ഗുരുഗ്രാം:  ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവതി മദ്യത്തില്‍ മയക്കുമരുന്ന് കലര്‍ത്തിനല്‍കി യുവാവിനെ കൊള്ളയടിച്ചതായി പരാതി. ഗുരുഗ്രാം സ്വദേശിയായ രോഹിത് ഗുപ്തയാണ് കവര്‍ച്ചയ്ക്കിരയായത്. യുവാവിന്റെ ഐഫോണും സ്വര്‍ണമാലയും പതിനായിരം രൂപയും യുവതി കവര്‍ന്നു. ഇതിനുപുറമേ ഡെബിറ്റ്,ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് 1.78 ലക്ഷം രൂപ തട്ടിയെടുത്തെന്നും യുവാവിന്റെ പരാതിയിലുണ്ട്. 

To advertise here,

ഒക്ടോബര്‍ ഒന്നാം തീയതി രാത്രിയായിരുന്നു സംഭവം. ഡേറ്റിങ് ആപ്പായ 'ബംബിള്‍' വഴിയാണ് പരാതിക്കാരന്‍ സാക്ഷി എന്ന് പരിചയപ്പെടുത്തിയ യുവതിയുമായി സൗഹൃദത്തിലായത്. ഡല്‍ഹിയാണ് സ്വദേശമെന്നും നിലവില്‍ ഗുരുഗ്രാമില്‍ ബന്ധുവിനൊപ്പമാണ് താമസമെന്നും യുവതി പറഞ്ഞിരുന്നു. 

ഒക്ടോബര്‍ ഒന്നാം തീയതി സാക്ഷി യുവാവിനെ വിളിച്ച് നേരിട്ട് കാണാമെന്ന് അറിയിച്ചു. രാത്രി പത്തുമണിയോടെ താന്‍ സെക്ടര്‍ 47-ലെ ഡോക്‌യാര്‍ഡ് ബാറിന് സമീപമുണ്ടെന്നും ഇവിടെ വാഹനവുമായി വരാനും ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടു. പരാതിക്കാരന്‍ വാഹനവുമായെത്തി യുവതിയെ കൂട്ടി. ഇതിനുപിന്നാലെ സമീപത്തെ മദ്യവില്‍പ്പനശാലയില്‍ മദ്യവും വാങ്ങിയാണ് ഇരുവരും പരാതിക്കാരന്റെ വീട്ടിലെത്തിയത്. തുടര്‍ന്ന് ഒരുമിച്ചിരുന്ന് മദ്യപിക്കാന്‍ തുടങ്ങുന്നതിനിടെ യുവതി യുവാവിനോട് അടുക്കളയില്‍നിന്ന് ഐസ് കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. ഈ സമയത്താണ് യുവതി മദ്യത്തില്‍ മയക്കുമരുന്ന് കലര്‍ത്തിയതെന്നാണ് സംശയം. തുടര്‍ന്ന് മദ്യപിച്ച താന്‍ ഒക്ടോബര്‍ മൂന്നാംതീയതി രാവിലെയാണ് മയക്കം വിട്ടുണര്‍ന്നതെന്നും വീട് പരിശോധിച്ചപ്പോഴാണ് പണവും ഫോണും നഷ്ടപ്പെട്ടതായി തിരിച്ചറിഞ്ഞതെന്നും യുവാവിന്റെ പരാതിയില്‍ പറയുന്നു. 

പതിനായിരം രൂപയും ഐഫോണ്‍ 14 പ്രോ മൊബൈല്‍ഫോണ്‍, സ്വര്‍ണമാല, ഡെബിറ്റ്,ക്രെഡിറ്റ് കാര്‍ഡുകള്‍ എന്നിവയാണ് യുവതി മോഷ്ടിച്ചത്. പിന്നീട് ഈ കാര്‍ഡുകള്‍ ഉപയോഗിച്ച് 1.78 ലക്ഷം രൂപ തട്ടിയെടുത്തതായും യുവാവ് പരാതിയില്‍ ആരോപിച്ചിട്ടുണ്ട്. സംഭവത്തില്‍ യുവതിക്കെതിരേ കേസെടുത്തിട്ടുണ്ടെന്നു പ്രതി ഒളിവിലാണെന്നും സെക്ടര്‍ 29 പോലീസ് അറിയിച്ചു.