കണ്ണൂര്‍: ആത്മീയവഴിയിലൂടെ ആഗ്രഹങ്ങള്‍ സാധിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് കോടികള്‍ തട്ടിയ സംഭവത്തില്‍ മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും പരാതി. കോട്ടയം പാലാ പൂവരണി സ്വദേശി സതീഷ് കല്ലക്കുളമാണ് പരാതി നല്‍കിയത്. ഹിമാലയന്‍ മിസ്റ്റിക് തേര്‍ഡ് ഐ ട്രസ്റ്റിന്റെ പേരില്‍ തട്ടിപ്പുനടത്തിയതായി ആരോപിച്ച് ഡോ. അഷ്റഫ്, അനിരുദ്ധന്‍, കെ.എസ്.പണിക്കര്‍, വിനോദ് കുമാര്‍, സനല്‍, ഡോ. അഭിനന്ദ് എന്നിവര്‍ക്കെതിരെ മമ്പറം സ്വദേശിയായ റിട്ട. അധ്യാപകന്‍ പ്രശാന്ത് മാറോളിയുടെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് നേരത്തേ കേസെടുത്തിരുന്നു. ചട്ടുകപ്പാറ സ്വദേശി എം.പി.ഹിമോജും പരാതി നല്‍കിയിട്ടുണ്ട്.

To advertise here,

നിരവധിപേരില്‍നിന്നായി 12 കോടിയോളം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. ആത്മീയകാര്യങ്ങള്‍ കൈവരിക്കാന്‍ യൂട്യൂബില്‍ പരസ്യം നല്‍കിയാണ് തട്ടിപ്പ്.

ഉയര്‍ന്ന സാമ്പത്തികം, വിദ്യാഭ്യാസത്തില്‍ ഉന്നതി, ജോലി ഉയര്‍ച്ച, സന്താനഭാഗ്യം തുടങ്ങിയവ ലഭിക്കുമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ്. വിവിധ ജില്ലകളില്‍ പ്രധാന ഹോട്ടലുകള്‍ കേന്ദ്രീകരിച്ചാണ് ക്ലാസുകള്‍. ഒന്നാം പ്രതി ഡോ. അഷറഫ് എന്ന അഷറഫ് ബാബയാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഹിമാലയന്‍ ഗുരു എന്നാണ് അറിയപ്പെടുന്നത്. ഗുരുദക്ഷിണയായി 14,000 രൂപയാണ് പ്രവേശന ഫീസായി വാങ്ങുന്നത്.

ഗുരുവിന്റെ അനുഗ്രഹത്തിനായി 10,000 മുതല്‍ ലക്ഷങ്ങള്‍ വരെ വേറെയുമുണ്ട്. ഇതിനായി 1,000 പേരടങ്ങുന്ന വാട്‌സാപ് കൂട്ടായ്മയുമുണ്ട്. നേട്ടം ലഭിച്ചുവെന്ന് അവകാശപ്പെടുന്നവരുടെ അനുഭവങ്ങളും വിവരങ്ങളും മറ്റുള്ളവരുടെ വിശ്വാസം നേടാനായി ഗ്രൂപ്പില്‍ പങ്കുവെക്കും. എന്നാല്‍ പണം നല്‍കി കുറേ നാളുകള്‍ക്ക് ശേഷവും നേട്ടങ്ങളില്ലാതെ വന്നപ്പോഴാണ് പലരും പരാതിയുമായി പോലീസിനെ സമീപിച്ചത്.