ഹൈദരാബാദ്: ഓൺലൈൻ വായ്പ ആപ്പ് ഏജൻ്റുമാർ ഭാര്യയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും അയച്ചുകൊടുത്തതിനെ തുടർന്ന് യുവാവ് ജീവനൊടുക്കി. ആന്ധ്രാപ്രദേശ് വിശാഖപട്ടണം സ്വദേശിയായ നരേന്ദ്ര(25) ആണ് മരിച്ചത്. 

To advertise here,

ഒക്‌ടോബർ 28 നായിരുന്നു നരേന്ദ്ര വിവാഹിതനായത്. വിശാഖപട്ടണത്താണ് ദമ്പതികൾ താമസിച്ചിരുന്നത്.  മത്സ്യബന്ധന തൊഴിലാളിയായിരുന്നു നരേന്ദ്ര. കാലാവസ്ഥാ വ്യതിയാനം കാരണം, കുറച്ച് ദിവസത്തേക്ക് മത്സ്യബന്ധനത്തിന് പോകാൻ കഴിയാതിരുന്നത് കനത്ത സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചതോടെയാണ് യുവാവ് ഓൺലൈൻ വായ്പ ആപ്പിൽ നിന്ന് പണം വായ്പയെടുത്തത്.

2000 രൂപയായിരുന്നു വായ്പയെടുത്തത്. ആഴ്ചകൾക്കുള്ളിൽ ലോൺ തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ട് ഏജന്റുമാർ ഭീഷണിപ്പെടുത്തി തുടങ്ങി. അധിക്ഷേപകരമായ സന്ദേശങ്ങൾ അയക്കുകയും നിരന്തരമായി ഫോൺ വിളിക്കുകയും ചെയ്തു. നരേന്ദ്രയുടെ കോൺടാക്റ്റ് ലിസ്റ്റിലുള്ള സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഏജൻ്റുമാർ ഭാര്യയുടെ മോർഫ് ചെയ്ത ഫോട്ടോകൾ അയച്ചുകൊടുത്തു. ദൃശ്യങ്ങൾ  ഭാര്യയുടെ ഫോണിലെത്തിയതോടെയാണ് സംഭവം നരേന്ദ്ര അറിയുന്നത്.

തുടർന്ന് മുഴുവൻ തുകയും തിരികെ നൽകാൻ ദമ്പതികൾ തീരുമാനിച്ചെങ്കിലും ഫലമുണ്ടായില്ല.  പരിചയമുള്ളവർ വിളിച്ച് ചിത്രങ്ങൾ പ്രചരിക്കുന്നതിനെ കുറിച്ച് ആരാഞ്ഞതോടെ യുവാവ് മാനസികമായി തകർന്നു. പിന്നാലെ ജീവനൊടുക്കുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)