ഹരിപ്പാട്: കരുവാറ്റയിൽ അറുപത്തിയേഴുകാരനെ കൊലപ്പെടുത്തി മോഷണം നടത്താൻ കൗമാരക്കാരായ മൂന്നുപേർ നിശ്ചയിച്ച സമയം രണ്ടു മണിക്കൂർ. കരുവാറ്റ മാടപ്പുരയ്ക്കൽ പടീറ്റതിൽ ശിവൻകുട്ടിചെട്ടിയാർ (67) ആണ് ശനിയാഴ്ച രാത്രി കൊല്ലപ്പെട്ടത്. അന്നുരാത്രി ഹരിപ്പാട്ടു തീവണ്ടിയിറങ്ങിയ ഇവർ, കെ.എസ്.ആർ.ടി.സി.യിൽനിന്ന് കരുവാറ്റ കന്നുകാലിപ്പാലം ജങ്ഷനിലേക്കു പോകാൻ വിളിച്ച ഓട്ടോറിക്ഷയുടെ ഡ്രൈവർ കാർത്തികപ്പള്ളി വലിയകുളങ്ങര സ്വദേശി രാജീവ് ദാമോദരന്റെ വാക്കുകളാണ് ഈ വിലയിരുത്തലിന് ആധാരം.

To advertise here,

രാത്രി എട്ടരയോടെയാണ് രാജീവിന്റെ ഓട്ടോറിക്ഷയിൽ മൂന്നുപേർ കയറിയത്. കന്നുകാലിപ്പാലം ജങ്ഷനിലേക്ക് 250 രൂപ പറഞ്ഞുറപ്പിച്ചായിരുന്നുവത്. യാത്രയിൽ മൂവരും സംസാരിച്ചില്ല. ഇറങ്ങിയപ്പോൾ എവിടെപ്പോകുകയാണെന്നു രാജീവ് ചോദിച്ചു. അപകടത്തിൽപ്പെട്ട് ചികിത്സയിൽക്കഴിയുന്ന സൃഹൃത്തിന്റെ വീട്ടിലേക്കെന്നായിരുന്നു മറുപടി. രണ്ടുമണിക്കൂർ കഴിയുമ്പോൾ മടങ്ങിവരാമെന്നും അപ്പോൾ ഫോണിൽ വിളിച്ചാൽ ഹരിപ്പാട്ട് തിരികയെത്തിക്കാമോയെന്നും അവർ ചോദിച്ചു.

രാത്രി വൈകിയുള്ള ഓട്ടത്തിനില്ലെന്നു പറഞ്ഞ രാജീവ്, വിളിച്ചാൽ മറ്റാരെയെങ്കിലും ഏർപ്പാടാക്കാമെന്ന് ഉറപ്പുനൽകി. രാജീവിന്റെ ഫോൺനമ്പർ അവർ വാങ്ങിയെങ്കിലും പിന്നീടു വിളിച്ചില്ല. ഇറങ്ങിയപ്പോൾ 500 രൂപയാണു കുറ്റാരോപിതർ കൊടുത്തത്. രാജീവ് 200 രൂപ തിരികെക്കൊടുത്തു. ബാക്കി 50 രൂപ ഗൂഗിൾപേ ചെയ്യാമെന്നു പറഞ്ഞപ്പോൾ പരിചയക്കാരന്റെ നമ്പരിൽ മതിയെന്ന് അവർ പറഞ്ഞു.

കരുവാറ്റയിൽ മൂന്നുകുട്ടികൾ വയോധികനെ കൊലപ്പെടുത്തിയതറിഞ്ഞപ്പോൾ രാജീവിനു നേരിയ സംശയമുണ്ടായിരുന്നു. കഴിഞ്ഞദിവസം പോലീസ് ബന്ധപ്പെട്ടപ്പോഴാണ് ഉറപ്പായത്. ഓട്ടോറിക്ഷയിൽ കന്നുകാലിപ്പാലം ജങ്ഷനിലെത്തിയപ്പോൾ എവിടെ നിർത്തണമെന്നു രാജീവ് ചോദിച്ചിരുന്നു. ബസ് കാത്തിരിപ്പുകേന്ദ്രത്തിനടുത്തു മതിയെന്നായിരുന്നു മറുപടി. കുറ്റാരോപിതർ സ്ഥലപരിചയമുള്ളവരാണെന്ന് ഇതിൽനിന്ന് പോലീസ് ഉറപ്പിച്ചിട്ടുണ്ട്.

പ്രതീക്ഷിച്ചതിലും കൂടുതൽ സമയം വീട്ടിൽത്തങ്ങി

രണ്ടുമണിക്കൂർ പ്രതീക്ഷിച്ചാണ് അവർ വയോധികന്റെ വീട്ടിലെത്തിയെങ്കിലും മൂന്നര മണിക്കൂറെങ്കിലും അവിടെ തങ്ങിയതായി പോലീസ് പറഞ്ഞു. രാത്രി ഒൻപതരയോടെ വീട്ടിലെത്തിയ ഇവർ കൊലയും മോഷണവും നടത്തി പുറത്തിറങ്ങിയത് പുലർച്ചെ ഒന്നോടെയാണ്. വീട്ടിൽനിന്ന് ദേശീയപാതയിലേക്ക് ഒരു കിലോമീറ്ററോളം ദൂരമുണ്ട്. അവിടേക്ക് നടന്നാണു പോയത്. അവിടെനിന്ന് ബസിൽ ഹരിപ്പാട്ടെത്തി.

കൊലപാതകം പെൺകുട്ടിയുടെ രണ്ടു സുഹൃത്തുക്കൾ അറിഞ്ഞിരുന്നു

വയോധികനെ കൊലപ്പെടുത്തിയത് കുറ്റാരോപിതയായ പെൺകുട്ടിയുടെ പ്രായപൂർത്തിയാകാത്ത രണ്ട് സൃഹൃത്തുക്കൾ അറിഞ്ഞിരുന്നെന്ന് പോലീസ്. ഇവരിൽ ഒരാൾക്ക് പെൺകുട്ടി വാട്സാപ്പിൽ ശബ്ദസന്ദേശമയച്ചു. 'അയാളെ തീർത്തു, ആ ശല്യം ഇനിയില്ല'- എന്നായിരുന്നു വാട്സാപ്പ് സന്ദേശം. മറ്റൊരാളോടു നേരിട്ടും പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥരോട് പ്രതികളെപ്പറ്റിയുള്ള സൂചനയുൾപ്പെടെ നൽകിയത് ഈ സുഹൃത്തുക്കളിൽ ഒരാളാണ്. ഇയാളുടെ അടുത്തുനിന്നാണ് പെൺകുട്ടി കൊല്ലം പരവൂർ സ്വദേശികളോട് വയോധികനെ കൊല്ലണമെന്നു പറയുന്നത്.

എന്നാൽ, വെറുതേ പറയുകയാണെന്നാണ് സൃഹൃത്ത് ധരിച്ചത്. ഞായറാഴ്ച രാവിലെയാണ് അയാളെ തീർത്തെന്ന വാട്സാപ്പ് സന്ദേശം വരുന്നത്. തിങ്കളാഴ്ച വൈകീട്ടാണ് ഇയാളുടെ വീട്ടിൽ പോലീസ് അന്വേഷിച്ചെത്തുന്നത്. തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം പോലീസിനോടു വെളിപ്പെടുത്തി. ഈ കുട്ടിയെ കേസിൽ സാക്ഷിയാക്കാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. കൊലപാതകം നടന്ന ശനിയാഴ്ച രാത്രി പെൺകുട്ടി കരുവാറ്റയിലുള്ള സുഹൃത്തിന്റെ വീട്ടിലായിരുന്നെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.