ന്യൂഡൽഹി: ദേശീയ അന്വേഷണ ഏജൻസി (എൻഐഎ), ഐഎസ്ആർഒ, ഡിആർഡിഒ, സിവിൽ ഏവിയേഷൻ മന്ത്രാലയം തുടങ്ങി രാജ്യത്തെ അതീവ സുരക്ഷാ പ്രാധാന്യമുള്ള സ്ഥാപനങ്ങൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി. ഭീഷണി സന്ദേശങ്ങൾ അയച്ച ഗാസിയാബാദ് സ്വദേശിയായ നിശാന്ത് ത്യാഗിയെ ഡൽഹി പോലീസ് പിടികൂടി. ഡൽഹിയിൽ നിന്ന് ന്യൂയോർക്കിലേക്ക് പുറപ്പെടാനിരുന്ന എയർ ഇന്ത്യ വിമാനത്തിൽ ബോംബ് വെച്ചിട്ടുള്ളതായും ഇയാൾ ഭീഷണി ഇമെയിൽ അയച്ചിരുന്നു. ഇതേത്തുടർന്ന് വിമാനത്താവളങ്ങളിൽ സുരക്ഷാ പരിശോധനകൾ നടത്തുകയും ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

To advertise here,

ജൂൺ 29-നാണ് ഭീഷണി ഇമെയിലുകൾ ലഭിച്ചെതന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. എൻപിസിഐഎൽ ആസ്ഥാനം ഉൾപ്പെടെയുള്ള തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു ഇമെയിലിലെ അവകാശവാദം. സംഭവത്തിന് പിന്നാലെ പോലീസ് ഡിജിറ്റൽ തെളിവുകൾ പിന്തുടരുകയും സന്ദേശങ്ങൾ അയക്കാൻ ഉപയോഗിച്ച രണ്ട് ഇമെയിൽ അക്കൗണ്ടുകൾ കണ്ടെത്തുകയും ചെയ്തു. ഈ അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ കണ്ടെത്താൻ സഹായിച്ചത്.

ജൂൺ 30ന് ഗാസിയാബാദിലെ സയോഗ് നഗറിൽ നിന്നാണ് നിശാന്ത് ത്യാഗിയെ പോലീസ് കണ്ടെത്തിയത്. ഓപ്പൺ സ്കൂളിങ് വഴി പഠനം നടത്തിയ ഇയാൾ 2010-ൽ ബിരുദത്തിന് ചേർന്നെങ്കിലും പഠനം പൂർത്തിയാക്കിയിരുന്നില്ല. 2008 മുതൽ ഇയാൾ കടുത്ത മാനസിക അസ്വാസ്ഥ്യത്തിന് വിവിധ ആശുപത്രികളിൽ ചികിത്സയിലാണെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

പരിശോധനയിൽ പ്രതിയുടെ പക്കൽ നിന്ന് സ്ഫോടക വസ്തുക്കളോ മറ്റ് സംശയാസ്പദമായ വസ്തുക്കളോ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ഇത്തരമൊരു പ്രവൃത്തിയിലേക്ക് ഇയാളെ നയിച്ച യഥാർത്ഥ സാഹചര്യങ്ങളെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ തുടർന്നുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.