
അമൃത്സര്‍: പഞ്ചാബില്‍ ശിരോമണി അകാലിദള്‍ നേതാവിനെ അജ്ഞാതര്‍ വെടിവെച്ച് കൊന്നു. അമൃത്സറിലെ ജണ്ഡ്യാല ഗുരുവിലെ അകാലിദള്‍ കൗണ്‍സിലറായ ഹര്‍ജീന്ദര്‍ സിങ് ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച ടൗണിലെ ഒരു ഗുരുദ്വാരയ്ക്ക് സമീപത്തായിരുന്നു സംഭവം.
ബൈക്കില്‍ മുഖംമറച്ചെത്തിയവരാണ് ഹര്‍ജീന്ദര്‍ സിങ്ങിനെ വെടിവെച്ച് കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. നാലുപേരാണ് അക്രമിസംഘത്തിലുണ്ടായിരുന്നത്. രണ്ട് തവണ ഹര്‍ജീന്ദറിന്റെ തലയ്ക്ക് വെടിയേറ്റു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.
ഏതാനും ദിവസങ്ങൾക്ക് മുൻപും ഹര്‍ജീന്ദറിന്റെ വീടിന് നേരേ വെടിവെപ്പ് ഉണ്ടായിരുന്നു. ഈ അക്രമികൾ തന്നെയാണ് കൊലപാതകത്തിന് പിന്നിലെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ ആരോപിച്ചു. ഹര്‍ജീന്ദറിന് നേരേ ഇവര്‍ ഭീഷണി മുഴക്കിയിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു. നേരത്തേ മുഖംമറച്ചെത്തിയ അക്രമികള്‍ ഹര്‍ജീന്ദറിന്റെ വീടിന് നേരേ വെടിയുതിര്‍ക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ മുതിര്‍ന്ന അകാലിദള്‍ നേതാവ് ബീക്കാറം സിങ് സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. ആംആദ്മി സര്‍ക്കാരിന്റെ ഭരണത്തില്‍ പഞ്ചാബിലെ ക്രമസമാധാനനില തകര്‍ന്നിരിക്കുകയാണെന്നും ബീക്കാറാം സിങ് കുറ്റപ്പെടുത്തി. അതേസമയം, പ്രതികളെ തിരിച്ചറിഞ്ഞതായും സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.
Content Highlights: Harjinder Singh, an Akali Dal councilor, was shot dead in Amritsar, Punjab
Published: 25 May 2025, 08:41 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented