കൊച്ചി: കോഴിക്കോട് സ്വദേശി ഹാരിസ്, സഹപ്രവര്‍ത്തക ചാലക്കുടി സ്വദേശിനി ഡന്‍സി എന്നിവരെ അബുദാബിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന്റെ അന്വേഷണം സി.ബി.ഐക്ക് കൈമാറാന്‍ ഹൈക്കോടതിയുടെ ഉത്തരവ്. 2020 മാര്‍ച്ചിലാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് നിലമ്പൂര്‍ പോലീസ് എടുത്ത കേസിന്റെ അന്വേഷണം സി.ബി.ഐക്ക് കൈമാറാനാണ് ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ ഉത്തരവിട്ടത്.

To advertise here,

മലയാളിവ്യവസായി ഹാരിസിന്റെയും സഹപ്രവര്‍ത്തകയുടെയും മരണം ആത്മഹത്യയാണെന്നായിരുന്നു അബുദാബി പോലീസിന്റെ നിഗമനം. എന്നാല്‍, 2022 ഏപ്രില്‍ 29-ാം തിയതി തിരുവനന്തപുരം സെക്രട്ടേറിയേറ്റിനുമുമ്പില്‍ സലിം, നൗഷാദ് സക്കീര്‍ എന്നീ യുവാക്കള്‍ ആത്മഹത്യശ്രമം നടത്തി. നിലമ്പൂരില്‍ പാരമ്പര്യവൈദ്യന്‍ ശാബ ഷെരീഫിനെ കൊലചെയ്ത കേസിലെ ഒന്നാംപ്രതി ഷൈബിന്‍ അഷ്റഫ്, അപായപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും ഷൈബിന്റെ നിര്‍ദേശപ്രകാരമാണ് അദ്ദേഹത്തിന്റെ മുന്‍ പാര്‍ട്ണറായ കോഴിക്കോട് സ്വദേശി ഹാരിസിനെ അബുദാബിയില്‍വെച്ച് കൊലപ്പെടുത്തിയതെന്നും വെളിപ്പെടുത്തിയത് വിവാദമായിരുന്നു.

ഇതേത്തുടര്‍ന്ന് ഹാരിസിന്റെ കുടുംബാംഗങ്ങള്‍ നല്‍കിയ പരാതിയില്‍ കോടതിനിര്‍ദേശപ്രകാരമാണ് നിലമ്പൂര്‍ പോലീസ് കേസെടുത്തത്. കൊല്ലപ്പെട്ട ഹാരിസിന്റെ മാതാവ് ടി.പി. സാറബി നല്‍കിയ റിട്ട് ഹര്‍ജിയിലാണ് അന്വേഷണം സി.ബി.ഐ.ക്ക് കൈമാറാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഹര്‍ജിക്കാരിക്കായി അഡ്വ. അര്‍ജുന്‍ ശ്രീധര്‍ ഹാജരായി.