണ്ടിയോടിച്ച് അപകടമുണ്ടാക്കി ഒരാളുടെ മരണത്തിനിടയാക്കിയതിന് ഇയാളുടെ പേരിൽ പോലീസ് കേസെടുക്കുകയും ചെയ്തു. എസ്.ഐ. കെ.ജ്യോതിഷ്‌കുമാറിന് തോന്നിയ സംശയമാണ് പോലീസിനെ പിന്നിടുള്ള അന്വേഷണത്തിലേക്കെത്തിച്ചത്. അന്ന് ആസ്പത്രിയിലെത്തിയപ്പോൾ സ്കൂട്ടറിൽ ഒരാൾമാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് നാട്ടുകാർ പറഞ്ഞ ഓർമ്മയിൽ, ജ്യോതിഷ്‌കുമാർ കൂടുതൽ അന്വേഷണം നടത്തി. വീണ്ടും ദൃക്‌സാക്ഷികളെ കണ്ട് ചോദിച്ചപ്പോൾ, ഒരാളേ ഉണ്ടായിട്ടുള്ളൂവെന്നും അയാൾക്ക് നേരിയ പരിക്ക് പറ്റിയിരുന്നുവെന്നും വ്യക്തമായി. അപകടം നടന്ന ഭാഗത്തെ 15 സി.സി.ടി.വി. ക്യാമറകളും പോലീസ് പരിശോധിച്ചു. തുടരന്വേഷണത്തിൽ പോലീസിന് ബോധ്യപ്പെട്ടു, കൊളവയൽ സ്വദേശി ദസ്തഗീർ (20) ആണ് യഥാർഥ പ്രതിയെന്ന്. നേരത്തേ കള്ളം പറഞ്ഞ മുഹമ്മദ് റാഷിദ്(24) ബേക്കൽ പള്ളിക്കര സ്വദേശിയാണ്. മുഹമ്മദ് റാഷിദിനെതിരേ ഭാരതീയ ന്യായസംഹിത 281, 106 (1) വകുപ്പുകൾ പ്രകാരമായിരുന്നു നേരത്തേ പോലീസെടുത്ത കേസ്. ഈ വകുപ്പ് ദത്തഗീറിന്റെ പേരിലേക്ക് മാറ്റി കേസ് റജിസ്റ്റർചെയ്ത പോലീസ് ലൈസൻസില്ലാതെ വണ്ടിയോടിച്ചതിനാൽ മോട്ടോർ വാഹനവകുപ്പിലെ 3(1) വകുപ്പുകൂടി ചേർത്തും മുഹമ്മദ് റാഷിദിന്റെ പേരിൽ കള്ളം പറയുകയും പോലീസിനെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തതിന് കേരള പോലീസ് ആക്ട് 117(ഡി) പ്രകാരം കേസെടുത്തുമാണ് അറസ്റ്റ് ചെയ്തത്.
Content Highlights: Migrant worker Kolanji died after being hit by a scooter in Kanhangad., Mohammed Rashid falsely claimed he drove the scooter to protect the unlicensed real driver, Dastageer., Police Inspector K.P. Shine and SI K. Jyothishkumar uncovered the plot using CCTV footage and witness statements., Both the real culprit (Dastageer) and the person who lied to police (Mohammed Rashid) were arrested.
Published: 04 Oct 2026, 08:21 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented