കോഴിക്കോട്: വിജിലൻസിന്റെ പരിശോധനയ്ക്കിടെ കൈക്കൂലിപ്പണം ടോയ്ലറ്റിൽ ഇട്ട് ഫ്ലഷ് ചെയ്ത് രക്ഷപ്പെടാൻ ശ്രമിച്ച പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ പിടിയിൽ. തിരൂരങ്ങാടി നഗരസഭയിലെ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ആയ തിരുവനന്തപുരം സ്വദേശി ശ്രീജിയാണ് പിടിയിലായത്. ടോയ്ലറ്റിന്റെ പൈപ്പ് പൊട്ടിച്ച് വിജിലൻസ് പണം കണ്ടെത്തുകയായിരുന്നു.

To advertise here,

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. 10,000 രൂപയാണ് ഇയാൾ കൈക്കൂലി വാങ്ങിയത്. ഹോട്ടലും ജ്യൂസ് കടയും ആരംഭിക്കുന്നതിനുവേണ്ടി വിദേശത്തുള്ള വനിതാ സംരംഭക ലൈസൻസിനുവേണ്ടി നഗരസഭയെ സമീപിച്ചിരുന്നു. പല തവണ നഗരസഭയുമായി ബന്ധപ്പെട്ടെങ്കിലും അകാരണമായി ശ്രീജി ഈ അപേക്ഷ തള്ളുകയായിരുന്നു. പിന്നീട് സംശയം തോന്നിയ യുവതി ഓഫീസറെ നേരിട്ട് ബന്ധപ്പെടുകയായിരുന്നു. ഈ സമയത്താണ്, 10000 രൂപ തന്നാൽ പെട്ടെന്ന് തന്നെ ലൈസൻസ് തരാമെന്ന് ശ്രീജി സംരംഭകയോട് പറഞ്ഞത്.

തുടർന്ന് യുവതി വിജിലൻസിന് വിവരം കൈമാറി. ഇയാൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ പണം എത്തിക്കാനാണ് യുവതിയോട് ആവശ്യപ്പെട്ടത്. തുടർന്ന് വിജിലൻസിന്റെ സഹായത്തോടെ യുവതി പണവുമായി ഇയാളുടെ താമസസ്ഥലത്തേക്ക് പോകുകയായിരുന്നു. പണം നൽകി മുറിയിൽ നിന്നും യുവതി ഇറങ്ങിയതിന് പിന്നാലെ വിജിലൻസ് ഉദ്യോഗസ്ഥർ വാതിലിൽ മുട്ടി. എന്നാൽ ഇയാൾ വാതിൽ തുറക്കാൻ കൂട്ടാക്കിയില്ല.

പന്തികേട് തോന്നിയതിനെത്തുടർന്ന് ഇയാൾ പണം വാങ്ങിയശേഷം ടോയ്ലറ്റിൽ ഇട്ട് ഫ്ലഷ് ചെയ്യുകയായിരുന്നു. താൻ പണം വാങ്ങിയിട്ടില്ലെന്നാണ് ഇയാൾ പറഞ്ഞത്. എന്നാൽ പിന്നീട് കൃത്യമായി ചോദ്യം ചെയ്തപ്പോഴാണ് പണം ക്ലോസറ്റിൽ ഇട്ട് ഫ്ലഷ് ചെയ്ത കാര്യം പറയുന്നത്.

തുടർന്ന്, ഹൈ പ്രഷർ പമ്പ് ഉപയോഗിച്ച് ക്ലോസറ്റ് പൊളിച്ചു മാറ്റിയ ശേഷമാണ് തെളിവായ പതിനായിരം രൂപ പൈപ്പിൽ നിന്നും വീണ്ടെടുത്തു. പ്രതിയെ വിജിലൻസ് കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.