
കൊച്ചി: ഡോ.ഷഹ്‌നയുടെ ആത്മഹത്യയില്‍ തനിക്ക് പങ്കില്ലെന്ന് കേസിലെ പ്രതിയായ ഡോ. ഇ.എ.റുവൈസ്. കുറ്റകൃത്യത്തില്‍ പങ്കില്ലെന്നും സ്ത്രീധന നിരോധന നിയമം അനുസരിച്ച് തനിക്കെതിരേ ചുമത്തിയ കുറ്റം നിലനില്‍ക്കില്ലെന്നുമായിരുന്നു ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ റുവൈസ് വാദിച്ചത്. പ്രതിയുടെ ജാമ്യാപേക്ഷ ബുധനാഴ്ച വീണ്ടും പരിഗണിക്കും.
ഷഹ്‌നയോട് താന്‍ സ്ത്രീധനം ആവശ്യപ്പെട്ടെന്നുള്ള ആരോപണം ശരിയല്ലെന്നാണ് റുവൈസിന്റെ വാദം. പി.ജി. കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷം വിവാഹം നടത്താമെന്നാണ് താന്‍ പറഞ്ഞത്. എന്നാല്‍, ഷഹ്നയ്ക്ക് ഇത് സമ്മതമല്ലായിരുന്നു. ഡോ.വന്ദനദാസിന്റെ കൊലപാതകത്തില്‍ പോലീസിനെ വിമര്‍ശിച്ചതിന്റെ പ്രതികാരമായാണ് തന്റെ അറസ്റ്റെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു.
പോലീസ് അറസ്റ്റ് ചെയ്തതിനാല്‍ തന്റെ കക്ഷിയെ കോളേജില്‍നിന്ന് പുറത്താക്കിയെന്ന് റുവൈസിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍, മരിച്ച പെണ്‍കുട്ടിയും സമര്‍ഥയായിരുന്നുവെന്നാണ് ജാമ്യാപേക്ഷ പരിഗണിക്കവേ ജസ്റ്റിസ് പി.ഗോപിനാഥ് ഇതിന് മറുപടി നല്‍കിയത്. ഒരുകാരണവശാലും സ്ത്രീധനം ആവശ്യപ്പെടാന്‍ പാടില്ലെന്നും കോടതി വ്യക്തമാക്കി.
നേരത്തെ തിരുവനന്തപുരം അഡീ. ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പ്രതി സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഡോ.റുവൈസ് ജാമ്യംതേടി ഹൈക്കോടതിയെ സമീപിച്ചത്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സര്‍ജറി വിഭാഗം പി.ജി. വിദ്യാര്‍ഥിനിയായിരുന്ന ഡോ. ഷഹ്നയുടെ ആത്മഹത്യയിലാണ് ഡോ. ഇ.എ. റുവൈസിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. സ്ത്രീധന നിരോധന നിയമം, ആത്മഹത്യാപ്രേരണ തുടങ്ങിയ വകുപ്പുകളാണ് പ്രതിക്കെതിരേ ചുമത്തിയിരിക്കുന്നത്.
മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോ വിഭാഗം പി.ജി. വിദ്യാര്‍ഥിയായ റുവൈസിനെ കേസില്‍ പ്രതിയായതിന് പിന്നാലെ സസ്പെന്‍ഡ് ചെയ്തിരുന്നു. പി.ജി. മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്നും ഇയാളെ നീക്കംചെയ്തു. ഷഹ്നയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ റുവൈസിന്റെ പിതാവും കോണ്‍ട്രാക്ടറുമായ റഷീദും പ്രതിയാണ്.
ഡിസംബര്‍ ആറാം തീയതി രാത്രിയാണ് ഷഹ്നയെ മെഡിക്കല്‍ കോളേജിന് സമീപത്തെ ഫ്ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടത്. രാത്രി ഐ.സി.യു.വില്‍ ഡ്യൂട്ടിക്കെത്തേണ്ടിയിരുന്ന ഷഹ്നയെ കാണാത്തതിനാല്‍ സഹപാഠികള്‍ ഫ്ളാറ്റില്‍ അന്വേഷിച്ചെത്തിയപ്പോളാണ് മരിച്ചനിലയില്‍ കണ്ടത്. അനസ്തേഷ്യയ്ക്കുള്ള മരുന്ന് കുത്തിവെച്ചാണ് യുവഡോക്ടര്‍ മരിച്ചതെന്നായിരുന്നു പോലീസ് കണ്ടെത്തല്‍. മുറിയില്‍നിന്ന് ഷഹ്നയുടെ ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെടുത്തിരുന്നു.
ഡോ. റുവൈസുമായി ഷഹ്നയുടെ വിവാഹം ആലോചിച്ചിരുന്നതായും ഇവര്‍ ഉയര്‍ന്ന സ്ത്രീധനം ആവശ്യപ്പെട്ടതായുമാണ് ഷഹ്നയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നത്. ഇത്രയും വലിയ സ്ത്രീധനം നല്‍കാന്‍ കഴിയില്ലെന്ന് അറിയിച്ചതോടെ റുവൈസ് വിവാഹത്തില്‍നിന്ന് പിന്മാറി. ഇതേത്തുടര്‍ന്ന് ഷഹ്ന കടുത്ത മാനസികപ്രയാസത്തിലായിരുന്നു. ഇതാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നായിരുന്നു കുടുംബത്തിന്റെ പരാതി.
150 പവനും 15 ഏക്കറും ബി.എം.ഡബ്ല്യൂ. കാറുമാണ് റുവൈസും കുടുംബവും സ്ത്രീധനമായി ചോദിച്ചതെന്നായിരുന്നു ഷഹ്നയുടെ ബന്ധുക്കളുടെ ആരോപണം. ഷഹ്നയും റുവൈസും അടുപ്പത്തിലായിരുന്നു. തുടര്‍ന്ന് റുവൈസാണ് വിവാഹാലോചനയുമായി മുന്നോട്ടുവന്നത്. ഇതിന്റെ ഭാഗമായി ഇരുവീട്ടുകാരും സംസാരിച്ചിരുന്നു. എന്നാല്‍, ഇത്രയും വലിയ സ്ത്രീധനം നല്‍കാനാകില്ലെന്ന് പറഞ്ഞു. അഞ്ചേക്കറും ഒരു കാറും നല്‍കാമെന്ന് അറിയിച്ചിട്ടും റുവൈസിന്റെ കുടുംബം തയ്യാറായില്ലെന്നും ഉയര്‍ന്ന സ്ത്രീധനം തന്നെ വേണമെന്ന ആവശ്യത്തില്‍ അവര്‍ ഉറച്ചുനിന്നതായും ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
Content Highlights: dr shahana death case accused dr ea ruwais submitted bail plea in highcourt
Published: 18 Dec 2023, 02:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented