ഹരിപ്പാട് (ആലപ്പുഴ): ഇറിഡിയം തട്ടിപ്പിൽ തങ്ങൾ ഇടനിലക്കാരായിരുന്നെന്നും തമിഴ്‌നാട്ടിൽനിന്നുള്ള സംഘമാണ് പണംകടത്തിയതെന്നും ഹരിപ്പാട്ട് അറസ്റ്റിലായ തിരുവനന്തപുരം സ്വദേശികൾ പോലീസിനു മൊഴിനൽകി. 10 കോടി രൂപ ലാഭം പ്രതീക്ഷിച്ചാണ് തങ്ങൾ സംസ്ഥാനത്തെ വിവിധ ജില്ലകളിൽനിന്ന്‌ ഒട്ടേറെപ്പേരിൽനിന്നു പണംവാങ്ങി തമിഴ് സംഘത്തിനു കൈമാറിയതായും ഇവർ പോലീസിനെ അറിയിച്ചു.

To advertise here,

ഹരിപ്പാട് സ്വദേശിയിൽനിന്ന്‌ 75.65 ലക്ഷംരൂപ തട്ടിയെടുത്തെന്ന പരാതിയിൽ അറസ്റ്റിലായ തിരുവനന്തപുരം കാട്ടാക്കട പോങ്ങമൂട് കൂവളശ്ശേരിൽ ഷിബുവിലാസം സുലഭ ശിവകുമാർ (57), മകൻ ജിഷ്ണു (36), മകൾ വൈഷ്ണവി (35), വൈഷ്ണവിയുടെ ഭർത്താവ് സന്ദീപ് സോമൻ (39) എന്നിവരെയാണ് ഹരിപ്പാട് എസ്.എച്ച്.ഒ. മുഹമ്മദ് ഷാഫി ചോദ്യംചെയ്തത്.

വ്യാഴാഴ്ച രാവിലെ സ്റ്റേഷനിൽ ഹാജരായ ഇവരെ മണിക്കൂറുകളോളം ചോദ്യംചെയ്തു. വൈകുന്നേരത്തോടെ വിട്ടയച്ചു. പ്രതികൾക്ക് ആലപ്പുഴ സെഷൻസ് കോടതി ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. തുടർന്ന് ബുധനാഴ്ച വൈകീട്ട് ഇവർ അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ ഹാജരായി. പ്രതികൾക്ക് വ്യാഴാഴ്ച വീണ്ടും ഹാജരാകൻ നോട്ടീസ് നൽകിയിരുന്നു.

ഹരിപ്പാട് സ്വദേശിക്കൊപ്പം സമാനരീതിയിൽ പണംനഷ്ടപ്പെട്ട പലരുണ്ട്. തമിഴ്‌നാട്ടിൽനിന്നുള്ള സംഘം തങ്ങളുടെ കൈവശം ഇറിഡിയത്തിന്റെ വലിയശേഖരമുണ്ടെന്നു വിശ്വസിപ്പിച്ചെന്നാണ് സുലഭാ ശശികുമാറും കൂട്ടുപ്രതികളും പോലീസിനെ അറിയിച്ചത്. ഇതനുസരിച്ച് കേസന്വേഷണം തമിഴ്‌നാട്ടിലേക്കു വ്യാപിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

അന്വേഷണം വഴിതിരിച്ചുവിടാനായി ആസൂത്രിതമായി മൊഴിനൽകിയതാണോയെന്നും സംശയമുണ്ട്. എങ്കിലും പ്രതികളുടെ മൊഴിയിൽ അന്വേഷണം അനിവാര്യമാണെന്നു പോലീസ് പറയുന്നു.

2020-ൽ തമിഴ്‌നാട്ടിൽനിന്നുള്ള ചിലർ ഹരിപ്പാട്ട് ലോഡ്ജുകളിൽ താമസിച്ച് ഇറിഡിയം ഇടപാട് നടത്തിയിരുന്നതായി വിവരംലഭിച്ചിട്ടുണ്ട്. ഹരിപ്പാട് സ്വദേശികളായ ചിലരും ഇതിൽ കണ്ണികളായിരുന്നു. അന്ന്‌ പണം നഷ്ടപ്പെട്ടവർ പോലീസിൽ പരാതിനൽകിയിരുന്നില്ല. എങ്കിലും അതുമായി ബന്ധപ്പെട്ട വിവരങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്.