പറവൂർ: സ്ത്രീധനപീഡനംമൂലം യുവതി ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവിനും ഭർതൃമാതാവിനും കഠിനതടവ്. കളമശ്ശേരി ഞാലകം മൂലേപ്പാടം റോഡിൽ കാഞ്ഞിരത്തിങ്കൽ സുനിത (25) ആത്മഹത്യ ചെയ്ത കേസിൽ ഒന്നാംപ്രതിയായ ഭർത്താവ് യു.സി. കോളേജ് കടേപ്പിള്ളി റോഡിൽ അറഫ വില്ലയിൽ അജു എന്ന അരുൺ (38), രണ്ടാംപ്രതി അജുവിന്റെ മാതാവ് ലൈലാ ബീവി (72) എന്നിവരെയാണ് പറവൂർ രണ്ടാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി വി. ജ്യോതി കഠിനതടവിന് ശിക്ഷിച്ചത്. അജുവിന് എട്ടും, ലൈലാ ബീവിക്ക് രണ്ട് വർഷവും കഠിനതടവും 25,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. മൂന്നാം പ്രതിയും അജുവിന്റെ പിതാവുമായ അബ്ദുൽ റഹിമാനെ കുറ്റക്കാരനല്ല എന്ന കാരണത്താൽ കോടതി വെറുതേ വിട്ടു.
2018 സെപ്റ്റംബർ 13-നാണ് കേസിനാസ്പദമായ സംഭവം. 2014-ലാണ് അജുവും സുനിതയും വിവാഹിതരാകുന്നത്. 101 പവൻ സ്വർണാഭരണങ്ങൾ സുനിതയ്ക്ക് മാതാപിതാക്കൾ നൽകിയിരുന്നു. കൂടുതൽ പണവും സ്വർണവും സ്വത്തും സ്ത്രീധനമായി വേണമെന്നാവശ്യപ്പെട്ട് അജുവും മാതാപിതാക്കളും സുനിതയെ മാനസികമായി പീഡിപ്പിച്ചിരുന്നു. തുടർന്ന് സുനിതയുടെ മാതാപിതാക്കൾ കളമശ്ശേരിയിലെ ലക്ഷങ്ങൾ വിലമതിക്കുന്ന വീടും പറമ്പും സുനിതയുടെ പേർക്ക് നൽകി. എന്നിട്ടും തൃപ്തരാകാതെ പല തരത്തിലുമുള്ള പീഡനങ്ങൾ ഭർതൃവീട്ടുകാരുടെ ഭാഗത്തുനിന്നും ഉണ്ടായതിനെ തുടർന്ന് സുനിത ആത്മഹത്യ ചെയ്തെന്നാണ് കേസ്. സംഭവശേഷം ഒളിവിൽപ്പോയ പ്രതികളെ പാലക്കാട് നിന്നാണ് അറസ്റ്റ് ചെയ്തത്. കേസിൽ 29 സാക്ഷികളെ പ്രൊസിക്യൂഷൻ വിസ്തരിക്കുകയും 90 പ്രമാണങ്ങളും മൂന്ന് തൊണ്ടികളും കോടതിയിൽ ഹാജരാക്കുകയും ചെയ്തു.
കളമശ്ശേരി പോലീസും എറണാകുളം സിറ്റി പോലീസ് കമ്മിഷണറും അന്വേഷിച്ച കേസ് സുനിതയുടെ മാതാപിതാക്കളുടെ അപേക്ഷ പ്രകാരം ക്രൈംബ്രാഞ്ചിന് പിന്നീട് കൈമാറി. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ബിജി ജോർജ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി അഭിഭാഷകരായ എം.ബി. ഷാജി, എസ്. രാഖി എന്നിവർ ഹാജരായി.
Content Highlights: Paravur Court sentences husband and mother-in-law in the 2018 dowry death case of Sunitha.
Published: 09 May 2026, 08:00 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented