ഹരിപ്പാട്: കരുവാറ്റയിൽ വയോധികനെ മൂന്നു കൗമാരക്കാർ ചേർന്നു കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. കരുവാറ്റ മാടപ്പുരയ്ക്കൽ പടീറ്റതിൽ ശിവൻകുട്ടിചെട്ടിയാർ (67) ആണ് ശനിയാഴ്ച രാത്രി കൊല്ലപ്പെട്ടത്. വയോധികനെ കൊലപ്പെടുത്താൻ എട്ടാംക്ലാസ് വിദ്യാർഥിനി കൂട്ടുകാരുടെ സഹായം തേടിയതു രക്ഷപ്പെടാൻ പ്രായം തുണയാകുമെന്നു പറഞ്ഞുകൊടുത്തുകൊണ്ടാണെന്ന് പോലീസ് സൂചിപ്പിച്ചു.

To advertise here,

പ്രായം കുറഞ്ഞ കുറ്റാരോപിതർക്കു ലഭിക്കുന്ന നിയമപരിരക്ഷയെക്കുറിച്ച് പെൺകുട്ടിക്ക് അറിവുണ്ടായിരുന്നു. മുൻപ് പിണങ്ങി വീടുവിട്ട പെൺകുട്ടി, രണ്ടുപ്രാവശ്യം സാമൂഹികക്ഷേമവകുപ്പിന്റെ ചിൽഡ്രൻസ് ഹോമിൽ താമസിച്ചിട്ടുണ്ട്. ഇങ്ങനെയുള്ള പരിചയത്തിൽനിന്ന് കുട്ടികളായ കുറ്റവാളികൾക്കു ലഭിക്കാനിടയുള്ള നിയമപരിരക്ഷയപ്പെറ്റി മനസ്സിലാക്കിയിട്ടുണ്ടാകാമെന്നാണു പോലീസിന്റെ വിലയിരുത്തൽ.

ചോദ്യംചെയ്യുന്നത് മെഡിക്കൽ ബോർഡിന്റെ സാന്നിധ്യത്തിൽ

ബന്ധുവിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻനൽകിയ എട്ടാം ക്ലാസ് വിദ്യാർഥിനിയെ ചോദ്യംചെയ്യാൻ പോലീസിനെ സഹായിക്കുന്നതിനായി മെഡിക്കൽ ബോർഡ് രൂപവത്കരിക്കും. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഉൾപ്പെടെയുള്ളവർ സംഘത്തിലുണ്ടാകും.

ഇതിനായി അന്വേഷണ ഉദ്യോഗസ്ഥൻ ജ്യുവൈനൽ ജസ്റ്റിസ് ബോർഡിന് അപേക്ഷനൽകി. പ്രിൻസിപ്പൽ മജിസ്‌ട്രേറ്റും രണ്ടു സാമൂഹികപ്രവർത്തകരുമുൾപ്പെടുന്നതാണ് ബോർഡ്. പെൺകുട്ടിയെ സാമൂഹികക്ഷേമവകുപ്പിന്റെ കോഴിക്കോട്ടെ നിരീക്ഷണകേന്ദ്രത്തിലാണ് പാർപ്പിച്ചിരിക്കുന്നത്. അവിടെയായിരിക്കും ചോദ്യംചെയ്യുക.

കുട്ടിക്ക് മാനസികപിന്തുണയുറപ്പാക്കും. സ്വതന്ത്രമായി മൊഴിനൽകാനുള്ള സാഹചര്യമൊരുക്കും. വീട്ടിൽനിന്നു തനിക്കുണ്ടായിട്ടുള്ള പ്രശ്നങ്ങൾ തുറന്നുസംസാരിക്കുന്നതിനൊപ്പം ഏതെങ്കിലും തരത്തിലെ മാനസിക-ശാരീരിക പീഡനങ്ങൾ ഏറ്റിട്ടുണ്ടോയെന്ന കാര്യങ്ങളെല്ലാം ചോദിച്ചറിയേണ്ടതുണ്ടെന്നാണ് പോലീസ് പറയുന്നത്.

മൂന്നുദിവസം മാത്രം പ്രവർത്തിച്ച സിംകാർഡ്, സൈബർസെൽ പരിശോധന തുടരുന്നു

സംഭവത്തിൽ മൂന്നുദിവസം മാത്രം പ്രവർത്തിച്ച സിം കാർഡിനെപ്പറ്റിയും അന്വേഷണം. ഈ സിമ്മിൽനിന്നുള്ള വിളികളുടെ വിവരം സൈബർസെൽ പരിശോധിക്കുകയാണ്. കുറ്റകൃത്യവുമായി ബന്ധമുള്ളവരുടെ ഫോണുകളിലേക്കു മാത്രമാണ് ഈ നമ്പരിൽനിന്നു വിളിയെത്തിയിരിക്കുന്നത്.

സംഭവത്തിനു രണ്ടുദിവസം മുൻപുമാത്രം പ്രവർത്തനക്ഷമമായ മൊബൈൽ ഫോണിൽനിന്ന് കുറ്റാരോപിതരുടെ ഫോണിലേക്കു വിളിയുണ്ടായിരുന്നു. കൊലപാതകത്തിനുപിന്നാലെ ഫോൺ പ്രവർത്തിക്കാതായി. പിന്നീടിതുവരെ ഓണായിട്ടില്ല.

കൊലപാതകത്തിന്റെ ആസൂത്രണത്തിനു കുറ്റാരോപിതരിലൊരാൾ എടുത്ത സിം കാർഡാണോ ഇതെന്നു സംശയമുണ്ട്. ശിവൻകുട്ടി കൊല്ലപ്പെട്ട ശനിയാഴ്ചയാണ് കൂടുതൽ വിളിയുണ്ടായത്. കുറ്റാരോപിതരുടെ മൊബൈൽ ഫോണുകളെല്ലാം പോലീസ് കസ്റ്റഡിയിലാണ്. അവയുടെ ശാസ്ത്രീയപരിശോധന ഉടൻ നടത്തും.