കരുളായി(മലപ്പുറം): ഉറങ്ങിക്കിടന്ന യുവതിയുടെ കഴുത്തിൽനിന്ന് സ്വർണമാല കവർന്നു. പള്ളിക്കുന്നിലെ പാറക്കൽ അഷ്‌റഫിന്റെ മകൾ ഡോ. ഷംനയുടെ മൂന്നരഗ്രാമോളം തൂക്കംവരുന്ന മാലയാണ് മോഷ്ടാവ് പൊട്ടിച്ചെടുത്തത്. തിങ്കളാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം.

To advertise here,

മോഷ്ടാവിന്റെ ദൃശ്യം വീട്ടിൽ സ്ഥാപിച്ച സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. മാല പൊട്ടിച്ചതറിഞ്ഞ് ഷംന ഉണരുകയും ശബ്ദമുണ്ടാക്കുകയും ചെയ്തെങ്കിലും മോഷ്ടാവ് ഓടിരക്ഷപ്പെട്ടു.

സമീപത്തെ വീട്ടിൽനിന്ന് കോണി കൊണ്ടുവന്ന് അതിലൂടെ വീടിന്റെ മുകളിൽ കയറിയ മോഷ്ടാവ് രണ്ടാം നിലയിലെ പുറത്തേക്കുള്ള വാതിൽ തുറന്നാണ് വീട്ടിനുള്ളിൽ പ്രവേശിച്ചത്.

രണ്ടാം നിലയിലെ മറ്റു മുറികളിലും കള്ളനെത്തുകയും അലമാരയിൽ സൂക്ഷിച്ച സാധനങ്ങൾ വലിച്ചുവാരിയിടുകയും ചെയ്തിട്ടുണ്ട്. സംഭവം നടന്ന ഉടനെതന്നെ പൂക്കോട്ടുംപാടം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. കഴിഞ്ഞ ഒരു മാസത്തിനിടെ കൂറ്റമ്പാറ, വലമ്പുറം ഭാഗങ്ങളിൽ സമാനമായ രീതിയിൽ മോഷണശ്രമങ്ങൾ നടന്നിട്ടുണ്ട്.