ന്യൂഡല്‍ഹി: പുണെയില്‍ മദ്യലഹരിയില്‍ ആഡംബരകാറോടിച്ച് രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ കൗമാരക്കാരന്റെ ജാമ്യവ്യവസ്ഥയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഏഴ് നിര്‍ദേശങ്ങളാണ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ ഉത്തരവിലുള്ളത്. ഉപന്യാസം എഴുതുക, ട്രാഫിക് പോലീസിനെ സഹായിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ നേരത്തേതന്നെ പുറത്തുവന്നിരുന്നു. മേയ് 19-ഞായറാഴ്ചയാണ് 17-കാരന്‍ ഓടിച്ച ആഡംബര കാര്‍ മോട്ടോര്‍സൈക്കിളുമായി കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചത്. 

To advertise here,

റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് സന്ദര്‍ശിച്ച് എല്ലാ നിയമങ്ങളും ചട്ടങ്ങളും പഠിച്ച് പ്രസന്റേഷന്‍ തയ്യാറാക്കണമെന്നും 15-ദിവസങ്ങള്‍ക്കകം അത് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുമ്പാകെ ഹാജരാക്കണമെന്നും ഉത്തരവിലുണ്ട്. റോഡപകടങ്ങളും അതിന്റെ പരിഹാരങ്ങളെ സംബന്ധിച്ചും 300-വാക്കില്‍ ഉപന്യാസമെഴുതണം. 

15-ദിവസം ആര്‍.ടി.ഒ ഉദ്യോഗസ്ഥനെ സഹായിക്കുകയും ട്രാഫിക് നിയമങ്ങള്‍ പഠിക്കുകയും വേണം. ഇതിന്റെ റിപ്പോര്‍ട്ട് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് നല്‍കണം. ലഹരി വിമുക്ത കേന്ദ്രത്തില്‍ കൗണ്‍സിലിങ്ങിന് വിധേയനായി അതിന്റെ റിപ്പോര്‍ട്ട് നല്‍കണം. പുണെ സാസ്സന്‍ ആശുപത്രിയിലെ സൈക്കാട്രിസ്റ്റ് ഡോക്ടറുടെ അടുത്ത് പരിശോധനയ്ക്ക് വിധേയമായി 15-ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. 

ഭാവിയില്‍ ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളില്‍ കുട്ടി ഏര്‍പ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും മോശം കൂട്ടുകെട്ടില്‍നിന്ന് കുട്ടിയെ അകറ്റിനിര്‍ത്തണമെന്നും രക്ഷാകര്‍ത്താവിനോട് നിര്‍ദേശിച്ചിട്ടുണ്ട്. ആവശ്യമുള്ള സമയത്ത് കുട്ടിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുമ്പാകെ ഹാജരാക്കണമെന്ന നിര്‍ദേശവുമുണ്ട്. കുട്ടിയുടെ മുത്തശ്ശന്‍ ഇത് പാലിക്കുമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ജാമ്യം നല്‍കിയത്.

കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ 02:15-ഓടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. 17-കാരന്‍ 200 കിമോമീറ്ററോളം വേഗതയിലോടിച്ച കാറിടിച്ച് ബൈക്ക് യാത്രികരായ യുവ എഞ്ചിനീയര്‍മാര്‍ മരിക്കുകയായിരുന്നു. മധ്യപ്രദേശിലെ ബിര്‍സിങ്പുര്‍ സ്വദേശി അനീഷ് ആവാഡിയ(24), ജബല്‍പുര്‍ സ്വദേശിനി അശ്വിനി കോഷ്ത(24) എന്നിവര്‍ക്കായിരുന്നു ദാരുണാന്ത്യമുണ്ടായത്. കാറോടിച്ച പതിനേഴുകാരനെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും 15 മണിക്കൂറിനുള്ളില്‍ പ്രതിക്ക് ജാമ്യം അനുവദിച്ചത് വലിയ വിമര്‍ശനത്തിനിടയാക്കിയിരുന്നു. ഇത് വലിയ വിവാദത്തിലായതോടെയാണ് പിതാവിനെയടക്കം പോലീസ് അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് പബ്ബ് മാനേജര്‍, പബ്ബ് ഉടമ, 17 കാരന്റെ പിതാവ് എന്നിവരാണ് പിടിയിലായിട്ടുള്ളത്. പബ്ബ് അടച്ചുപൂട്ടി.