കൊച്ചി: മോഡലിങ്ങിന്റെയും ബ്യൂട്ടിപാർലർ ജോലികളുടെയും മറവിൽ മലയാളിയുവതികളെ ദുബായിലേക്ക് കടത്തി ലൈംഗികചൂഷണത്തിന് ഇരയാക്കുന്ന രാജ്യാന്തര സെക്‌സ് റാക്കറ്റിനു പിന്നിൽ മലയാളികളുൾപ്പെട്ട വൻ സംഘമെന്ന് പോലീസ്. പിടിയിലായ, ദുബായിൽ ഇവന്റ് മാനേജ്‌മെന്റ് ബിസിനസ് നടത്തുന്ന പെരുമ്പാവൂർ കോട്ടപ്പടി സ്വദേശിനി സിന്ധു എന്ന സ്റ്റോയ്സി (56) പെൺവാണിഭ സംഘത്തിന്റെ പ്രധാന നടത്തിപ്പുകാരിയെന്ന് സ്ഥിരീകരിച്ചു. സിന്ധുവിനൊപ്പം പിടിയിലായ തിരുവനന്തപുരം സ്വദേശിനിയും മരടിലെ താമസക്കാരിയുമായ അലീന എബ്രഹാം (27), പൊന്നാനി സ്വദേശിനി മഞ്ജിമ (25) എന്നിവർ സംഘത്തിന്റെ ഏജന്റുമാരാണെന്നും വ്യക്തമായിട്ടുണ്ട്. പെൺകുട്ടികളെ കണ്ടെത്തുന്നത് അലീനയും മഞ്ജിമയും ചേർന്നാണ്. സിന്ധുവാണ് ഇവർക്ക് ദുബായിലേക്കുള്ള വിമാനടിക്കറ്റ്, വിസിറ്റിങ് വിസ എന്നിവ തരപ്പെടുത്തുന്നത്.
കേസിൽ ഉൾപ്പെട്ട രണ്ട് പ്രധാന പ്രതികൾ വിദേശത്ത് ഒളിവിൽ കഴിയുകയാണ്. ഇവരെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികളിലേക്ക് കടക്കും.
മുംബൈയിൽ പിടിയിലായ സിന്ധുവിനെ ബുധനാഴ്ച വൈകീട്ടോടെ കൊച്ചി വനിതാ സെല്ലിൽ എത്തിച്ചു. കോടതിയിൽ ഹാജരാക്കിയ ശേഷം ഇവരെയും റിമാൻഡിലുള്ള അലീനയെയും മഞ്ജിമയെയും കസ്റ്റഡിയിൽ വാങ്ങി ഒരുമിച്ച് ചോദ്യം ചെയ്യാനാണ് പോലീസ് ശ്രമിക്കുന്നത്. സിന്ധുവിൽ നിന്നും കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ. സംഘത്തിന് സിനിമ-സീരിയൽ മേഖലകളുമായി ബന്ധമുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. അതിനിടെ പിടിയിലായ അലീനയുടെ ഭീഷണിസന്ദേശം പുറത്തുവന്നു. കേസുമായി ബന്ധപ്പെട്ട രഹസ്യമൊഴി നൽകാൻ എത്തിയ പരാതിക്കാരിക്കാണ് വീഡിയോ സന്ദേശം അയച്ചത്. പോലീസിൽ പരാതിപ്പെട്ടതിനാണ് ഭീഷണി. 'അയാൾ' വിടില്ലെന്നും പണിതരുമെന്നും അലീന പറയുന്നു. അലീനയുടെ ആൺസുഹൃത്തായ ഗുണ്ടാനേതാവിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്.
വലയിലാക്കുന്നതിങ്ങനെ
സിനിമ-സീരിയൽ മോഹങ്ങളുള്ള യുവതികൾക്ക് മോഡലിങ് അവസരങ്ങൾ വാഗ്ദാനം ചെയ്തും വിദേശത്തെ പ്രമുഖ ബ്യൂട്ടിപാർലറുകളിൽ ഉയർന്ന ശമ്പളമുള്ള ജോലി ഉറപ്പുനൽകിയുമാണ് സംഘം വലവിരിക്കുക. ആകർഷിക്കാൻ സാമൂഹികമാധ്യമങ്ങളിൽ റീലുകളും പരസ്യവും ചെയ്യും. താത്പര്യപ്പെടുന്നവർക്ക് വിസ വാഗ്ദാനം ചെയ്യും. രണ്ടുമാസത്തെ വിസിറ്റിങ് വിസയിലാണ് യുവതികളെ ദുബായിൽ എത്തിക്കുക. ദുബായിലെത്തിയാലുടൻ യുവതികളുടെ മൊബൈൽ ഫോണുകളും പാസ്പോർട്ടും ഉൾപ്പെടെയുള്ളവ കൈവശപ്പെടുത്തിയശേഷം ഫ്‌ലാറ്റുകളിലേക്ക് കൊണ്ടുപോകും.
മയക്കുമരുന്നുകൾ നൽകി അബോധാവസ്ഥയിലാക്കി, യുവതികളുടെ നഗ്‌നദൃശ്യങ്ങൾ മൊബൈലിൽ പകർത്തും. ദൃശ്യങ്ങൾ നാട്ടിലെ കുടുംബാംഗങ്ങൾക്ക് അയച്ചുകൊടുക്കുമെന്നും ഇന്റർനെറ്റിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി ലൈംഗികവൃത്തിക്ക് നിർബന്ധിക്കും. യുവതികൾ ദുബായിൽ എത്തിയാലുടൻ ഇവരുടെ ചിത്രങ്ങൾ വാട്‌സാപ്പ് വഴി വിദേശത്തുള്ള വൻകിട ഇടപാടുകാർക്ക് കൈമാറും. ഇടപാടുകാർ എത്തുന്ന ഫ്‌ലാറ്റുകളിൽ ഒളിക്യാമറകൾ സ്ഥാപിച്ച് പീഡനദൃശ്യങ്ങളും റെക്കോഡ് ചെയ്യും. ഒരുദിവസം മാത്രം ലക്ഷക്കണക്കിന് രൂപയുടെ ഇടപാടാണ് സംഘം നടത്തിയിരുന്നതെന്നും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.
Content Highlights: International sex trafficking racket operating between Kerala and Dubai busted., Key operator Sindhu (Stoisy) arrested in Mumbai and brought to Kochi., Agents Aleena Abraham and Manjima managed recruitment via modeling/job scams., Modus operandi includes visa fraud, passport confiscation, and blackmail using recorded footage., Police investigating potential links to the film and television industry.
Published: 21 May 2026, 07:31 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented