ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിനിരയായി എഴുപത്തെട്ടുകാരന്റെ 23 കോടി രൂപ നഷ്ടപ്പെട്ടു. ദക്ഷിണ ഡല്‍ഹിയിലെ ഗുല്‍മോഹര്‍ പാര്‍ക്ക് സ്വദേശിയും 78-കാരനുമായ നരേഷ് മല്‍ഹോത്രയാണ് തട്ടിപ്പിനിരയായത്. മുന്‍ ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. ഒരു മാസത്തിനിടെയാണ് ഇത്രയും തുക നഷ്ടപ്പെട്ടത്. ഇദ്ദേഹത്തിന്റെ ബാങ്ക്, നിക്ഷേപ വിവരങ്ങളും തട്ടിപ്പുകാര്‍ കൈക്കലാക്കി. സംഭവത്തില്‍ സയണ്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
കഴിഞ്ഞ ഓഗസ്റ്റിലാണ് സംഭവം. ടെലികോം കമ്പനിയിലെ ഉദ്യോഗസ്ഥയാണെന്നു പറഞ്ഞ് ഒരു സ്ത്രീ വിളിക്കുകയായിരുന്നു. നരേഷിന്റെ മൊബൈല്‍ നമ്പര്‍ തട്ടിപ്പിനും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിച്ചതായി സ്ത്രീ ആരോപിച്ചു. പിന്നാലെ മുംബൈ പോലീസ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി), സിബിഐ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് പലരും വിളിച്ചു. നരേഷിനെതിരേ ഗുരുതര നടപടികള്‍ സ്വീകരിക്കുമെന്നും തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്നും ആരോപിച്ചും ഭീഷണിപ്പെടുത്തി.
വീട്ടില്‍നിന്ന് പുറത്തിറങ്ങരുതെന്നും കര്‍ശന നിര്‍ദേശം നല്‍കി. ഓരോ രണ്ട് മണിക്കൂറിലും വീഡിയോ കോളില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കുകയും വിഷയം രഹസ്യമായി സൂക്ഷിക്കുമെന്ന് നരേഷിനെക്കൊണ്ട് സത്യവാങ്മൂലം ഒപ്പിട്ടുവാങ്ങുകയും ചെയ്തു. തുടര്‍ന്ന് കൂടുതല്‍ വിശ്വാസം ആര്‍ജിക്കാനായി ഒരു വ്യാജ ജാമ്യ ഉത്തരവ് അയച്ചുനല്‍കി. പാസ്‌പോര്‍ട്ട് പിടിച്ചെടുക്കുമെന്നും അന്താരാഷ്ട്ര യാത്രകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുമെന്നും കുടുംബത്തെ ഉപദ്രവിക്കുമെന്നുവരെയും ഭീഷണിപ്പെടുത്തി.
ഇത്തരത്തില്‍ ഡിജിറ്റല്‍ തടങ്കലില്‍ നിര്‍ത്തി ഓഗസ്റ്റ് നാലുമുതല്‍ സെപ്റ്റംബര്‍ നാലുവരെയായി മൂന്ന് ബാങ്ക് അക്കൗണ്ടുകളില്‍നിന്നായി 23 കോടിരൂപ തട്ടിപ്പുകാര്‍ പിന്‍വലിച്ചു. 20 ഇടപാടുകളിലൂടെയാണ് ഈ ഭീമമായ തുക പിന്‍വലിച്ചത്. കൂടാതെ ബാങ്ക്, നിക്ഷേപ വിവരങ്ങളും കൈക്കലാക്കി. കോടികള്‍ നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് ഇദ്ദേഹം പോലീസിനെ സമീപിക്കുകയായിരുന്നു. കേസെടുത്ത് അന്വേഷണമാരംഭിച്ച പോലീസ്, നരേഷിന്റെ ബാങ്കില്‍നിന്ന് കൈമാറ്റംചെയ്ത രണ്ടരക്കോടിയോളം രൂപ മരവിപ്പിച്ചു. കേസില്‍ അന്വേഷണം തുടരുകയാണ്.
Content Highlights: Delhi Retiree Loses ₹23 Crore in Elaborate Digital Arrest Scam
Published: 23 Sept 2025, 12:19 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented