കാസര്‍കോട്: പ്രൊഫ. ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസില്‍ എന്‍.ഐ.എ. മട്ടന്നൂര്‍ ബേരത്തുനിന്ന് അറസ്റ്റ് ചെയ്ത പെരുമ്പാവൂര്‍ അശമന്നൂര്‍ നൂലേരി മുടശ്ശേരി സവാദ് (38) ഉപയോഗിച്ചിരുന്നത് കൂടെ മരപ്പണി ചെയ്തിരുന്ന മറുനാടന്‍ തൊഴിലാളികളുടെ ഫോണ്‍. കുടുംബവുമായി ബന്ധപ്പെട്ട ചടങ്ങില്‍ പങ്കെടുക്കാന്‍ നാട്ടില്‍ പോയപ്പോള്‍ ഭാര്യയുടേതുള്‍പ്പെടെയുള്ളവരുടെ മൊബൈല്‍ ഫോണ്‍ മാറ്റിവെക്കാനും സവാദ് ശ്രദ്ധിച്ചു.

To advertise here,

ഫോണ്‍ ഒഴിവാക്കുന്നത് എന്തിനെന്ന അടുത്ത ബന്ധുവിന്റെ ചോദ്യത്തിന് നാട്ടില്‍ ഒരു കേസുണ്ടെന്നായിരുന്നു മറുപടി. കേസ് സംബന്ധിച്ച രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.

അടുത്തകാലത്ത് കാസര്‍കോട് ജില്ലയില്‍ 20 ലക്ഷം രൂപ വിലവരുന്ന ഏഴുസെന്റ് ഭൂമി വാങ്ങാന്‍ ആറുലക്ഷം രൂപ സവാദ് മുന്‍കൂറായി നല്‍കിയിരുന്നു. അതിന്റെ ബാക്കിത്തുക കണ്ടെത്തുന്നതിനുള്‍പ്പെടെയുള്ള ഫോണ്‍വിളികള്‍ക്ക് കൂടെയുള്ള തൊഴിലാളികളുടെ ഫോണ്‍ ഉപയോഗിച്ചതായാണ് വിവരം. ഇയാള്‍ക്ക് നേരത്തേ ബന്ധമുള്ളയാളുകളെയാണ് ഇങ്ങനെ വിളിച്ചിരുന്നതെന്നും സംശയിക്കുന്നു. അന്വേഷണത്തിന്റെ ഭാഗമായി എന്‍.ഐ.എ. സംഘം വെള്ളിയാഴ്ച മഞ്ചേശ്വരത്തെത്തി. 

ആദ്യ കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റിലും പിതാവ് സവാദ്

ആദ്യകുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റിലും സവാദ് തന്റെ യഥാര്‍ഥപേരാണ് നല്‍കിയത്.മംഗല്‍പാടി പഞ്ചായത്തില്‍ 2018 നവംബര്‍ 14-ന് മൂത്തകുട്ടിയുടെ ജനനം രജിസ്റ്റര്‍ചെയ്തപ്പോള്‍ പിതാവിന്റെ പേരിന്റെ സ്ഥാനത്ത് നല്‍കിയത് എം.എ.സവാദ് എന്നാണ്. മേല്‍വിലാസം ഭാര്യാ വീടിന്റെതും.

മഞ്ചേശ്വരത്തെ പെണ്‍കുട്ടിയെ കല്യാണം കഴിക്കുന്നതിന് ഇടനിലക്കാരെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. മംഗളൂരുവിനടുത്ത ആരാധനാകേന്ദ്രത്തില്‍വെച്ചാണ് അനാഥനായ ഷാജഹാനെ പരിചയപ്പെട്ടതെന്ന് ഭാര്യാപിതാവ് പറയുന്നു. എന്നാല്‍ മറ്റാരുടെയോ സഹായം കല്യാണത്തിനുണ്ടായിരുന്നതായും സംശയിക്കുന്നുണ്ട്.

കല്യാണം കഴിഞ്ഞ് ഇത്രയും കാലത്തിനിടയ്ക്ക് സവാദ് ഒരിക്കല്‍ മാത്രമാണ് ഭാര്യയെയുംകൂട്ടി എറണാകുളത്തെത്തിയത്. കുറ്റിപ്പുറം വരെ തീവണ്ടിയിലും പിന്നീട് കെ.എസ്.ആര്‍.ടി.സി. ഫാസ്റ്റ് പാസഞ്ചര്‍ ബസിലുമായിരുന്നു യാത്ര. സവാദ് ആരെയും തന്റെ ഫോട്ടോ പകര്‍ത്താന്‍ സമ്മതിച്ചിരുന്നില്ല. ഫോട്ടോവഴി താന്‍ തിരിച്ചറിയപ്പെട്ടേക്കുമോ എന്ന ഭയമാണ് അതിനു പിന്നിലെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്.