ഭോപാൽ/നോയിഡ: മധ്യപ്രദേശിലെ ഭോപാലിൽ നോയിഡ സ്വദേശിനിയെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഗുരുതര ആരോപണങ്ങളുമായി യുവതിയുടെ കുടുംബം. നോയിഡ സ്വദേശിനിയും മോഡലുമായ ട്വിഷ ശർമയുടെ മരണത്തിലാണ് ഭർത്താവിനും ഭർതൃമാതാവിനും എതിരേ ആരോപണങ്ങളുയരുന്നത്. ട്വിഷയുടെ ഭർത്താവ് സമർഥ് സിങ്ങും ഭർതൃമാതാവ് ഗിരിബാല സിങ്ങും നിരന്തരം മാനസികമായി പീഡിപ്പിച്ചെന്നും സ്ത്രീധനത്തിന്റെ പേരിൽ ഉപദ്രവിച്ചെന്നുമാണ് കുടുംബത്തിന്റെ പരാതി. നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിയതായും ട്വിഷയുടെ മരണം കൊലപാതകമാണെന്നും ഇവർ ആരോപിച്ചു.

To advertise here,

മേയ് 12 ചൊവ്വാഴ്ചയാണ് ട്വിഷയെ ഭോപ്പാലിലെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ട്വിഷയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയെന്നാണ് ഭർതൃവീട്ടുകാരുടെ മൊഴി. എന്നാൽ, സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് യുവതിയുടെ കുടുംബത്തിന്റെ പരാതി.

അഞ്ചുമാസം മുൻപാണ് ട്വിഷയും സമർഥ് സിങ്ങും വിവാഹിതരായത്. ഭോപ്പാലിൽ അഭിഭാഷകനാണ് ട്വിഷയുടെ ഭർത്താവ് സമർഥ് സിങ്. ഭർതൃമാതാവ് ഗിരിബാല സിങ് റിട്ട. ജഡ്ജിയുമാണ്. ഭർതൃവീട്ടുകാരുടെ ഉന്നത സ്വാധീനം കാരണം കേസിന്റെ അന്വേഷണം അട്ടിമറിക്കപ്പെടുകയാണെന്നും കുടുംബത്തിന് പരാതിയുണ്ട്. അതേസമയം, യുവതിയുടെ മരണം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ ആത്മഹത്യാപ്രേരണ, സ്ത്രീധന പീഡനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി പോലീസ് കേസെടുത്തിരുന്നു. ഭർത്താവ് സമർഥ് സിങ്ങും ഭർതൃമാതാവ് ഗിരിബാല സിങ്ങുമാണ് കേസിലെ പ്രതികൾ. അതിനിടെ, ഗിരിബാല സിങ്ങിന് കഴിഞ്ഞദിവസം മുൻകൂർ ജാമ്യം ലഭിച്ചു. സമർഥ് സിങ് ഒളിവിലാണ്. ഇയാളെക്കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് പോലീസ് പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.

ആട്ടിൻതോലിട്ട ചെന്നായ...

മകളുടെ ഭർത്താവായ സമർഥ് സിങ്ങിനെ ആട്ടിൻതോലിട്ട ചെന്നായ എന്നാണ് ട്വിഷയുടെ പിതാവ് നവനിതി ശർമ വിശേഷിപ്പിച്ചത്. ക്രൂരമായ പീഡനമാണ് മകൾക്ക് നേരിടേണ്ടിവന്നതെന്നും അദ്ദേഹം പറഞ്ഞു. 'ഡേറ്റിങ് ആപ്പിലൂടെയാണ് അവർ രണ്ടുപേരും പരിചയപ്പെട്ടത്. വിവാഹത്തിന് ഒരുവർഷം മുൻപാണ് ഈ ബന്ധത്തെക്കുറിച്ച് ഞങ്ങൾ അറിഞ്ഞത്. പിന്നീട് അവളുടെ ഇഷ്ടത്തിന് വിവാഹത്തിന് സമ്മതം നൽകുകയായിരുന്നു''- അദ്ദേഹം പറഞ്ഞു.

സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും ഭർതൃമാതാവും ട്വിഷയെ നിരന്തരം പീഡിപ്പിച്ചെന്നാണ് പിതാവിന്റെ ആരോപണം. വിവാഹശേഷവും പലതവണകളായി പണം വാങ്ങി. ട്വിഷയ്ക്ക് ജോലി നഷ്ടമായപ്പോൾ 'ഞങ്ങൾ എങ്ങനെ നിന്നെ തീറ്റിപ്പോറ്റും' എന്നാണ് ചോദിച്ചത്. ഹണിമൂണിനിടെയും ഇരുവർക്കുമിടയിൽ കലഹങ്ങളുണ്ടായി. അയാൾ ഒരു ആട്ടിൻതോലിട്ട ചെന്നായ ആയിരുന്നു. വിവാഹബന്ധം തുടരാനായി മകൾ പലവിവരങ്ങളും തങ്ങളിൽനിന്ന് മറച്ചുവെച്ചിരുന്നു. എന്നാൽ, അവസാനദിവസങ്ങളിൽ അവൾ കുറേകാര്യങ്ങൾ വെളിപ്പെടുത്തി. ഭോപ്പാലിൽ എത്തി കൂട്ടിക്കൊണ്ടുപോകാനും പറഞ്ഞു. അതിനായി ടിക്കറ്റ് എടുത്തെങ്കിലും എന്നാണ് വരേണ്ടതെന്ന് മകൾ പറഞ്ഞില്ല. അവൾക്കുണ്ടായ വിധിയെ അവൾ സ്വയം പഴിക്കുകയായിരുന്നു. മകൾ ഗർഭിണിയായപ്പോൾ കുഞ്ഞിന്റെ പിതൃത്വത്തിൽ വരെ ഭർത്താവ് സംശയമുന്നയിച്ചു. ഇത് ആരുടെ കുഞ്ഞാണെന്നാണ് അവളോട് ചോദിച്ചതെന്നും ഭർതൃവീട്ടിൽ ക്രൂരമായ പീഡനമാണ് മകൾക്ക് നേരിടേണ്ടിവന്നതെന്നും പിതാവ് ആരോപിച്ചു.

അന്വേഷണത്തിൽ വീഴ്ച, സിസിടിവി ദൃശ്യങ്ങൾ പുറത്ത്...

ട്വിഷ ശർമയുടെ മരണത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ ആദ്യഘട്ടത്തിൽ വീഴ്ചയുണ്ടായെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്. ഒരു ബെൽറ്റ് ഉപയോഗിച്ചാണ് ട്വിഷ ശർമ തൂങ്ങിയതെന്നാണ് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തൽ. എന്നാൽ, പോലീസ് തെളിവുകൾ ഹാജരാക്കുന്നതിൽ വീഴ്ച വരുത്തിയതിനാൽ ഡോക്ടർമാർക്ക് ഇത് ഒത്തുനോക്കാനായില്ല. ഇതോടെ അന്വേഷണം അട്ടിമറിക്കുകയാണെന്ന ആരോപണവും ശക്തമായി.

ട്വിഷയുടെ മരണത്തിൽ വീണ്ടും പോസ്റ്റ്‌മോർട്ടം നടത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. അതേസമയം, പ്രാഥമികാന്വേഷണത്തിൽ അന്വേഷണ ഉദ്യോഗസ്ഥന് വീഴ്ച സംഭവിച്ചതായി നിലവിൽ അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണസംഘത്തിന്റെ(എസ്‌ഐടി) മേധാവി എസിപി രജനീഷ് കശ്യപ് മാധ്യമങ്ങളോട് സമ്മതിച്ചു. എന്നാൽ, സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്ത തെളിവുകളും മറ്റു തൊണ്ടിമുതലുകളും പിന്നീട് ഡോക്ടർമാർക്കും ഫൊറൻസിക് വിദഗ്ധർക്കും കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ, ട്വിഷ ശർമയുടെ മരണത്തിന് മുൻപും ശേഷവുമുള്ള സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ട്വിഷ ശർമ വീടിന്റെ മുകൾനിലയിലേക്ക് കയറിപ്പോകുന്നതും പിന്നീട് സമർഥ് ശർമയും മറ്റുരണ്ടുപേരും ചേർന്ന് മുകളിലേക്ക് പോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. തുടർന്ന് മൂവരുംചേർന്ന് ട്വിഷയെ താങ്ങിയെടുത്ത് താഴേക്ക് കൊണ്ടുവരുന്നതും ദൃശ്യങ്ങളിൽ കാണാം.

ഗർഭിണിയായിരിക്കെ കഞ്ചാവ് ഉപയോഗിച്ചെന്ന് ഭർതൃമാതാവ്...

ട്വിഷ ശർമയുടെ മരണത്തിൽ കേസിൽ പ്രതികൂടിയായ ഭർതൃമാതാവ് ഗിരിബാല സിങ്ങും പ്രതികരണവുമായി രംഗത്തെത്തി. ട്വിഷ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായാണ് റിട്ട. ജഡ്ജി കൂടിയായ ഗിരിബാല സിങ്ങിന്റെ പ്രധാന ആരോപണം. ഗർഭിണിയായിരിക്കെ ട്വിഷ കഞ്ചാവ് ഉപയോഗിച്ചിരുന്നു. വിവാഹം കഴിഞ്ഞ് അഞ്ചുമാസമായിട്ടും ട്വിഷയുടെ കുടുംബം അവളെ തിരിഞ്ഞുനോക്കിയില്ല. ട്വിഷയ്ക്ക് മാനസികപ്രശ്‌നങ്ങളും ഉണ്ടായിരുന്നു. ട്വിഷയുടെ താത്പര്യപ്രകാരമാണ് ഗർഭഛിദ്രം നടത്തിയത്. എന്നാൽ, ഇതിന്റെ ആദ്യഘട്ടം കഴിഞ്ഞപ്പോൾ അവൾക്ക് കുറ്റബോധമുണ്ടായി. ചെറുപ്പത്തിലെ അവളെ ഫാഷൻ-ഗ്ലാമർ ലോകത്തേക്ക് തള്ളിവിട്ട കുടുംബം വിവാഹത്തോടെ അവളെ ഉപേക്ഷിച്ചപോലെയാണ് പെരുമാറിയത്. അവർ വിവാഹത്തിനുശേഷം അവളെക്കുറിച്ച് ഒന്ന് തിരക്കിയിട്ടുപോലുമില്ലെന്നും ഗിരിബാല സിങ് പറഞ്ഞു.

നോയിഡ സ്വദേശിനിയായ ട്വിഷ ശർമ നേരത്തേ മോഡലായും പ്രവർത്തിച്ചിരുന്നു. എംബിഎ ബിരുദധാരിയായ ട്വിഷ ശർമ മുൻ 'മിസ് പുണെ' സൗന്ദര്യറാണി പട്ടവും നേടിയിട്ടുണ്ട്. പരസ്യചിത്രങ്ങളിലും ഒരു തെലുഗുസിനിമയിലും അഭിനയിച്ചിരുന്നു. ഡേറ്റിങ് ആപ്പിലൂടെയായിരുന്നു ട്വിഷയും ഭോപാലിലെ അഭിഭാഷകനായ സമർഥ് സിങ്ങും പരിചയത്തിലായത്. തുടർന്ന് കഴിഞ്ഞ ഡിസംബറിൽ ഇരുവരും വിവാഹതിരാവുകയായിരുന്നു.