ഭുവനേശ്വര്‍: രോഗം ഭേദമാകാനായി ഒരു മാസം പ്രായമുള്ള കുഞ്ഞിനോട് ക്രൂരത കാട്ടി മാതാപിതാക്കള്‍. കുഞ്ഞിന്റെ രോഗം ഭേദമാകാന്‍ മാതാപിതാക്കള്‍ പാരമ്പര്യ ചികിത്സാ വിദഗ്ദ്ധന്റെ അടുത്തെത്തുകയായിരുന്നു. ഇയാള്‍ ഇരുമ്പുവടി ചൂടാക്കി കുഞ്ഞിന്റെ ദേഹത്ത് 40 തവണ വെച്ചു. ഒഡിഷയിലെ ചന്ദഹണ്ഡിയിലെ ഫുന്ദെല്‍പദ ഗ്രാമത്തിലാണ് സംഭവം. സരോജ് കുമാര്‍ നായക് എന്നയാളുടെ മകനാണ് ഈ ക്രൂരകൃത്യത്തിന് ഇരയായത്. 

To advertise here,

നിലവില്‍ കുഞ്ഞ് ഉമര്‍കോട്ടിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. കുഞ്ഞിന്റെ തലയിലും വയറ്റിലുമായി ഇരുമ്പുവടി കൊണ്ട് ചുട്ടുപൊള്ളിച്ചതിന്റെ 40 പാടുകളുണ്ട്. 

പനിയും ജലദോഷവും ബാധിച്ച കുഞ്ഞിനെ അടുത്തുള്ള ആശുപത്രിയില്‍ കാണിച്ചിരുന്നു. രോഗം ഭേദമാകാത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പാരമ്പര്യ ചികിത്സാ വിദഗ്ദ്ധന്റെ അടുത്തെത്തി. ഇരുമ്പുവടി കൊണ്ട് ചുട്ടുപൊള്ളിച്ചാല്‍ രോഗം ഭേദമാകുമെന്ന് മാതാപിതാക്കളെ തെറ്റിദ്ധരിപ്പിച്ച ഇയാൾ നാലു ദിവസം ഇങ്ങനെ ചെയ്തു. 

പൊള്ളലേറ്റ ഭാഗത്ത് പഴുപ്പ് വന്ന് ഗുരുതരാവസ്ഥയിലായതോടെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. രോഗങ്ങളുടെ പേരില്‍ കുഞ്ഞുങ്ങള്‍ക്കെതിരായ അതിക്രമം തടയുന്നതിനായി ആരോഗ്യവകുപ്പ് ബോധവത്കരണം നടത്തുമെന്ന് നബരംഗ്പുര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സന്തോഷ് വ്യക്തമാക്കി.