തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിലേക്ക് മദ്യക്കുപ്പികൾ വലിച്ചെറിയാൻ ശ്രമിച്ചത് തടഞ്ഞതിന് കോർപ്പറേഷൻ ജീവനക്കാർക്കു നേരേ ആക്രമണം. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ശ്രീകണ്‌ഠേശ്വരം വാർഡിലെ തുമ്പൂർമൂഴി മാലിന്യസംസ്കരണകേന്ദ്രത്തിലെ ജീവനക്കാരായ രാഹുൽ, രാജീവ് എന്നിവർക്കു നേരേയാണ് ആക്രമണമുണ്ടായത്.

To advertise here,

തകരപ്പറമ്പിലെ ഒരു കടയിലെ ജീവനക്കാരാണ് ആക്രമിച്ചതെന്ന് വഞ്ചിയൂർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. തോട്ടിലേക്ക് മാലിന്യം വലിച്ചെറിയുന്നത് കണ്ടെത്താനുള്ള രാത്രിസ്‌ക്വാഡിന്റെ ഭാഗമായാണ് ജീവനക്കാരെ നിയോഗിച്ചിരുന്നത്. കുപ്പികൾ വലിച്ചെറിയുന്നത് ചോദ്യം ചെയ്തപ്പോൾ കോർപ്പറേഷൻ ജീവനക്കാരെ പിടിച്ചു തള്ളുകയും ഇവർക്കു നേരേ കുപ്പിയെറിയുകയും ചെയ്തു. കല്ലെടുത്ത് ആക്രമിക്കാൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു. 

തുടർന്ന് അക്രമികൾ ഇരുചക്രവാഹനത്തിൽ കയറി രക്ഷപ്പെട്ടു. വാഹനത്തിന്റെ നമ്പർ സഹിതമാണ് പോലീസിൽ പരാതി നൽകിയിട്ടുള്ളത്. ശനിയാഴ്ച രാത്രി ഇതേ കടയിലെ ജീവനക്കാർ മദ്യക്കുപ്പികൾ തോട്ടിലേക്ക് വലിച്ചെറിഞ്ഞത് രാത്രിസ്‌ക്വാഡ് പിടികൂടിയിരുന്നു. ഇവരിൽനിന്ന് പിഴ ഈടാക്കുകയും ചെയ്തിരുന്നു.

ആമയിഴഞ്ചാൻ തോട്ടിൽ വീണ് ശുചീകരണ തൊഴിലാളി മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് കോർപ്പറേഷൻ വനിതാ സ്‌ക്വാഡുകളടക്കം ഉൾപ്പെടുത്തി രാത്രികാല പരിശോധന കർശനമാക്കിയത്. അക്രമികൾക്കെതിരേ കർശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കോർപ്പറേഷൻ സിറ്റി പോലീസ് കമ്മിഷണർക്കും പരാതി നൽകിയിട്ടുണ്ട്.

ഇറച്ചിമാലിന്യമടക്കം ശേഖരിച്ച് പൊതുസ്ഥലങ്ങളിൽ തള്ളുന്നതിന് പിന്നിൽ അക്രമിസംഘങ്ങളാണുള്ളത്. ഇവർ പലപ്പോഴും ആയുധങ്ങളുപയോഗിച്ച് മുൻപ് രാത്രി സ്‌ക്വാഡുകളെ ആക്രമിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

സംയുക്ത സ്‌ക്വാഡ് പ്രഖ്യാപനത്തിൽ മാത്രം

മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തലസ്ഥാന നഗരത്തിൽ അനധികൃത മാലിന്യനിക്ഷേപം നടത്തുന്നവരെ പിടികൂടുന്നതിന് പോലീസിന്റേയും കോർപ്പറേഷന്റേയും സംയുക്ത സ്‌ക്വാഡുകൾ രൂപവത്കരിക്കാൻ തീരുമാനിച്ചിരുന്നത്. മന്ത്രി എം.ബി.രാജേഷും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.എന്നാൽ ഇത് പ്രഖ്യാപനത്തിൽ മാത്രം തുടരുകയാണ്. അനധികൃത മാലിന്യ നിക്ഷേപം പിടികൂടാനെത്തുന്ന ജീവനക്കാരെ ആക്രമിക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ എത്തിയിട്ടും ഈ പ്രഖ്യാപനം നടപ്പാക്കാനായിട്ടില്ല.

മാലിന്യം തള്ളുന്ന വാഹനങ്ങൾ കോർപ്പറേഷൻ അധികൃതർ പിടികൂടിയാലും പോലീസിനെ ഏൽപ്പിച്ച് നിയമനടപടികൾ പൂർത്തിയാക്കാൻ മണിക്കൂറുകൾ വേണ്ടിവരുന്നുമുണ്ട്. അതോടെ വീണ്ടും രാത്രി പരിശോധന തുടരാനും കഴിയില്ല. കോർപ്പറേഷൻ പിടിച്ചെടുക്കുന്ന വാഹനങ്ങൾ ഉടൻ തന്നെ പോലീസ് ഏറ്റെടുത്ത് സ്‌റ്റേഷനുകളിലേക്ക് മാറ്റാനും കോർപ്പറേഷൻ സംഘത്തിന് പരിശോധന തുടരാനുള്ള സൗകര്യം ഒരുക്കണമെന്നും കോർപ്പറേഷൻ ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നു.