മംഗലംഡാം: ഭാര്യയെ വെടിവെച്ച് കൊന്നശേഷം ഭര്‍ത്താവ് സ്വയം വെടിയുതിര്‍ത്ത് മരിച്ച സംഭവത്തില്‍ ഉപയോഗിച്ചത് അനധികൃത നാടന്‍തോക്ക്. നീളം കൂടിയ ട്വല്‍വ് ബോര്‍ തോക്കിന്റെ മാതൃകയില്‍ അനധികൃതമായി നിര്‍മിച്ച നാടന്‍തോക്കാണിതെന്ന് ജില്ലാ ആര്‍മര്‍ വിഭാഗം നടത്തിയ പരിശോധനയില്‍ സ്ഥിരീകരിച്ചു. ഇവര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആയുധനിയമപ്രകാരം മംഗലംഡാം പോലീസ് കേസെടുത്തു.

To advertise here,

തോക്കിന്റെ ഉറവിടം കണ്ടെത്തുന്നതിനുള്ള അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച രാവിലെയാണ് കോയമ്പത്തൂരിലെ വീട്ടില്‍ ഭാര്യ സംഗീതയെ (47) വെടിവെച്ച് കൊന്നശേഷം ഭര്‍ത്താവ് കൃഷ്ണകുമാര്‍ (52) വണ്ടാഴി ഏറാട്ടുകുളമ്പിലുള്ള കുടുംബവീട്ടിലെത്തി സ്വയം വെടിയുതിര്‍ത്ത് മരിച്ചത്. കൃഷ്ണകുമാര്‍ സഞ്ചരിച്ച കാറില്‍നിന്ന് മൂന്ന് തിരകള്‍ പോലീസ് കണ്ടെടുത്തിരുന്നു. ഇത് ട്വല്‍വ് ബോര്‍ തോക്കിലുപയോഗിക്കുന്ന തിരയാണെന്ന് പരിശോധനയില്‍ സ്ഥിരീകരിച്ചു. 50 സെന്റീമീറ്റര്‍ നീളമാണ് തോക്കിനുള്ളത്. കുഴലിന് 31 സെന്റീമീറ്ററും.

കൃഷ്ണകുമാറിന്റെ അച്ഛന്‍ സുന്ദരന് ട്വല്‍വ് ബോര്‍ തോക്കിന് ലൈസന്‍സുള്ളതാണ്. ഇതില്‍ ഉപയോഗിക്കുന്നതിനായി വാങ്ങിവെച്ചിരുന്ന തിരയാണോ കൃഷ്ണകുമാര്‍ എടുത്തതെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. തോക്ക് ലൈസന്‍സുള്ളവര്‍ക്കുമാത്രമേ, ആര്‍മറി സ്ഥാപനത്തില്‍നിന്ന് തിരകള്‍ നല്‍കുകയുള്ളൂവെന്നതിനാല്‍ ആര്‍മറി സ്ഥാപനം കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തും. നാടന്‍തോക്ക് നിര്‍മിച്ചുനല്‍കുന്ന കേന്ദ്രങ്ങളെക്കുറിച്ചും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ജില്ലാ ആര്‍മറര്‍ എസ്.ഐ. വി. ശിവകുമാര്‍, സി.പി.ഒ. എ. അരുണ്‍ എന്നിവരാണ് തോക്ക് പരിശോധിച്ചത്. വടക്കഞ്ചേരി പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്. അനീഷ്, എസ്.ഐ. കെ.എ. ഷാജു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം.

സംഗീതയുടെ മരണത്തില്‍ കൊലപാതകത്തിന് കേസെടുത്ത കോയമ്പത്തൂര്‍ സൂളൂര്‍ പോലീസ് വണ്ടാഴിയിലെത്തി പ്രാഥമികാന്വേഷണം നടത്തി. സംഗീതയും കൃഷ്ണകുമാറും തമ്മില്‍ കുറച്ചുകാലമായി കുടുംബപ്രശ്‌നങ്ങളെത്തുടര്‍ന്ന് തര്‍ക്കം നിലനിന്നിരുന്നെന്നും ഇതാകാം സംഭവത്തിലേക്ക് നയിച്ചതെന്നുമാണ് പോലീസിന്റെ നിഗമനം.