
അമൃത ചൗഹാന്‍, കൊല്ലപ്പെട്ട രാംകേശ് മീണ | Photo Courtesy: x.com/HateDetectors
ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ഥിയായ യുവാവിനെ കൊന്ന് മൃതദേഹം ഫ്‌ളാറ്റിലിട്ട് കത്തിച്ച സംഭവത്തില്‍ ലിവ്ഇന്‍ പങ്കാളിയായ യുവതിയടക്കം മൂന്നുപേര്‍ പിടിയിലായി. ഡല്‍ഗി തിമര്‍പുരില്‍ താമസിച്ചിരുന്ന രാംകേശ് മീണ(32)യെ കൊലപ്പെടുത്തിയ കേസിലാണ് ലിവ് ഇന്‍ പങ്കാളി അമൃത ചൗഹാന്‍(21) ഇവരുടെ മുന്‍ കാമുകന്‍ സുമിത് കശ്യപ്, സുഹൃത്തായ സന്ദീപ് കുമാര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്.
യുവാവിനെ കൊലപ്പെടുത്തിയ പ്രതികള്‍ ഫ്‌ളാറ്റില്‍ ഗ്യാസ് സിലിണ്ടര്‍ തുറന്നിട്ട് സംഭവം അപകടമരണമാണെന്ന് വരുത്തിതീര്‍ക്കാനാണ് ശ്രമിച്ചതെന്നും വിശദമായ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞതെന്നും പോലീസ് പറഞ്ഞു.
മൃതദേഹം കണ്ടെത്തിയത് ആറാംതീയതി
ഒക്ടോബര്‍ ആറാം തീയതിയാണ് തിമര്‍പുര്‍ ഗാന്ധിവിഹാറിലെ ഫ്‌ളാറ്റിനുള്ളില്‍ രാംകേശ് മീണയുടെ മൃതദേഹം കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയത്. ഫ്‌ളാറ്റില്‍ തീപിടിത്തമുണ്ടായമെന്ന വിവരമറിഞ്ഞ് പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി തീയണച്ചതിന് പിന്നാലെയാണ് യുവാവിന്റെ മൃതദേഹം കണ്ടത്. മരിച്ചത് രാംകേശ് മീണ തന്നെയാണെന്നും പോലീസ് സ്ഥിരീകരിച്ചു.
നാലാംനിലയിലെ ഫ്‌ളാറ്റില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായി യുവാവ് മരിച്ചെന്നാണ് ആദ്യം എല്ലാവരും കരുതിയിരുന്നത്. എന്നാല്‍, യുപിഎസ്‌സി പരീക്ഷയ്ക്കായി തയ്യാറെടുത്തിരുന്ന രാംകേശ് മീണയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം പരാതിപ്പെട്ടു. ഇതോടെ പോലീസ് സംഘം വിശദമായ അന്വേഷണം ആരംഭിക്കുകയായിരുന്നു.
സിസിടിവിയില്‍ മുഖംമറച്ച്...
ഫ്‌ളാറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് മുഖംമറച്ച് രണ്ടുപേര്‍ ഇവിടെ എത്തിയതായി പോലീസ് കണ്ടെത്തിയത്. ഫ്‌ളാറ്റില്‍ തീപിടിത്തമുണ്ടാകുന്നതിന് തലേദിവസം രാത്രിയാണ് ഇവര്‍ വന്നിരുന്നത്. ഇതിലൊരാള്‍ ഏതാനുംസമയത്തിന് ശേഷം പുറത്തുപോയി. ഇതിനുപിന്നാലെ മുഖംമറച്ച രണ്ടാമത്തെയാളും ഒരു യുവതിയും ഒരുമിച്ച് പുറത്തുപോകുന്നതും ദൃശ്യങ്ങളില്‍ കണ്ടെത്തി. ഇവര്‍ കെട്ടിടത്തില്‍നിന്ന് പോയതിന് പിന്നാലെയാണ് തീപിടിത്തമുണ്ടായതെന്നും വ്യക്തമായി.
സിസിടിവി ദൃശ്യങ്ങളില്‍ കണ്ട യുവതി രാംകേശിനൊപ്പം താമസിച്ചിരുന്ന അമൃത ചൗഹാനാണെന്ന് പോലീസ് അന്വേഷണത്തില്‍ തിരിച്ചറിഞ്ഞിരുന്നു. തീപിടിത്തമുണ്ടായ സമയം അമൃത ഇവിടെ ഉണ്ടായിരുന്നതായി മൊബൈല്‍ഫോണ്‍ ടവര്‍ ലൊക്കേഷന്‍ പരിശോധനയിലും സ്ഥിരീകരിച്ചു. എന്നാല്‍, സംഭവത്തിന് പിന്നാലെ അമൃത മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫാക്കി കടന്നുകളഞ്ഞിരുന്നു. തുടര്‍ന്ന് വിവിധയിടങ്ങളിലെ തിരച്ചിലിന് ശേഷം ഒക്ടോബര്‍ 18-ന് പോലീസ് യുവതിയെ കസ്റ്റഡിയിലെടുത്തു. ചോദ്യംചെയ്യലില്‍ രാംകേശിനെ കൊലപ്പെടുത്തിയതാണെന്നും സഹായത്തിനായി രണ്ടുപേര്‍ ഉണ്ടായിരുന്നതായും യുവതി വെളിപ്പെടുത്തി. തുടര്‍ന്നാണ് അമൃതയുടെ മുന്‍കാമുകന്‍ സുമിത് കശ്യപിനെയും സന്ദീപ് കുമാറിനെയും പോലീസ് കസ്റ്റഡിയിലെടുത്തത്.
സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തിയതിന് പ്രതികാരം...
തന്റെ സ്വകാര്യദൃശ്യങ്ങള്‍ രാംകേശ് ഒരു ഹാര്‍ഡ് ഡിസ്‌കില്‍ സൂക്ഷിച്ചിരുന്നതായും ഇത് നീക്കംചെയ്യാന്‍ ആവശ്യപ്പെട്ടിട്ടും അതിന് തയ്യാറായില്ലെന്നും ഇതിന്റെ പ്രതികാരത്തിലാണ് കൊലപാതകം നടത്തിയതെന്നുമായിരുന്നു അമൃതയുടെ മൊഴി. ഇക്കഴിഞ്ഞ മേയ് മാസം മുതലാണ് രാംകേശും അമൃതയും ഒരുമിച്ച് താമസം ആരംഭിച്ചത്. ഒരുമിച്ച് കഴിയുന്നതിനിടെ രാംകേശ് യുവതിയുടെ നിരവധി സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. ഇത് പിന്നീട് ഹാര്‍ഡ് ഡിസ്‌ക്കിലാക്കി സൂക്ഷിക്കുകയുംചെയ്തു. ഇക്കാര്യമറിഞ്ഞ യുവതി ദൃശ്യങ്ങളെല്ലാം നീക്കംചെയ്യാന്‍ രാംകേശിനോട് ആവശ്യപ്പെട്ടു. എന്നാല്‍, പലതവണ ആവശ്യപ്പെട്ടിട്ടും ദൃശ്യം നീക്കംചെയ്യാന്‍ യുവാവ് കൂട്ടാക്കിയില്ല. ഇതോടെ അമൃത തന്റെ മുന്‍കാമുകനായ സുമിത്തിനെ വിവരമറിയിച്ചു. തുടര്‍ന്ന് സുമിത്തും അമൃതയും ചേര്‍ന്നാണ് കൊലപാതകം ആസൂത്രണംചെയ്തതെന്നും സംഭവം തീപിടിത്തമായി ചിത്രീകരിക്കാനാണ് ഇവര്‍ ശ്രമിച്ചതെന്നും പോലീസ് പറഞ്ഞു.
സുമിത് ഒരു എല്‍പിജി വിതരണകേന്ദ്രത്തിലാണ് ജോലിചെയ്യുന്നത്. അതിനാല്‍ ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ടാല്‍ അത് പൊട്ടിത്തെറിക്കാന്‍ എത്രസമയം വേണ്ടിവരുമെന്നും എങ്ങനെ അപകടമുണ്ടാകുമെന്നുമെല്ലാം ഇയാള്‍ക്ക് അറിയാമായിരുന്നു. മുഖ്യപ്രതിയായ അമൃത ഫൊറന്‍സിക് സയന്‍സ് ബിരുദ വിദ്യാര്‍ഥി കൂടിയാണ്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങളും ക്രൈം വെബ്‌സീരിസിലെ ചില കഥകളും പ്രതികള്‍ക്ക് കൃത്യം ആസൂത്രണംചെയ്യാന്‍ സഹായകമായി. ഇതിനുപിന്നാലെയാണ് ഇരുവരും സഹായത്തിനായി സുഹൃത്തായ സന്ദീപ് കുമാറിനെയും കൂടെക്കൂട്ടിയത്.
ക്രൂരത ഇങ്ങനെ...
ഒക്ടോബര്‍ അഞ്ചിനാണ് സുമിതും സന്ദീപും രാംകേശും അമൃതയും താമസിക്കുന്ന ഫ്‌ളാറ്റിലെത്തിയത്. ഫ്‌ളാറ്റില്‍വെച്ച് സുമിതും സന്ദീപും ചേര്‍ന്ന് രാംകേശിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പിച്ചതോടെ മൃതദേഹം കത്തിക്കാനായിരുന്നു തീരുമാനം. ഇതിനായി എണ്ണയും നെയ്യും വൈനും മൃതദേഹത്തിലൊഴിച്ചു. പിന്നാലെ അടുക്കളയിലെ ഗ്യാസ് സിലിണ്ടറും തുറന്നിട്ടു. മുറിയില്‍ ഗ്യാസ് നിറഞ്ഞതോടെ ലൈറ്റര്‍ ഉപയോഗിച്ച് തീകൊളുത്തിയശേഷം പ്രതികള്‍ വാതില്‍പൂട്ടി പുറത്തിറങ്ങി. തുടര്‍ന്ന് പ്രതികള്‍ ഫ്‌ളാറ്റില്‍നിന്ന് പോയതിന് പിന്നാലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വലിയ തീപിടിത്തമുണ്ടാവുകയായിരുന്നു.
ഫ്‌ളാറ്റില്‍നിന്ന് മടങ്ങുന്നതിന് മുന്‍പ് രാംകേശിന്റെ രണ്ട് ലാപ്‌ടോപ്പുകളും ഹാര്‍ഡ് ഡിസ്‌ക്കും പ്രതികള്‍ കൈക്കലാക്കിയിരുന്നതായി പോലീസ് പറഞ്ഞു. ഇവയെല്ലാം പ്രതികളില്‍നിന്ന് കണ്ടെടുത്തതായും ഇവരുടെ മൊബൈല്‍ഫോണുകളടക്കം പിടിച്ചെടുത്തതായും പോലീസ് പറഞ്ഞു.
Content Highlights: UPSC aspirant Ramkesh Meena found murdered and his body set ablaze in Delhi. Live-in partner, ex-boyfriend, and friend arrested for alleged revenge plot. Police investigate.
Published: 27 Oct 2025, 04:33 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented