ബ്രിട്ടീഷ് ആഡംബര ബ്രാണ്ടായ ജാഗ്വാർ ലാൻഡ് റോവറിനെ (JLR) ഇന്ത്യയിലെ ടാറ്റ മോട്ടോഴ്‌സ് ഏറ്റെടുത്തത് 2008-ലാണ്. ടാറ്റയുടെ ആഗോള സാന്നിധ്യം ശക്തമാക്കിയ നീക്കം വാഹനലോകത്തെ ഞെട്ടിക്കുകയും വലിയ ചർച്ചകൾക്ക് വഴിവെക്കുകയും ചെയ്തിരുന്നു. വർഷങ്ങൾക്കിപ്പുറം വീണ്ടുമൊരു വമ്പൻ നീക്കം നടത്താനൊരുങ്ങുകയാണ് ടാറ്റയുടെ ഉപകമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസ്.

To advertise here,

പോർഷേ എജിയുടെ ഉപസ്ഥാപനമായ MHP Management- und IT-Beratung GmbH - MHPയുടെ 100 ശതമാനം ഓഹരികളും ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്)32 കോടി യൂറോ (ഏകദേശം 3,574 കോടി രൂപ)യുടേതാണ് ഏറ്റെടുക്കൽ. ജർമ്മൻ സ്‌പോർട്‌സ് കാർ നിർമ്മാതാക്കളായ പോർഷേയും ടിസിഎസും തമ്മിലുള്ള 125 കോടി യൂറോയുടെ അഞ്ച് വർഷത്തെ സമഗ്ര പങ്കാളിത്തത്തിന്റെ ഭാഗമാണ് ഈ ഏറ്റെടുക്കൽ.

ടിസിഎസിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ടാറ്റ കൺസൾട്ടൻസി സർവീസസ് നെതർലാൻഡ്‌സ് ബിവി വഴിയാണ് ഈ ഏറ്റെടുക്കൽ നടപ്പിലാക്കുക. യൂറോപ്യൻ കമ്മീഷന്റെയും ജർമ്മനി, റൊമാനിയ എന്നിവിടങ്ങളിലെ അധികാരികളുടെയും അനുമതികൾക്ക് വിധേയമായി, അടുത്ത 3 - 4 മാസത്തിനുള്ളിൽ ഇടപാട് പൂർത്തിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഈ സഹകരണത്തിന്റെ ഭാഗമായി പോർഷേയ്ക്കുവേണ്ടി ടിസിഎസ് പ്രത്യേക എഐ മൊബിലിറ്റി സെന്റർ ഓഫ് എക്‌സലൻസ് (CoE) സ്ഥാപിക്കും. കമ്പനിയുടെ കാർ നിർമ്മാണം, എൻജിനീയറിങ്, പ്രവർത്തനങ്ങൾ, ഉപഭോക്തൃ അനുഭവം എന്നീ വിഭാഗങ്ങളിലുടനീളം നിർമിതബുദ്ധി (എഐ) ഉപയോഗ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിൽ ഈ കേന്ദ്രം ശ്രദ്ധ കേന്ദ്രീകരിക്കും.

എഐ അടിസ്ഥാനമാക്കിയുള്ളതും സോഫ്റ്റ്‌വെയർ-നിർവചിക്കുന്നതുമായ ഭാവിയിലെ മൊബിലിറ്റി അനുഭവം ഉപയോക്താക്കൾക്ക് നൽകുന്നതിനായ് പോർഷേയ്ക്കുവേണ്ടി കമ്പനി വൻതോതിൽ എഐ പദ്ധതികൾ നടപ്പാക്കുകയും നവീകരണത്തിന് വേഗം പകരുകയും ചെയ്യുമെന്ന് ടിസിഎസ് സിഇഒയും എംഡിയുമായ കെ കൃതിവാസൻ പറഞ്ഞു.

ജർമ്മനിയിലെ ലുഡ്വിഗ്‌സ്ബർഗ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന എംഎച്ച്പി ഓട്ടോമോട്ടീവ്, മാനുഫാക്ചറിങ്, എയ്‌റോസ്‌പേസ്, ഡിഫൻസ്, എനർജി, പൊതുമേഖല തുടങ്ങിയ വിവിധ മേഖലകളിൽ മാനേജ്‌മെന്റ്, ഐടി കൺസൾട്ടൻസി സേവനങ്ങൾ നൽകിവരുന്ന സ്ഥാപനമാണ്. ഏകദേശം 4,500 ജീവനക്കാരുള്ള കമ്പനി, 2025 സാമ്പത്തിക വർഷത്തിൽ 742 ദശലക്ഷം യൂറോ വിറ്റുവരവാണ് രേഖപ്പെടുത്തിയിരുന്നു.

പോർഷേയുടെ ഓട്ടോമോട്ടീവ് വൈദഗ്ധ്യവും ടിസിഎസിന്റെ ഡിജിറ്റൽ സാങ്കേതികവിദ്യയും എഐ കഴിവുകളും സംയോജിപ്പിക്കുന്നതിലൂടെ കാര്യക്ഷമത വർധിപ്പിക്കാനും മത്സരക്ഷമത മെച്ചപ്പെടുത്താനും കമ്പനിക്ക് സാധിക്കുമെന്ന് പോർഷേ എജി സിഇഒ മൈക്കൽ ലെയ്‌റ്റേഴ്‌സ് പറഞ്ഞു.