തിരുവനന്തപുരം: ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ശേഷം ഒടുവില്‍ കോടതിയുത്തരവിന്റെ ബലത്തില്‍ പോലീസ് നെയ്യാറ്റിന്‍കര ഗോപന്‍സ്വാമിയുടെ കല്ലറ തുറക്കുകയും മൃതദേഹം പോസ്റ്റ്മോർട്ടം നടത്താൻ മെഡിക്കൽ കോളേജിലേയ്ക്ക് എത്തിച്ചിരിക്കുകയുമാണ്. കുടുംബാംഗങ്ങള്‍ നേരത്തെ പറഞ്ഞമൊഴിയെ സാധൂകരിക്കുന്ന തരത്തില്‍ നെഞ്ചുവരെ പൂജാദ്രവ്യങ്ങള്‍ മൂടി ഇരിക്കുന്ന തരത്തിലാണ് മൃതദേഹം കണ്ടെടുത്തത്. ഇതോടെ പോലീസിന് ഇനി സ്ഥിരീകരിക്കാനുള്ളത് മരണകാരണവും മരണാനന്തരം നടന്ന കാര്യങ്ങളുമായിരിക്കും.
അസുഖബാധിതനായ ഗോപന്‍സ്വാമി സ്വയം സമാധിപീഠം വരെ പോയിരുന്ന് മരണത്തെ വരിക്കുകയായിരുന്നുവെന്ന അവിശ്വസനീയമായ ഒരു വാദം എന്തിന് കുടുംബാംഗങ്ങൾ മുന്നോട്ടുവെച്ചെന്നതാണ് എല്ലാവരേയും അത്ഭുതപ്പെടുത്തുന്നത്. ഗോപന്‍സ്വാമിയുടെ മക്കള്‍ പറയുന്നതു പോലെ കല്ലറയ്ക്കകത്ത് അദ്ദേഹത്തിന്റെ തന്നെ ശരീരമാണോ? അദ്ദേഹം സമാധിയിരുന്നതാണോ, അതോ മരണത്തില്‍ മറ്റെന്തെങ്കിലും ദുരൂഹതയുണ്ടോ, അതു മറച്ചുവെക്കാനാണോ കല്ലറ തുറക്കുന്നതിനെ ചെറുത്തത്? ഇത്തരം സ്വാഭാവിക ചോദ്യങ്ങള്‍ക്ക് ഉത്തരമാണ് ഇനി അറിയേണ്ടത്.
മൃതദേഹം പുറത്തെടുത്തതോടെ ഇനി ബാക്കിയുള്ളത് പോസ്റ്റ്‌മോര്‍ട്ടം നടപടികളാണ്. പോസ്റ്റ്മോർട്ടത്തിൽ പ്രധാനമായും പരിശോധിക്കുന്നത് മരണ കാരണം സംബന്ധിച്ചുള്ള കാര്യങ്ങളാണ്. ഗോപൻ സ്വാമിയ്ക്ക് ഏതെങ്കിലും തരത്തിലുള്ള വിഷബാധയേറ്റിരുന്നോ, പരിക്കുകളേറ്റിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പ്രാഥമികമായി നോക്കുക. ഇത് രണ്ടുമുണ്ടായിട്ടില്ലെന്ന് വ്യക്തമായാല്‍ കുടംബാംഗങ്ങളെ കേസിന്‍റെ പരിധിയിൽനിന്ന് ഒഴിവാക്കാൻ സാധിച്ചേക്കും. നിരവധി അസുഖങ്ങളുള്ള ആളാണ് ഗോപന്‍സ്വാമിയെന്നതുകൊണ്ടുതന്നെ ഇവയിലേതെങ്കിലുമാണ് മരണകാരണമെന്ന നിഗമനത്തിലേക്കെത്താനും പോലീസിന് കഴിയും. വിഷബാധയോ മറ്റോ ആണോ മരണകാരണമെന്നറിയാന്‍ രാസപരിശോധനയും നടത്തും.
അതേസമയം, പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സംശയകരമായ എന്തെങ്കിലും കണ്ടെത്തിയാൽ മാത്രമേ കേസിൽ തുടർ നടപടികൾക്കു സാധ്യതയുള്ളൂ. അങ്ങനെയെങ്കിൽ അസ്വാഭാവിക മരണത്തിന് കേസെടുക്കേണ്ടതായി വരും. തുടർന്നുള്ള അന്വേഷണവും ആവശ്യമായിവരും. അസ്വാഭാവിക മരണമായി കണ്ടെത്തിയാൽ സി.ആര്‍.പി.സി 174-ാം വകുപ്പ്, അല്ലെങ്കില്‍ ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ (ബി.എന്‍.എസ്.എസ്) 194-ാം വകുപ്പ് പ്രകാരം കേസെടുക്കാനാകും.
സംശയകരമായ മരണത്തെക്കുറിച്ച് വിവരം കിട്ടിയാലുടന്‍ പോലീസ് തൊട്ടടുത്ത എക്സിക്യൂട്ടിവ് മജിസ്ട്രേറ്റിനെ അറിയിക്കണം, മരണം നടന്ന സ്ഥലം അന്വേഷണവിധേയമാക്കുകയും മരണകാരണം രേഖപ്പെടുത്തുകയും വേണം. ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ജില്ലാ മജിസ്ട്രേറ്റിനോ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിനോ അയച്ചുകൊടുക്കണം. ആവശ്യമെങ്കില്‍ ജഡം പരിശോധനയ്ക്കു വിടണമെന്നും നിയമം അനുശാസിക്കുന്നു. സംശയകരമായ മരണങ്ങളില്‍- ആത്മഹത്യയും കൊലപാതകവുമടക്കം- സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുക, സമയത്ത് സാംപിളുകളുടെ കൈമാറ്റവും പരിശോധനയും നടക്കുന്നത് ഉറപ്പാക്കുക, മരണം സാക്ഷ്യപ്പെടുത്തുന്നതില്‍ കാലതാമസം കുറയ്ക്കുക എന്നിവ ഉറപ്പാക്കുന്നതാണ് ഈ വകുപ്പ്.
അതേസമയം, ദുരൂഹമായി ഒന്നുമില്ലെന്ന് വ്യക്തമായാൽ മറ്റ് നടപടികൾക്ക് സാധ്യതയില്ല. ഒരു വ്യക്തി മരിച്ചുകഴിഞ്ഞാല്‍ എങ്ങനെ, എവിടെ അടക്കം ചെയ്യണമെന്നത് കുടുംബാംഗങ്ങളുടെ താത്പര്യമാണ്. അതുകൊണ്ടുതന്നെ മരണത്തിലെ ദുരൂഹത നീങ്ങിക്കിട്ടിയാല്‍ എങ്ങനെ അടക്കംചെയ്തു എന്ന കാര്യത്തില്‍ പോലീസിന് പ്രത്യേകിച്ച് ഏതെങ്കിലും നടപടി സ്വീകരിക്കാനാവില്ല. ഡി.എന്‍.എ സാമ്പിളുകളടക്കം ശേഖരിച്ച് ഭാവിയില്‍ മറ്റൊരു വിവാദത്തിന് ഇടനല്‍കാത്തവിധം, കണ്ടെത്തിയത് ഗോപന്‍സ്വാമിയുടെ മൃതദേഹമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതോടെ നടപടികൾ അവസാനിക്കും.
Content Highlights: Gopanswami`s death shrouded in mystery Police exhume body
Published: 16 Jan 2025, 10:52 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented