കോട്ടയം: കുറവിലങ്ങാട് പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ മൂന്ന് ആഴ്ചയായി കള്ളന്റെ വിളയാട്ടം. ഏറ്റവും ഒടുവിലായി കളത്തൂർ ഗവ. യു.പി. സ്‌കൂളിലാണ് മോഷണം നടന്നത്. ശനിയാഴ്ച സ്കൂളിലെത്തിയ ജീവനക്കാരനാണ് മോഷണ വിവരം ആദ്യമായി അറിയുന്നത്. ഓഫീസ് മുറി കുത്തിത്തുറന്ന് ഉള്ളിൽ കയറിയ മോഷ്ടാവ് ലാപ്ടോപ് കവരുകയും ഓഫീസ് മുറിയും അലമാരകളും വലിച്ചുവാരിയിടുകയും ചെയ്തു. സംഭവത്തെ തുടർന്ന് കുറവിലങ്ങാട് പോലീസിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ, ശാസ്ത്രീയ പരിശോധനാ വിഭാഗം എന്നിവർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.

To advertise here,

കഴിഞ്ഞ വ്യാഴാഴ്ച രാത്രി ആച്ചിക്കൽ ലിറ്റിൽ ഫ്ലവർ വിദ്യാനികേതൻ സ്കൂളിലും ഉദയഗിരി സെയിന്റ് ജോസഫ്സ് പള്ളിയിലും കവർച്ച നടന്നിരുന്നു. പള്ളിയിലെ രൂപക്കൂടിനു മുന്നിലുള്ള നേർച്ചപ്പെട്ടി തകർത്താണ് പണം കവർന്നത്. മോഷ്ടാവിന്റേത് എന്ന് സംശയിക്കുന്ന സി.സി.ടി.വി. ദൃശ്യങ്ങൾ സ്കൂളിലെ ക്യാമറയിൽ നിന്ന് പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിന് മുൻപ് കഴിഞ്ഞ മാസം 30-ന് രാത്രി ഉഴവൂരിലുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ എസ്.എസ്. പെട്രോളിയത്തിൽ നിന്ന് 1.73 ലക്ഷം രൂപയും കവർന്നിരുന്നു.

കഴിഞ്ഞ 29-ന് പുലർച്ചെ മോനിപ്പള്ളിയിലെ കാര്യമായ അടച്ചുറപ്പില്ലാത്ത നാല് കടകളിലാണ് കള്ളൻ കയറിയത്. തെക്കേടത്ത് രാജേഷിന്റെ പാറു സ്റ്റോഴ്സ് - സ്റ്റേഷനറി കട, മേരി മാതാ മത്സ്യ വില്പനശാല, അഞ്ഞൂറാൻസ് തട്ടുകട, വീട്ടിലൂണ് കട എന്നിവിടങ്ങളിലായിരുന്നു മോഷണം. പാറു സ്റ്റോഴ്സിന്റെ വാതിൽ കുത്തിത്തുറന്ന് 4000 രൂപയോളം വിലവരുന്ന സിഗരറ്റ്, ബീഡി എന്നിവയും 3500 രൂപ പണവും കവർന്നു. മേരി മാതാ മത്സ്യ വില്പനശാലയിൽ നിന്ന് 1000 രൂപയോളം വരുന്ന ചില്ലറയും അഞ്ഞൂറാൻസ് തട്ടുകടയിൽ നിന്ന് 750 രൂപയോളം വരുന്ന ചില്ലറയും കൊണ്ടുപോയ കള്ളൻ വീട്ടിലൂണ് കടയുടെ പുറത്തിരുന്ന സ്റ്റൗവിന്റെ ബർണർവരെ ഊരിക്കൊണ്ടുപോയിരുന്നു.

കുറവിലങ്ങാട് പോലീസ് സ്റ്റേഷൻ പരിധിയിൽ പതിനേഴ് ദിവസത്തിനുള്ളിൽ നടക്കുന്ന വലുതും ചെറുതുമായ നാലാമത്തെ മോഷണമാണിത്. മൂന്ന് ആഴ്ചയായി തുടർച്ചയായി നടക്കുന്ന ഈ കവർച്ച പരമ്പര പ്രദേശവാസികളിലും വ്യാപാരികളിലും വലിയ ഭീതി പടർത്തിയിട്ടുണ്ട്. സ്കൂളിൽ നിന്ന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളും വിരലടയാള പരിശോധനാ ഫലങ്ങളും കേന്ദ്രീകരിച്ച് കുറവിലങ്ങാട് പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.