കോഴിക്കോട്: മാരക മയക്കുമരുന്നായ ഹെറോയിനുമായി പശ്ചിമബംഗാൾ സ്വദേശി പിടിയിൽ. ബംഗ്ലാദേശിൽനിന്ന്‌ കടത്തിക്കൊണ്ടുവന്ന ഹെറോയിൻ വിൽപ്പന നടത്തുന്നതിനിടെ പുല്ലാളൂരിൽവെച്ച് പശ്ചിമബംഗാൾ സ്വദേശി കൽസർ അലി (29) യെയാണ് കോഴിക്കോട് സർക്കിൾ ഇൻസ്പെക്ടർ ടി. രാജീവും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്.

To advertise here,

കുറേപ്പേർ ടിടിയും സിറിഞ്ചും അസാധാരണമാംവിധം വാങ്ങുന്നത് ശ്രദ്ധയിൽപ്പെട്ട മെഡിക്കൽഷോപ്പ് അധികൃതർ രഹസ്യവിവരം നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൽസർ അലി 30 ഗ്രാം ഹെറോയിനുമായി പിടിയിലായത്. ഇതരസംസ്ഥാന തൊഴിലാളികൾ വഴി ബംഗ്ലാദേശിൽനിന്ന്‌ കൈമാറ്റം ചെയ്യപ്പെട്ട് കടത്തിക്കൊണ്ടുവരുന്ന ഹെറോയിൻ ജില്ലയുടെ പലഭാഗങ്ങളിലായി വിൽപ്പന നടത്തുന്നതിലെ ഒരു പ്രധാനകണ്ണിയാണ് ഇയാളെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ഗ്രാമിന് ആയിരംരൂപ നിരക്കിൽ വാങ്ങുന്ന ഹെറോയിൻ ഒരുഗ്രാമിന് 2000 രൂപ വെച്ചാണ് ഇയാൾ വിദ്യാർഥികൾ അടങ്ങുന്ന ആവശ്യക്കാർക്ക് വിൽപ്പന നടത്തുന്നത്. മാസത്തിലൊരിക്കൽ ബംഗ്ലാദേശിൽനിന്ന്‌ ഹെറോയിൻ എത്തിക്കുന്ന മുഖ്യസൂത്രധാരനെക്കുറിച്ചുള്ള വിവരങ്ങൾ എക്സൈസ് സംഘത്തിന് ലഭിച്ചിട്ടുണ്ട്. അയാളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. വരുംദിവസങ്ങളിൽ കർശനമായ പരിശോധന ഉണ്ടാകുമെന്ന് കോഴിക്കോട് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ആർ.എൻ. ബൈജു അറിയിച്ചു.

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി. ഉണ്ണികൃഷ്ണൻ, പ്രിവൻറീവ് ഓഫീസർ കെ. പ്രവീൺകുമാർ, കെ. ജുബീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.കെ. രസൂൺകുമാർ, എ.എം. അഖിൽ, കെ. ദീപക്, തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.