സുൽത്താൻബത്തേരി: കോടതി സൂക്ഷിക്കാനേൽപ്പിച്ച തൊണ്ടിമുതലായ ഏഴുചാക്ക് ഹാൻസ് പോലീസ് സ്റ്റേഷനിൽനിന്ന് മോഷണംപോയ സംഭവത്തിൽ പ്രതി പോലീസുകാരൻതന്നെയെന്ന് സൂചന. സി.സി.ടി.വി. പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് കണ്ടെത്തൽ. ഇദ്ദേഹം ഒളിവിലാണെന്നും സൂചനയുണ്ട്. പോലീസുകാരന് കൂടുതൽപ്പേരുടെ സഹായം ലഭിച്ചോ, ആരുടെയൊക്കെ എന്നതടക്കമുള്ള കാര്യങ്ങൾ വിശദമായ അന്വേഷണത്തിലാണ്. സ്റ്റേഷൻ കെട്ടിടത്തിലെ മുറിയിൽ പൂട്ടിസൂക്ഷിച്ചിരുന്ന ചാക്കുകൾ കടത്തിക്കൊണ്ടുപോയത് രാത്രിയിലാണെന്ന വിവരവും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.
അന്വേഷണം കൃത്യമായ വഴിയിൽ മുന്നോട്ടുപോകുകയാണെന്ന് നേതൃത്വംനൽകുന്ന ബത്തേരി ഡിവൈ.എസ്.പി. എം.എം. അബ്ദുൾകരീം പറഞ്ഞു. അന്വേഷണസംഘത്തിന് കാര്യങ്ങൾ വ്യക്തമായിട്ടുണ്ട്. കുറ്റക്കാരായവരെ നിയമത്തിന് മുന്നിലെത്തിക്കാനുള്ള ഉറച്ചതീരുമാനത്തിലാണ് മുന്നോട്ടുപോകുന്നതെന്നും അന്വേഷണഘട്ടത്തിലായതിനാൽ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ജൂൺ 26-ന് കോടതിയിൽനിന്ന് തിരികെ സ്റ്റേഷനിലെത്തിച്ച ചാക്കുകളാണ് സ്റ്റോർമുറിയിൽ സൂക്ഷിച്ചത്. സ്റ്റേഷനിലെയും പരിസരങ്ങളിലെയും അന്നുമുതലുള്ള സി.സി.ടി.വി. ദൃശ്യങ്ങൾ അന്വേഷണസംഘം പരിശോധിച്ചു. ഇതിൽനിന്നാണ് രാത്രിയിലാണ് കൊണ്ടുപോയതെന്ന് വ്യക്തമായിട്ടുള്ളത്.
എന്നാൽ, എങ്ങനെയാണെന്നും എത്രപേരുണ്ടെന്നതുമടക്കമുള്ള വിവരം ലഭ്യമായിട്ടില്ല. മുൻപ് നിരോധിത പുകയില ഉത്പന്നങ്ങളുമായി പിടിയിലായ ചിലരെയും ചോദ്യംചെയ്തിട്ടുണ്ട്. ഇവർക്ക് സംഭവവുമായി ബന്ധമുണ്ടോയെന്നതാണ് പരിശോധിക്കുന്നത്.
കടത്തിയത് രാത്രിയിലായതിനാൽ പൊതുവേ ആളുകൾ കുറവുള്ള സമയമാണ്. ജി.ഡി., പാറാവ്, രാത്രി ഡ്യൂട്ടിയിലുള്ളവരുമേ സ്റ്റേഷനിൽ ഉണ്ടാകാറുള്ളൂ. രാത്രിഡ്യൂട്ടിക്കാർ പുറത്തേക്കുപോയാൽ രണ്ടോ മൂന്നോ പേരേ സ്റ്റേഷനിൽ ഉണ്ടാകൂ. ഈ സമയം നോക്കിയായിരിക്കും മുതലുകൾ കടത്തിയിട്ടുണ്ടാവുകയെന്ന് കരുതിയാലും പുറമേനിന്നൊരാൾക്ക് ഒറ്റയ്ക്ക് ഇതിന് സാധിക്കില്ല. ചാക്കുകൾ ചുമന്നുകൊണ്ടുപോയാൽ സി.സി.ടി.വി.കളിൽ പതിയും.
വാഹനം സ്റ്റേഷൻവളപ്പിന് അകത്തേക്ക് കയറ്റി ചാക്കുകൾ ഇട്ട് പിന്നീട് പുറത്തേക്കുകൊണ്ടുപോകാനുള്ള സാധ്യതയാണ് കൂടുതലുമുള്ളത്. ഇതിന് സ്റ്റേഷൻ ഡ്യൂട്ടിയിലുള്ളവരുടെ സഹായമില്ലാതെ സാധിക്കില്ലെന്നതും പോലീസുകാരുടെ സഹായം ലഭിച്ചിട്ടുണ്ടെന്നത് ഉറപ്പിക്കുന്നത്. വിചാരണ വരില്ലെന്ന ബോധ്യമുള്ളയാളാണ് ഇത്തരം പ്രവൃത്തി ചെയ്യാൻ സഹായിച്ചിട്ടുണ്ടാകുകയെന്നാണ് കരുതുന്നത്.
ഇത്തരം കേസുകളിൽ തൊണ്ടിമുതൽ കോടതിയിൽ ഹാജരാക്കി പിഴയടച്ചുകഴിഞ്ഞാൽ മൂന്നുമാസംവരെ മേൽക്കോടതിയിൽ അപ്പീൽ പോകാൻ സമയമുണ്ട്.
അതുകഴിഞ്ഞാൽ തൊണ്ടിമുതൽ കത്തിച്ചോ അല്ലാതെയോ നശിപ്പിച്ചുകളയാൻ കോടതി പോലീസിന് നിർദേശം നൽകും. ഇങ്ങനെ ഉത്തരവിടുന്നസമയത്ത് സ്റ്റോറിൽനിന്ന് എടുക്കുമ്പോൾ പിന്നീട് ഇവയുടെ കണക്കോ മറ്റോ നോക്കാറില്ലെന്നാണ് വിവരം. ഈ കേസിലും അതുപോലെയുണ്ടാകുമെന്നാണ് ചാക്കുകൾ കടത്തിയവർ കരുതിയിട്ടുണ്ടാവുകയെന്നാണ് സൂചന.
Published: 14 Sept 2026, 07:51 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented