ലഖ്‌നൗ: ഉത്തർപ്രദേശിലെ ആഗ്രയിൽ ഡിജെ സിസ്റ്റത്തിൽ ഡോ. ബി.ആർ. അംബേദ്കർക്ക് സമർപ്പിച്ച ഗാനം വെച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് വിവാഹഘോഷയാത്ര തടസ്സപ്പെട്ടു. 25-ഓളം പേരടങ്ങുന്ന സംഘം ഘോഷയാത്ര തടയുകയും, വരനെ കുതിരപ്പുറത്ത് നിന്ന് വലിച്ച് താഴെയിടുകയും, വിവാഹസംഘത്തിലുണ്ടായിരുന്നവരെ വടികളും ഇരുമ്പ് ദണ്ഡുകളും ഉപയോഗിച്ച് മർദിക്കുകയും ചെയ്തതായി വധുവിന്റെ കുടുംബം ആരോപിച്ചു.
ജഗ്‌നേർ പോലീസ് സ്റ്റേഷൻ പരിധിയിലെ നഗ്ല വീർഭൻ ഗ്രാമത്തിൽ നവംബർ 26-ന് രാത്രിയിലാണ് സംഭവം നടന്നത്. പരാതിയിൽ പറയുന്നതനുസരിച്ച്; വിവാഹദിവസം രാത്രി ഒമ്പത് മണിയോടെ പ്രതാപുരയിൽ നിന്ന് സുരേന്ദ്ര എന്നയാളുടെ വീട്ടിലേക്ക് വിവാഹഘോഷയാത്ര എത്തിച്ചേർന്നിരുന്നു. ഘോഷയാത്രയ്ക്കിടെ (ബറാത്ത്) ഡോ. ബി.ആർ. അംബേദ്കറെ പ്രകീർത്തിച്ചുകൊണ്ടുള്ള ഗാനം വെച്ചതോടെയാണ് തർക്കം തുടങ്ങിയത്.
നാട്ടുകാരിൽ ചിലർ ചേർന്ന് പാട്ടിനെ എതിർക്കുകയും ഡിജെ ഓഫ് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തതായി പരാതിക്കാരന്റെ കുടുംബം അവകാശപ്പെട്ടു. വിവാഹസംഘം ഈ ആവശ്യം എതിർത്തതോടെ, അക്രമികൾ ഘോഷയാത്ര തടയുകയും മണവാളനെ കുതിരപ്പുറത്ത് നിന്ന് താഴെയിടുകയുമായിരുന്നു. തുടർന്ന് പ്രതികൾ വിവാഹസംഘത്തെ വടികളും ഇരുമ്പ് ദണ്ഡുകളും ഉപയോഗിച്ച് ആക്രമിച്ചതായി കുടുംബം ആരോപിക്കുന്നു.
അംബേദ്കറുടെ ചിത്രത്തോട് അനാദരവ്, ജാതി അധിക്ഷേപമെന്ന് കുടുംബം
അക്രമികൾ ഡോ. ബി.ആർ. അംബേദ്കറുടെ ഛായാചിത്രത്തോട് അനാദരവ് കാട്ടിയതായും അവിടെയുണ്ടായിരുന്നവർക്ക് നേരെ ജാതി അധിക്ഷേപവും തെറിവിളികളും നടത്തിയതായും പരാതിക്കാരന്റെ കുടുംബം പറയുന്നു. ലൈറ്റുകൾ അണച്ച ശേഷവും അക്രമം തുടർന്നെന്നും ചില പ്രതികൾ വീടിനുള്ളിൽ കയറി ആളുകളെ മർദിച്ചതായും കുടുംബം ആരോപിച്ചു.
സംഭവത്തിൽ മഹാദേവ് സിങ്ങിന്റെ മകൻ സുരേഷ്, സുരേന്ദ്ര സിങ്ങിന്റെ മകൻ കിന്നു എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റതായി പരാതിയിൽ പറയുന്നു. ആക്രമണത്തിന് ഇരയായവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷമാണ് പ്രതികൾ കടന്നുകളഞ്ഞത്. ഈ സംഭവം കാരണം ബറാത്ത് ഘോഷയാത്ര കൃത്യസമയത്ത് പൂർത്തിയാക്കാൻ സാധിച്ചില്ലെന്നും ഗ്രാമത്തിൽ മണിക്കൂറുകളോളം സംഘർഷാവസ്ഥ നിലനിന്നതായും കുടുംബം അറിയിച്ചു.
പിറ്റേന്ന് രാവിലെയാണ് ബാക്കി വിവാഹച്ചടങ്ങുകളും വധുവിന്റെ യാത്രയയപ്പും പൂർത്തിയായത്. ഇതിനുശേഷമാണ് കുടുംബം പോലീസിനെ സമീപിക്കുകയും പരാതി നൽകുകയും ചെയ്തത്. വാർത്ത പുറത്തുവന്നതോടെ സംഭവം വലിയ രാഷ്ട്രീയ പ്രതികരണങ്ങൾക്കും വഴിവെച്ചു. ബി.എസ്.പി ഭാരവാഹികളും നേതാക്കളും പോലീസ് സ്റ്റേഷനിലെത്തി കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു.
സംഭവത്തിന് പിന്നാലെ ഭീം ആർമി, ആസാദ് സമാജ് പാർട്ടി അംഗങ്ങളും പ്രദേശം സന്ദർശിച്ചു. ആസാദ് സമാജ് പാർട്ടി അധ്യക്ഷൻ ചന്ദ്രശേഖർ ആസാദ് പരാതിക്കാരന്റെ കുടുംബവുമായി വീഡിയോ കോൾ വഴി സംസാരിച്ചതായി റിപ്പോർട്ടുണ്ട്. സംഭവത്തിൽ ആഗ്ര പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രത്യക്ഷത്തിൽ സംഘർഷത്തിൽ ആർക്കും പരിക്കുകളേറ്റിട്ടില്ല എന്നാണ് വിവരമെന്ന് പോലീസ് അറിയിച്ചു.
നവംബർ 26 രാത്രിയിൽ നടന്ന വിവാഹച്ചടങ്ങിനിടെ ഡിജെ സിസ്റ്റത്തിൽ പാട്ട് വച്ചതിനെച്ചൊല്ലി രണ്ട് സംഘങ്ങൾ തമ്മിൽ തർക്കമുണ്ടായതായി ആഗ്ര പോലീസ് കമ്മീഷണറേറ്റ് തങ്ങളുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. വിവരം ലഭിച്ച ഉടൻ തന്നെ ജഗ്‌നേർ സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്.എച്ച്.ഓ.) സംഭവസ്ഥലത്തെത്തുകയും വിവാഹച്ചടങ്ങുകൾ സമാധാനപരമായി പൂർത്തിയാക്കാൻ സൗകര്യമൊരുക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.
പരാതിയുടെ അടിസ്ഥാനത്തിൽ ജഗ്‌നേർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും തുടർ നിയമനടപടികൾ പുരോഗമിക്കുകയാണെന്നും പോലീസ് സ്ഥിരീകരിച്ചു. പ്രദേശത്തെ ക്രമസമാധാന നില നിലവിൽ സാധാരണ നിലയിലാണെന്നും പോലീസ് കൂട്ടിച്ചേർത്തു. പോലീസ് കേസ് രജിസ്റ്റർ ചെയ്ത കാര്യം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, പ്രത്യേക ആരോപണങ്ങളെക്കുറിച്ചോ പ്രതികൾക്കെതിരെ സ്വീകരിച്ച നടപടികളെക്കുറിച്ചോ പോലീസ് പരസ്യമായി വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
Content Highlights: A wedding procession in Agra, Uttar Pradesh, was disrupted due to a conflict over a song dedicated to Dr. B.R. Ambedkar played on a DJ system, leading to violence and allegations of caste-based abuse. The bride's family accused a group of villagers of attacking the procession, pulling the groom off his horse, and assaulting attendees with sticks and iron rods, resulting in injuries and threats. The incident sparked political reactions, with parties like BSP and Bhim Army demanding action, while police registered a case and confirmed ongoing legal proceedings, maintaining that the situation is now under control.
Published: 29 Nov 2026, 04:34 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented