നിലമ്പൂര്‍: ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ഹോട്ടലില്‍ പരിശോധന നടത്തി പിഴയടയ്ക്കാന്‍ ആവശ്യപ്പെട്ട തമിഴ്നാട് ഗൂഡല്ലൂര്‍ സ്വദേശികളായ ദമ്പതിമാര്‍ പോലീസിന്റെ പിടിയില്‍. ഗൂഡല്ലൂര്‍ ആമക്കുളം സുബൈദ (35), ഭര്‍ത്താവ് ധര്മരാജന് (38) എന്നിവരെയാണ് എസ്ഐ തോമസ് കുട്ടി ജോസഫ് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞദിവസം ഉച്ചയ്ക്ക് 12.45-ന് നിലമ്പൂര്‍ ചന്തക്കുന്ന് ബസ് സ്റ്റാന്‍ഡിനു സമീപത്തെ ഹോട്ടലിലാണു സംഭവം. ഉടമ അത്തിമണ്ണില്‍ ഷാനവാസിന്റെ പരാതിയിലാണ് കേസെടുത്തത്. ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ഹോട്ടലിലെത്തിയ ദമ്പതിമാര്‍ ലൈസന്‍സ് കാണിക്കാന്‍ ആവശ്യപ്പെട്ടു. ലൈസന്‍സ് കാലാവധി തീരാറായെന്നു പറഞ്ഞ് പിഴ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തി. കടയിലെ പപ്സ് മുറിച്ചുനോക്കി പഴയതെന്ന് പറഞ്ഞു. ഓരോ ഊണും ബിരിയാണിയും പാഴ്സല്‍ ആവശ്യപ്പെട്ടു. അലമാരയിലെ ഭക്ഷണസാധനങ്ങള്‍ പാത്രത്തോടെ എടുത്ത് നിലത്തെറിഞ്ഞു. പാത്രം തകര്‍ന്ന് ചിതറി.
ഭക്ഷണം കഴിക്കാനെത്തിയ മുന്‍ ഹോട്ടലുടമ തെയ്യത്തുംകാവില്‍ മുനീറിന് ഇരുവരുടെയും പെരുമാറ്റത്തില്‍ സംശയംതോന്നി ഇടപെട്ടു. ഉടന്‍ സുബെദ മൂന്നുലക്ഷം രൂപ പിഴയടയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ മുനീര്‍ തിരിച്ചറിയല്‍ രേഖ കാണിക്കാന്‍ ആവശ്യപ്പെട്ടു. രേഖ പരിശോധിച്ചപ്പോള്‍ പ്ലേസ്മെന്റ് സര്‍വീസ് സ്ഥാപനത്തിലെ ജോലിക്കാരിയാണെന്നു മനസ്സിലായി. ഹോട്ടല്‍ ഉടമയും നാട്ടുകാരും ചേര്‍ന്ന് ഇരുവരെയും തടഞ്ഞുവച്ചു പോലീസില്‍ വിവരം അറിയിച്ചു. സിപിഒ മാരായ പി. ദീപ, കെ. അജേഷ് എന്നിവര്‍ ചേര്‍ന്ന് ഇവരെ കസ്റ്റഡിയിലെടുത്തു. ആള്‍മാറാട്ടത്തിനു കേസ് രജിസ്റ്റര്‍ചെയ്തു.
Content Highlights: Two individuals posing as health officials were arrested in Nilambur for attempting to extort money from a hotel by threatening them with fake violations. Read the full story.
Published: 18 Dec 2025, 09:36 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented