
ഗാസിയാബാദ്: ഗാസിയാബാദിൽ സഹോദരിമാരായ മൂന്ന് പെൺകുട്ടികൾ കെട്ടിടത്തിൽനിന്ന് ചാടി മരിച്ച സംഭവത്തിൽ കുടുംബപശ്ചാത്തലം സംബന്ധിച്ചുള്ള കൂടുതൽവിവരങ്ങൾ പുറത്ത്. കുട്ടികളുടെ പിതാവായ ചേതൻ കുമാറിന് മൂന്ന് ഭാര്യമാരുണ്ടെന്നും മരിച്ച മൂന്ന് കുട്ടികളുടെയും അമ്മമാർ വേറെയാണെന്നുമാണ് ഏറ്റവും പുതിയ റിപ്പോർട്ട്. സഹോദരിമാരായ മൂന്ന് പേരെയാണ് ചേതൻ കുമാർ വിവാഹം കഴിച്ചതെന്നും പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്‌ചെയ്തു.
ദിവസങ്ങൾക്ക് മുൻപാണ് ചേതൻകുമാറിന്റെ മക്കളായ നിഷിക (16) പ്രാച്ചി (14) പാഖി (12) എന്നിവർ ഒൻപതാംനിലയിലെ ഫ്‌ളാറ്റിൽനിന്ന് ചാടി ജീവനൊടുക്കിയത്. സുജാത, ഹീന, ടിന എന്നിവരാണ് ചേതൻകുമാറിന്റെ ഭാര്യമാർ. ഇതിൽ സുജാതയിലുണ്ടായ മകളാണ് നിഷിക. പ്രാച്ചിയും പാഖിയും ഹീനയുടെ മക്കളാണ്. ടിനയുമായുള്ള ബന്ധത്തിൽ ചേതൻകുമാറിന് മക്കളില്ലെന്നാണ് വിവരം.
കൊറിയൻ ഓൺലൈൻ ഗെയിമുകളോടും കൊറിയൻ വിനോദപരിപാടികളോടും കുട്ടികൾക്ക് അമിതമായ ആസക്തിയുണ്ടായിരുന്നതായാണ് ചേതൻകുമാർ പോലീസിനോട് പറഞ്ഞിരുന്നത്. ഇവരുടെ മൊബൈൽഫോൺ ഉപയോഗം പിതാവ് വിലക്കിയതാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് നിഗമനം. കുട്ടികൾ എഴുതിയതെന്ന് കരുതപ്പെടുന്ന ആത്മഹത്യാക്കുറിപ്പിലും കൊറിയൻ ഉള്ളടക്കങ്ങളെക്കുറിച്ചും കൊറിയയോടുള്ള ഇഷ്ടത്തെക്കുറിച്ചും വിശദീകരിച്ചിരുന്നു.
സ്‌റ്റോക്ക് ബ്രോക്കറായി ജോലിചെയ്യുന്ന ചേതൻ കുമാറിന് ഏകദേശം രണ്ടുകോടിയോളം രൂപയുടെ കടബാധ്യതയുണ്ടായിരുന്നതായാണ് പോലീസ് പറയുന്നത്. അടുത്തിടെ വൈദ്യുതിബിൽ അടയ്ക്കാനായി പെൺകുട്ടികൾ ഉപയോഗിച്ചിരുന്ന മൊബൈൽഫോൺ ഇദ്ദേഹം വിറ്റിരുന്നു. തുടർന്ന് കുട്ടികൾ അമ്മമാരുടെ മൊബൈൽഫോണുകൾ ഉപയോഗിച്ചെങ്കിലും ഇവർ ഇഷ്ടപ്പെടുന്ന ആപ്പുകളോ മറ്റോ ഇതിൽ ഉപയോഗിക്കാനായില്ല. മാത്രമല്ല, പിതാവിനോടാണ് കുട്ടികൾക്ക് കൂടുതൽ അടുപ്പമുണ്ടായിരുന്നതെന്നാണ് ആത്മഹത്യാക്കുറിപ്പിൽ സൂചിപ്പിക്കുന്നത്. കുറിപ്പുകളിൽ എവിടെയും അമ്മമാരെക്കുറിച്ച് കുട്ടികൾ പരാമർശിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു.
അതേസമയം, ആത്മഹത്യാക്കുറിപ്പിലെ കയ്യക്ഷരം ഉൾപ്പെടെ പോലീസ് ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. ഇതിനായി ആത്മഹത്യാക്കുറിപ്പ് ഫൊറൻസിക് ലാബിലേക്ക് അയച്ചതായി പോലീസ് അറിയിച്ചു.
സംഭവത്തിൽ അടിമുടി ദുരൂഹത തുടരുന്നതിനാൽ ഇവരുടെ കുടുംബപശ്ചാത്തലത്തെക്കുറിച്ചും വിപുലമായ അന്വേഷണം നടത്തുന്നുണ്ട്. 2015-ൽ ചേതൻകുമാറിന്റെ ലിവ് ഇൻ പങ്കാളി ദുരൂഹ സാഹചര്യത്തിൽ മരിച്ചിരുന്നു. സാഹിബാബാദിലെ ഫ്‌ളാറ്റിന്റെ ടെറസിൽനിന്ന് വീണ് മരണം സംഭവിച്ചെന്നായിരുന്നു ഇയാളുടെ മൊഴി. എന്നാൽ, പിന്നീട് ഈ കേസിൽ വലിയ അന്വേഷമുണ്ടായില്ല. ഇതേക്കുറിച്ചും പോലീസ് ഇപ്പോൾ അന്വേഷിക്കുന്നുണ്ട്. അതിനിടെ, ചേതൻകുമാർ വിറ്റ മൊബൈൽഫോൺ വീണ്ടെടുക്കാനും പോലീസിന്റെ ശ്രമങ്ങൾ തുടരുകയാണ്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Content Highlights: Three Ghaziabad sisters died by suicide. New details emerge about their father`s multiple marriages and the girls` obsession with Korean content. Read the full story.
Published: 07 Feb 2026, 06:45 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented