തിരുവനന്തപുരം: കോവളം സ്പാ പീഡനക്കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. കേസിലെ ഇരയായ പതിനാറുകാരിയെ അഞ്ചുലക്ഷം രൂപയ്ക്കാണ് വിറ്റതെന്ന് അന്വേഷണസംഘം കണ്ടെത്തി. കുട്ടിയുടെ ഇളയമ്മയുടെ ഭർത്താവിന്റെ ബാങ്ക് അക്കൗണ്ട് രേഖകൾ പരിശോധിച്ചപ്പോഴാണ് നിർണായക വിവരങ്ങൾ ലഭിച്ചത്.

To advertise here,

കേസിലെ രണ്ടാം പ്രതിക്ക് മൂന്ന് ബാങ്ക് അക്കൗണ്ടുകളുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി തുക ഇരയുടെ ഇളയമ്മയുടെ ഭർത്താവിന്റെ അക്കൗണ്ടിലേക്ക് കൃത്യമായി നിക്ഷേപിക്കപ്പെട്ടിട്ടുണ്ടെന്ന് ബാങ്ക് രേഖകൾ വ്യക്തമാക്കുന്നു. കേസിൽ ഉൾപ്പെട്ട ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിന് കൂടുതൽ സ്പാകളുമായി അടുത്ത ബന്ധമുണ്ടെന്ന് പ്രത്യേകാന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

കേസിൽ കൂടുതൽ പ്രതികൾക്ക് പങ്കുണ്ടോ എന്നതിനെക്കുറിച്ച് അന്വേഷണ സംഘം വിശദമായി പരിശോധിച്ചുവരികയാണ്. വരുംദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകാൻ സാധ്യതയുണ്ട്.

പെൺകുട്ടിയെ വെച്ച് ലക്ഷങ്ങളുടെ വരുമാനമാണ് പ്രതികൾ ഉണ്ടാക്കിയതെന്നാണ് വിവരം. കോർപ്പറേഷന്റെ ഉള്ളൂർ സോണലിലെ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ അനുരൂപിന് ഡ്രീംസ് സ്പായ്ക്ക് പുറമെ ബീച്ച് റോഡിലുള്ള ഹീലിങ് ഹാൻഡ്സ് സ്പായിലും നിക്ഷേപമുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. മറ്റുള്ള സ്പാകളുടെയും പിന്നിൽ ഇയാളാണോ എന്നതും അന്വേഷിക്കുന്നുണ്ട്.

ഡ്രീംസ് എന്ന സ്പാ വഴിയും കോവളം ബീച്ച് റോഡിലുള്ള ഹീലിങ് ഹാൻഡ്‌സ് സ്പാ വഴിയും ലക്ഷങ്ങളുടെ വരുമാനമാണ് പ്രതികൾ നേടിയിട്ടുള്ളതെന്നും വലിയൊരു വിഹിതം അനുരൂപിന്റെ അക്കൗണ്ടുകളിലാണ് എത്തിയിരുന്നതെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. പ്രതികൾക്കെതിരേ പോക്‌സോയ്ക്കും മനുഷ്യക്കടത്തിനുമാണ് കോവളം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

അട്ടക്കുളങ്ങര ജയിലിലുള്ള കേസിലെ ഒന്നാം പ്രതി ആന്ധ്രയിലെ പാലസമുദ്രം സ്വദേശിനി, അഞ്ചാം പ്രതി നെയ്യാറ്റിൻകര ജയിലിലുള്ള പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ അനുരൂപ് എന്നിവരെ എസ്.ഐ.ടി. തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങി കോവളത്തെ സ്പാകളിലെത്തിച്ച് തെളിവെടുക്കും. ഇവർക്കുശേഷം മറ്റു പ്രതികളായ ഹെൽത്ത് ഇൻസ്‌പെക്ടർ വി.സി. മായ, സ്പാ നടത്തിപ്പുകാരായ നിഷാന്ത്, സജിത്ത് എന്നിവരെ തെളിവെടുപ്പിനെത്തിക്കും.