കൊച്ചി: കളമശ്ശേരി പോളിടെക്‌നിക് കോളേജ് ഹോസ്റ്റലില്‍നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുന്നു. ഏഴുതവണ ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ചതായി പ്രതികള്‍ സമ്മതിച്ചു. ആറുമാസം മുന്‍പാണ് കഞ്ചാവ് ഇടപാട് തുടങ്ങിയതെന്നും ഹോസ്റ്റലില്‍ ലഹരി ഇടപാടുകള്‍ ഏകോപിപ്പിച്ചിരുന്നത് അനുരാജാണെന്നും പോലീസ് വ്യക്തമാക്കി. ഇയാള്‍ പലരില്‍നിന്നും പണം സമാഹരിച്ചിരുന്നു. ഹോസ്റ്റലില്‍ ഹോളി ആഘോഷത്തിനായി കഞ്ചാവ് എത്തിക്കുന്നതിനായി ഓണ്‍ലൈന്‍ പണമിടപാടിലൂടെ 16,000 രൂപ സമാഹരിച്ചു. 

To advertise here,

ഈ തുക പൂര്‍വ വിദ്യാര്‍ഥികളായ ആഷിഖ്, ഷാലിക്ക് എന്നിവര്‍ക്ക് അനുരാജ് കൈമാറിയെന്നും മൊഴി നല്‍കിയിട്ടുണ്ട്. ഓണ്‍ലൈനല്ലാതെ നേരിട്ടും പണം നല്‍കിയവരുണ്ടെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. ഓണ്‍ലൈന്‍ പണമിടപാടില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഇവരുടെ മൊഴിയെടുക്കും. പ്രതികളുടെ മൊഴികളും ഇവരുടെ ഫോണ്‍-ബാങ്ക് ഇടപാടുകളും പോലീസ് പരിശോധിച്ചു വരുകയാണ്. ഇതിനുശേഷം പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് വ്യക്തമാക്കി.

ഹോളി ആഘോഷത്തിന്റെ ഭാഗമായി വന്‍തോതില്‍ ലഹരിവസ്തുക്കള്‍ കോളേജ് ഹോസ്റ്റലിലേക്കെത്തിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് രണ്ട് കിലോ കഞ്ചാവുമായി വിദ്യാര്‍ഥികളായ ആകാശ്, ആദിത്യന്‍, അഭിരാജ് എന്നിവര്‍ പിടിയിലായത്. പിറ്റേന്ന് ഇവര്‍ക്ക് കഞ്ചാവ് എത്തിച്ച രണ്ട് പൂര്‍വ വിദ്യാര്‍ഥികളും പിടിയിലായി. പിന്നീടാണ് കഞ്ചാവിനായി പണപ്പിരിവ് നടത്തിയ അനുരാജ് പിടിയിലായത്.