കൊച്ചി: മദ്യപിച്ച് വാഹന പരിശോധന നടത്തിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ പിടികൂടി പോലീസിൽ ഏൽപ്പിച്ച് നാട്ടുകാർ. എറണാകുളം ആർടി ഓഫീസിലെ അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എം.എസ്. ബിനുവിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾക്കെതിരേ മദ്യപിച്ച് വാഹനമോടിച്ചതിന് കേസ് എടുത്തിട്ടുണ്ട്.
തൃക്കാക്കര തോപ്പിൽ ജങ്ഷനിൽ ബുധനാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. തൃക്കാക്കരയിൽ മത്സ്യവിൽപ്പന നടത്തുകയായിരുന്ന കുടുംബത്തിൽനിന്ന് പിഴ ഈടാക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് ഉദ്യോഗസ്ഥൻ മദ്യപിച്ചിട്ടുള്ള കാര്യം മനസിലാക്കിയതും പോലീസിനെ വിവരം അറിയിച്ചതും.
ഒരു യുവതിയും കുടുംബവും മത്സ്യവിൽപന നടത്തിവരികയായിരുന്നു. മത്സ്യവിൽപ്പന നടത്തുന്നതിന് തൊട്ടടുത്ത് തന്നെ ഒരു ഓട്ടോറിക്ഷ കിടക്കുന്നുണ്ടായിരുന്നു. ഇത് ആരുടെ ഓട്ടോ ആണെന്ന് ചോദിച്ചപ്പോൾ തന്റെ ഭർത്താവിന്റേതാണെന്ന് യുവതി മറുപടിനൽകി. ഇതോടെ, ഓട്ടോയുമായി ബന്ധപ്പെട്ട് ഒരു പരാതിയുണ്ടെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. യാത്രക്കാരെ കയറ്റേണ്ട വാഹനത്തിൽ ഗുഡ്സ് കയറ്റി എന്നാണ് പരാതിയെന്നും മൂവായിരം രൂപ പിഴയടക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ, ഉദ്യോഗസ്ഥന്റെ പെരുമാറ്റത്തിൽ പന്തികേട് തോന്നിയ നാട്ടുകാർ ഇടപെടുകയായിരുന്നു. ഇതോടെയാണ് ഇയാൾ മദ്യപിച്ചിട്ടുണ്ട് എന്ന് മനസ്സിലാകുന്നത്. കൂടാതെ ഇയാൾ യൂണിഫോമിലും ആയിരുന്നില്ല. തുടർന്ന് നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പിന്നാലെ പോലീസ് എത്തി പരിശോധന നടത്തിയപ്പോഴാണ് മദ്യപിച്ചിട്ടുണ്ടെന്നുള്ള കാര്യം വ്യക്തമായത്.
സംഭവത്തിൽ മോശമായി സംസാരിച്ചതടക്കം ചൂണ്ടിക്കാണിച്ച് മത്സ്യവിൽപ്പന നടത്തിയിരുന്ന കുടുംബം തൃക്കാക്കര പോലീസിൽ പരാതി അറിയിച്ചിട്ടുണ്ട്.
അതേസമയം ഉദ്യോഗസ്ഥൻ ഔദ്യോഗിക ഡ്യൂട്ടിയിലായിരുന്നോ എന്നുള്ളതടക്കമുള്ള കാര്യങ്ങൾ പോലീസ് പരിശോധിക്കുകയാണ്. വിഷയത്തിൽ മോട്ടോർ വാഹന വകുപ്പിന്റെ വിശദീകരണവും വരേണ്ടതുണ്ട്.
Content Highlights: Locals apprehended a drunk motor vehicle officer in Kochi for demanding a fine from a fish-seller
Published: 11 Sept 2025, 10:47 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented